കുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാലത്തുണ്ടാകാനിടയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനായി ആരോഗ്യ മന്ത്രാലയം പ്രത്യേക കാമ്പയിൻ
ആരംഭിച്ചു. യർമുഖ് മേഖലയിലെ അബ്ദുല്ല യുസുഫ് അൽ അബ്ദ് അൽ ഹാദി ഹെൽത്ത് സെൻററിൽ ഉദ്ഘാടന ചടങ്ങ് നടത്തി. ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി
ഡോ. ബുനൈന അൽ മുദഫ് ഉദ്ഘാടനം നിർവഹിച്ചു.
തുടർച്ചയായ അഞ്ചാം വർഷമാണ് ക്യാമ്പയിൻ നടത്തുന്നതെന്നും ഇത്തവണ കോവിഡ് പശ്ചാത്തലത്തിലാണെന്ന
പ്രത്യേകതയുണ്ടെന്നും അവർ പറഞ്ഞു. തണുപ്പുകാല വാക്സിനേഷൻ ആരംഭിച്ചതിന് ശേഷം പനി കേസുകളിൽ കുറവുണ്ടെന്നും 2015ൽ കാമ്പയിൻ തുടങ്ങുന്ന കാലത്ത് 1.3
ശതമാനം ഉണ്ടായിരുന്ന മരണനിരക്ക് കഴിഞ്ഞ വർഷം 0.4 ശതമാനം ആയി കുറഞ്ഞതായും അവർ പറഞ്ഞു.
1,50,000 ഡോസ് ഇൻഫ്ലുവൻസ വാക്സിനും 75,000 ന്യൂമോണിയ വാക്സിനും നൽകാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും എല്ലാവരും വാക്സിൻ എടുക്കണമെന്നും
അധികൃതർ ആവശ്യപ്പെട്ടു. വാക്സിനേഷൻ വഴി പ്രതിവർഷം ലോകത്ത് 20 ലക്ഷം മുതൽ 30 ലക്ഷം വരെ മരണം ഒഴിവാക്കാൻ കഴിയുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകളുണ്ടെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ്
ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 35ലേറെ കേന്ദ്രങ്ങൾ വഴി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും. കാമ്പയിൻ ഡിസംബർ അവസാനം വരെ തുടരും.ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും മഴക്കാലത്ത് കണ്ടുവരുന്ന ശ്വാസസംബന്ധമായ രോഗങ്ങൾ, ബാക്ടീരിയൽ ന്യൂമോണിയ, ചിക്കൻ പോക്സ്, ഡിഫ്തീരിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗാവസ്ഥകളെ ചെറുക്കാനും വാക്സിനേഷൻ വഴി
സാധിക്കുമെന്നും പൊതുജനം ഇതിന്റെ പ്രാധാന്യം ഉൾക്കൊള്ളണമെന്നും
ആരോഗ്യമന്ത്രാലയം അറിയിച്ചു.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു