January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

എന്ത് ചെയ്തിട്ടും കൊളസ്ട്രോൾ കുറയുന്നില്ലേ? ഈ എട്ട് കാരണങ്ങളാകാം പിന്നിൽ

ഡോ : യൂസഫ് സലിം

ഹൃദയാഘാതം ഉൾപ്പെടെ പല തരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ തോത്. ടോട്ടൽ കൊളസ്ട്രോൾ 200 mg /dl ന് മുകളിൽ പോകുമ്പോഴാണ് പൊതുവേ ഒരാൾക്ക് കൊളസ്ട്രോൾ ഉണ്ടെന്ന് കണക്കാക്കുന്നത്. എന്നാൽ എൽഡിഎൽ അഥവാ ലോ ഡെൻസിറ്റി ലിപോപ്രോട്ടീൻ, ട്രൈഗ്രിസറൈഡ്, എച്ച്ഡിഎൽ അഥവാ ഹൈ ഡെൻസിറ്റി ലിപോ പ്രോട്ടീൻ തുടങ്ങിയ ഘടകങ്ങളും പരിഗണിക്കേണ്ടതാണ്. കൊളസ്ട്രോൾ നിയന്ത്രണം അത്ര എളുപ്പമുള്ള കാര്യമല്ല. ഇനി പറയുന്ന ചില കാരണങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാനുള്ള ശ്രമത്തിൽ വിലങ്ങ് തടിയാകാറുണ്ട്._

  1. ഭക്ഷണക്രമത്തിൽ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പ്

ആരോഗ്യകരമായ കൊഴുപ്പ് കൊളസ്ട്രോൾ നിയന്ത്രണത്തിൽ അതിപ്രധാനമാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ കൊഴുപ്പ് പൂർണമായും ഇല്ലാതാക്കണമെന്നാണ് പലരുടെയും ധാരണ. എന്നാൽ സാച്ചുറേറ്റഡ് കൊഴുപ്പും ട്രാൻസ് ഫാറ്റുമാണ് ഇക്കാര്യത്തിൽ വില്ലന്മാരാകാറുള്ളത്. നാം കഴിക്കുന്ന ചില ഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം ഫാറ്റുകൾ കൊളസ്ട്രോൾ തോത് വർധിപ്പിക്കുന്നു.

  1. ഭക്ഷണക്രമം സഹായകമല്ല

ഒരു പക്ഷേ നിങ്ങളുടെ ഭക്ഷണക്രമം ആരോഗ്യകരമാണെങ്കിലും അത് കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നതിൽ പര്യാപ്തമായിരിക്കില്ല. ഉദാഹരണത്തിന് കീറ്റോ പോലെ ട്രെൻ‍ഡിയായ ഡയറ്റുകൾ ഉയർന്ന കൊളസ്ട്രോൾ തോത് ഉള്ളവർക്ക് അനുയോജ്യമാകണമെന്നില്ല. ഭക്ഷണക്രമം തീരുമാനിക്കാൻ ഡയറ്റീഷന്റെ സഹായം തേടാവുന്നതാണ്.

  1. കൊളസ്ട്രോൾ കുറയ്ക്കാനുള്ള പദ്ധതി സമഗ്രമല്ല

പച്ചക്കറികൾ നിറയെ ഉൾപ്പെടുത്തിയും കൊഴുപ്പ് കുറച്ചുമൊക്കെ കൊളസ്ട്രോളിനെ പിടിച്ച് കെട്ടാമെന്ന് നാം വിചാരിക്കും. പക്ഷേ ഇതിന് സമഗ്രമായ പദ്ധതി ആവശ്യമാണ്. ഭക്ഷണക്രമത്തിൽ ശ്രദ്ധ പുലർത്തുന്നതിനൊപ്പെ ശരീരത്തെ സജീവമാക്കി വയ്ക്കാനും ശ്രദ്ധിക്കണം. മരുന്നുകളുടെ ഉപയോഗത്തിലും ജാഗ്രത പുലർത്തണം.

  1. വ്യായാമം പര്യാപ്തമല്ല

ദിവസം 30 മിനിറ്റ് നടക്കുന്നുണ്ടല്ലോ, പിന്നെന്താ കൊളസ്ട്രോൾ കുറയാത്തത് എന്ന് ചിലർ പരാതിപ്പെടാറുണ്ട്. എന്നാൽ പലർക്കും പല രീതിയിലുള്ള ആവശ്യകതയാകും വ്യായാമത്തെ സംബന്ധിച്ചുള്ളത്. ആവശ്യത്തിന് വ്യായാമം ശരീരത്തിന് ലഭിക്കേണ്ടത് കൊളസ്ട്രോൾ നിയന്ത്രണ പദ്ധതിയില്‍ ഒഴിച്ചു നിർത്താനാകാത്തതാണ്.

  1. മരുന്നുകൾ സ്വാധീനിക്കാം

സ്റ്റിറോയ്ഡ്, റെറ്റിനോയ്ഡ് മരുന്നുകൾ കൊളസ്ട്രോൾ തോത് ഉയർത്തുന്നവയാണ്. ഈ മരുന്നുകൾ കഴിക്കുന്നവർ കൊളസ്ട്രോൾ കുറയ്ക്കാനുള്ള സ്റ്റാറ്റിൻ കഴിച്ചാൽ ഗുണം ലഭിച്ചെന്ന് വരില്ല. ഇക്കാര്യം ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി ബദൽ പരിഹാരമാർഗങ്ങൾ തേടേണ്ടതാണ്.

  1. അമിതമദ്യപാനം

മദ്യപാനം കൊളസ്ട്രോൾ തോതിനെ നേരിട്ട് ബാധിക്കുന്നു. മദ്യപിക്കുന്നവരിലും കൊളസ്ട്രോൾ നിയന്ത്രണ മരുന്നുകൾ ഫലം ചെയ്യില്ല.

  1. ശരിയായ ഡോസ് മരുന്നല്ല

സ്റ്റാറ്റിൻ മരുന്നുകൾ ആവശ്യത്തിന് ഡോസ് കഴിക്കാത്തതും കൊളസ്ട്രോൾ കുറയാതിരിക്കാനുള്ള ഒരു കാരണമാകാം. കൊളസ്ട്രോൾ ഇടയ്ക്കിടെ പരിശോധിക്കുകയും ഡോക്ടറെ കണ്ട് നിർദേശങ്ങൾ തേടേണ്ടതുമാണ്. നിശ്ചിത കാലത്തിന് ശേഷം കൊളസ്ട്രോൾ തോതിന് അനുസരിച്ച് ഡോക്ടർ മരുന്നിന്റെ അളവിൽ മാറ്റങ്ങൾ വരുത്തുന്നതാണ്.

  1. സമ്മർദവും കൊളസ്ട്രോൾ കൂട്ടാം

മാനസിക സമ്മർദവും സമ്മർദ സാഹചര്യങ്ങളിലെ ജീവിതവും കൊളസ്ട്രോൾ തോത് വർധിപ്പിക്കും.
കൊളസ്ട്രോൾ കുറയ്ക്കുക എന്നത് ഒന്നോ രണ്ടോ ദിവസം കൊണ്ട് നേടാൻ പറ്റുന്ന ഒരു ലക്ഷ്യമല്ല. അതിന് ഡോക്ടറുടെയോ ഡയറ്റീഷന്റെയോ കൃത്യമായ മാർഗനിർദേശം അനുസരിച്ചുള്ള ജീവിതശൈലിയും ഭക്ഷണക്രമവുമൊക്കെ അനിവാര്യമാണ്. ആവശ്യമെങ്കിൽ മരുന്നുകളും ഇതിനായി കഴിക്കേണ്ടി വരും. ഇടയ്ക്കുള്ള പരിശോധനയും ഒഴിവാക്കാനാകില്ല.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!