November 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കൊവിഡ് 19; കുട്ടികളെ കൂടുതലായി ബാധിക്കുന്ന സിംഗപ്പൂര്‍ വൈറസിനെ ചൊല്ലി ഇന്ത്യയിൽ ജാഗ്രത

ദില്ലി : കൊവിഡ് 19 രണ്ടാം തരംഗത്തില്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ആദ്യതരംഗത്തില്‍ നിന്ന് വിഭിന്നമായി ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസുകളടെ വകഭേദങ്ങളാണ് രണ്ടാം തരംഗത്തെ ഭീകരമാക്കിയത്.

യുകെ- ബ്രസീല്‍ വകഭേദങ്ങള്‍ തുടങ്ങി, ഇന്ത്യയില്‍ കണ്ടെത്തപ്പെട്ട ഇന്ത്യന്‍ വകഭേദങ്ങള്‍ വരെ സ്ഥിതിഗതികള്‍ മോശമാക്കി. രോഗവ്യാപനം അതിവേഗത്തിലാക്കുക എന്നതായിരുന്നു മിക്കവാറും വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ചെയ്തത്. ഇതുതന്നെയാണ് ആരോഗ്യമേഖലയ്ക്ക് കനത്ത തിരിച്ചടിയായതും. ഒന്നിച്ച് രോഗികള്‍ വരുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും ചികിത്സ നല്‍കാനാകാത്ത അവസ്ഥയായി.

ദില്ലിയടക്കം പലയിടങ്ങളിലും ഓക്‌സിജന്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്നും ചികിത്സിക്കാന്‍ സൗകര്യമില്ലാഞ്ഞതിനെ തുടര്‍ന്നുമെല്ലാം കൊവിഡ് രോഗികള്‍ മരിച്ചുവീണു. ഇതിനിടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം വന്നേക്കുമെന്ന വിഗ്ധ നിര്‍ദേശവും വന്നു.

ഇപ്പോഴിതാ സിംഗപ്പൂരില്‍ കണ്ടെത്തപ്പെട്ട കൊവിഡ് വൈറസിന്റെ വകഭേദത്തിന്റെ പേരില്‍ ജാഗ്രതയിലാവുകയാണ് രാജ്യം. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് സിംഗപ്പൂര്‍ വൈറസിനെ കുറിച്ച് കാര്യമായ രീതിയില്‍ പ്രതിപാദിച്ചത്.

സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കും, തിരിച്ച് സിംഗപ്പൂരിലേക്കുമുള്ള വിമാനങ്ങള്‍ റദ്ദാക്കണമെന്നും ഒരുപക്ഷേ രാജ്യത്തെ കൊവിഡ് മൂന്നാം തരംഗം സിംഗപ്പൂര്‍ വൈറസ് മുഖേന ആയിരിക്കാമെന്നുമാണ് കെജ്രിവാള്‍ പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ തന്നെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്രധാനമായും കുട്ടികളെയാണ് സിംഗപ്പൂര്‍ വൈറസ് ബാധിക്കുന്നത്. ഇത് സിംഗപ്പൂര്‍ മന്ത്രാലയം തന്നെ വ്യക്തമാക്കിയതാണ്. പൊതുവേ കൊവിഡ് കേസുകളും കൊവിഡ് മരണങ്ങളും വളരെ കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സിംഗപ്പൂരില്‍ ഞായറാഴ്ചയോടെയാണ് ഒരു ട്യൂഷന്‍ സെന്റര്‍ കേന്ദ്രീകരിച്ച് കുട്ടികളില്‍ വ്യാപകമായി കൊവിഡ് ബാധ കണ്ടെത്തിയത്.

തുടര്‍ന്ന് ആരോഗ്യമന്ത്രി തന്നെ ഇത് കുട്ടികള്‍ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന വൈറസാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സിംഗപ്പൂരില്‍ പുതിയ വൈറസ് കണ്ടെത്തപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് മെയ് 28 വരെ സ്‌കൂളുകള്‍ അടച്ചിടാനാണ് തീരുമാനം. കുട്ടികള്‍ക്ക് മുതിര്‍ന്നവരെ അപേക്ഷിച്ച് പ്രതിരോധശേഷി കുറവായിരിക്കും എന്നതിനാല്‍ തന്നെ എത്രത്തോളം ഫലപ്രദമായി രോഗത്തെ ചെറുക്കാനാകുമെന്ന് പറയാന്‍ സാധിക്കില്ല. എന്തായാലും ജാഗ്രതയോടെ മുന്നോട്ടുപോവുകയെന്നതാണ് നിലവില്‍ മുന്നിലുള്ള ഏക മാര്‍ഗം. ഇതുവരെ സിംഗപ്പൂര്‍ വൈറസിന്റെ മറ്റ് സവിശേഷതകളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടുമില്ല. ഏത് രാജ്യത്തെ വൈറസ് വകഭേദങ്ങളും ഇന്ത്യയിലെത്താനുള്ള സാധ്യതകളേറെയാണ്. അത്രമാത്രം നമ്മുടെ പൗരന്മാര്‍ വിദേശരാജ്യങ്ങളിലുണ്ട്. അതിനാല്‍ തന്നെ യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടതിന്റെ ആവശ്യകതയും കൂടുതലാണ്.

error: Content is protected !!