തായിഫ്, സൗദി അറേബ്യ :
“കൂടുതൽ നഴ്സുമാരും പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ്സ് ഇട്ടതിനു ശേഷം ഒന്നും കഴിക്കാറോ കുടിക്കാറോ ഇല്ല, പ്രാഥമിക ആവശ്യങ്ങൾക്കു ബാത്‌റൂമിൽ പോകണമെങ്കിൽ തന്നെ ബുദ്ധിമുട്ടാണ്.” സൗദിയിലെ കൊറോണ വാർഡിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനി ശ്രീഷ്മ വിശ്വനാഥനാണ് ഫേസ്ബുക്കിൽ വൈറലായ ഹൃദയസ്പർശിയായ കുറിപ്പ് എഴുതിയത്.
“ഗൗൺ ഇട്ട് അൽപം കഴിഞ്ഞു നന്നായി വിയർക്കാൻ തുടങ്ങുകയായി, പിന്നെ ഡ്രെസ്സിനുള്ളിൽ കൂടി വിയർപ്പ് ഒഴുകി തുടങ്ങുകയായി,മൂക്കും മുഖവും ഒക്കെ വിയർത്തൊഴുകും ഗോഗിലും മാസ്ക് ഒക്കെ വെച്ചേക്കുന്ന കാരണം.ഇതെല്ലാം ഇട്ടു നിന്നു മണിക്കൂറുകൾ കഴിയുമ്പോൾ ഒരിറ്റു വെള്ളം കുടിക്കാൻ കൊതിയാകുന്ന പോലെ തോന്നും, തൊണ്ട ആകെ വരണ്ടിട്ടുണ്ടാകും. വെള്ളം കുടിക്കണേൽ മുഖത്ത് വെച്ചിരിക്കുന്ന സുരക്ഷ ഉപകരണങ്ങൾ മാറ്റണം.”
കൊറോണ വൈറസ് വിതയ്ക്കുന്ന ഭീതിയും അവ ജനങ്ങളിൽ ഉണ്ടാക്കിയ ആശങ്കയും വ്യക്തമായി വിവരിച്ചുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.
തുടർന്ന് നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും കൊറോണയെ നേരിടുന്നതിന് ചെയ്യുന്ന ഒരുക്കങ്ങളും അവ കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ശ്രദ്ധേയമായി വിവരിക്കുന്നു .
ശ്രീഷ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ വായിക്കാം
“ഇന്ന് ലോകം ഒന്നടങ്കം ആശങ്കയിലും ഭീതിയിലുമാണ് ചൈനയിൽ പടർന്നു പിടിച്ച നോവൽ കൊറോണ വൈറസ് , കോവിഡ് -19 വൈറസ് ലോകത്തിൽ മൊത്തത്തിൽ വ്യാപിച്ചു കഴിഞ്ഞു . ഒരുപാട് പേർക്ക് ജീവഹാനി സംഭവിച്ചു കഴിഞ്ഞു. ലക്ഷകണക്കിന് ആളുകൾ ഇന്ന് ലോകത്തിൽ ചികിത്സയിലാണ്, ഭീകരമായ പ്രതിസന്ധികളാണ് കോവിഡ്19 സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
ശരീര സ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും നമ്മുടെ വായിൽ നിന്ന് പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോൾ ചുമക്കുമ്പോൾ ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്കു വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ള ആളെ തൊടുമ്പോഴോ, ഹസ്ത ദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്കു പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മൊറ്റൊരാൾ സ്പർശിച്ചു പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരാം. ഈ വൈറസിനെ ചെറുക്കാൻ പൊതുപരിപാടികൾ നമുക്കു ഒഴിവാക്കാം, വീട്ടിലിരിക്കാം, കൈകൾ എപ്പോഴും വൃത്തിയായി കഴുകണം സോപ്പ് ഉപയോഗിച്ചു, മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കാം, സാമൂഹിക അകലം പാലിക്കുക.
മനുഷ്യാവസ്ഥയുടെ പല പല സങ്കീർണതകളെയും ഇതിനോടകം നമ്മളൊക്കെ കണ്ട് കഴിഞ്ഞിട്ടുണ്ട് മാധ്യമങ്ങളിലൂടെയും സോഷ്യൽ നെറ്റ്‌വർക്ക് വഴിയും. ചില രാജ്യങ്ങളിൽ കുഞ്ഞു കുട്ടികൾ വരെ ജീവിക്കാൻ ശ്വാസം പോലും കിട്ടാതെ പിടയുന്ന ദൃശ്യങ്ങൾ. ഈ സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും വിദഗ്‌ധ ചികിത്സയിലൂടെ വൃദ്ധ ദമ്പതികൾ കോവിഡ് -19 രോഗബാധയിൽ നിന്ന് മോചിതരായ വാർത്ത കണ്ടിരുന്നു, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും കേരളത്തിലെ നമ്മുടെ ആരോഗ്യ മേഖലക്കും ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ. ഞാൻ കോവിഡ് രോഗികളെ പരിചരിക്കുന്ന വിഭാഗത്തിൽ ജോലി ചെയ്യുന്ന നഴ്സ് ആണ്,
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ജോലി ചെയ്യുന്നത്. ആദ്യമൊക്കെ തെല്ലു ആശങ്കയും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ജോലി ഞങ്ങളുടെ അന്നമാണ് , രോഗികളെ ചികിൽസിക്കാനുള്ള ആരോഗ്യവും ശക്തിയും മനോധൈര്യവും ആത്മവിശ്വാസവും തരണമേയെന്നു ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട്, അച്ഛനേം അമ്മയെയും മനസ്സിൽ ഓർത്തു കൊണ്ട് ഐസൊലേഷൻ ഡ്യൂട്ടി എന്നും തുടങ്ങും. 14 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞാൽ പിന്നെ ക്വാറന്റൈനിൽ കഴിയണം. സുരക്ഷ ഉപകരണങ്ങൾ ഒക്കെ ധരിച്ചാണ് ജോലി. തലയിലെ കവർ, ഫേസ് ഷിൽഡ്, ഗോഗിൽസ് ഇതിലൂടെ കാണാൻ നല്ല ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്, N95 മാസ്ക്,ചിലപ്പോൾ ചിലർക്കൊക്കെ PAPR(Powered Air Purifying Respirator) ഉപയോഗിക്കണ്ട സാഹചര്യം വരാറുണ്ട്. ഇതു വെച്ചു കഴിഞ്ഞാൽ ശ്വാസം എടുക്കാൻ അത്ര എളുപ്പമല്ല, ഗൗൺ (വെള്ള നിറത്തിൽ ഒരൊറ്റ നീണ്ട ഉടുപ്പാണ് ഇത്), ഒന്നോ അതിൽ കൂടുതലോ ലെയർ ഗ്ലോവ്സ്, ഷൂ കവർ. ഇതെല്ലാം ഇട്ടു കഴിയുമ്പോൾ നല്ല ചൂടാണ്. അൽപം കഴിഞ്ഞു നന്നായി വിയർക്കാൻ തുടങ്ങുകയായി, പിന്നെ ഡ്രെസ്സിനുള്ളിൽ കൂടി വിയർപ്പ് ഒഴുകി തുടങ്ങുകയായി,മൂക്കും മുഖവും ഒക്കെ വിയർത്തൊഴുകും ഗോഗിലും മാസ്ക് ഒക്കെ വെച്ചേക്കുന്ന കാരണം.ഇതെല്ലാം ഇട്ടു നിന്നു മണിക്കൂറുകൾ കഴിയുമ്പോൾ ഒരിറ്റു വെള്ളം കുടിക്കാൻ കൊതിയാകുന്ന പോലെ തോന്നും, തൊണ്ട ആകെ വരണ്ടിട്ടുണ്ടാകും. വെള്ളം കുടിക്കണേൽ മുഖത്ത് വെച്ചിരിക്കുന്ന സുരക്ഷ ഉപകരണങ്ങൾ മാറ്റണം.തുടർച്ചയായി മണിക്കൂറുകളോളം ഉള്ള ഡ്യൂട്ടിയിൽ , കൂടുതൽ നഴ്സുമാരും പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ്സ് ഇട്ടതിനു ശേഷം ഒന്നും കഴിക്കാറോ കുടിക്കാറോ ഇല്ല, പ്രാഥമിക ആവശ്യങ്ങൾക്കു ബാത്‌റൂമിൽ പോകണമെങ്കിൽ തന്നെ ബുദ്ധിമുട്ടാണ്. ഡ്യൂട്ടി ടൈമിൽ കൃത്യമായി ആഹാരം കഴിക്കാൻ പറ്റാത്ത കൊണ്ട് ചിലർക്ക് ബ്ലഡ് ഷുഗർ ഒക്കെ കുറഞ്ഞു പോകാറുണ്ട് മറ്റുചിലർക്ക് തലകറക്കം അനുഭവപ്പെടാറുണ്ട്.അതിൽ ചിലപ്പോൾ ഏഴോ എട്ടോ മാസം ഗർഭിണിയായ ചേച്ചിമാരു വരെ ഉണ്ടാകും. ഡ്യൂട്ടി കഴിഞ്ഞു മുഖത്ത് N95 മാസ്ക്ന്റെ പാട് വീണിരിക്കും. രോഗിയും ആയി മറ്റാരേക്കാളും കൂടുതൽ ഇടപഴകുന്നത് നഴ്‌സുമാരാണ്. ഞങ്ങൾ ഈ പിപിഇ ഒക്കെ ഇട്ടു രോഗികളുടെ അടുത്തു ചെല്ലുമ്പോൾ തന്നെ അവരുടെ ബിപി കൂടിട്ടുണ്ടാകും. ചിലപ്പോൾ വരുന്ന നമ്മുടെ നാട്ടിലെ ചിലർക്കൊക്കെ ഭയങ്കര സംശയം ആണ്, നമ്മളോട് ചോദിക്കും സിസ്റ്ററെ ഞാൻ മരിച്ചു പോകുമോ? എനിക്കിനി നാട്ടിൽ പോകാൻ പറ്റുമോ? വീട്ടിൽ അച്ഛൻ, അമ്മ, ഭാര്യ, കുട്ടികൾ പറഞ്ഞു കഴിയുന്നതിനു മുൻപ് അവരുടെ കണ്ണുകൾ നിറയും. റിസൾട്ട് എന്നാ സിസ്റ്ററെ വരുന്നേ? നാട്ടിൽ പോയിട്ട് രണ്ട് വർഷം ആകാൻ പോകുന്നു എന്നൊക്കെ. അവരുടെ മനസിന്റെ പിരിമുറുക്കം, വീട്ടിലെ കാര്യങ്ങൾ ഓർക്കുമ്പോൾ സങ്കടം, എന്തേലും പറ്റി പോകുമോന്നുള്ള ഭയം, രോഗത്തെ പറ്റിയുള്ള ആശങ്ക. ഞങ്ങൾ അവരോടു പറയും നിപ്പയും പ്രളയവും അതിജീവിച്ച ആളുകൾ അല്ലെ നമ്മൾ. ധൈര്യമായിരുന്നോളു റിസൾട്ട് നെഗറ്റീവ് ആയിരിക്കുമെന്ന്, വീട്ടിൽ ഒന്നും പറയാൻ നിക്കണ്ട അവർക്കു ടെൻഷൻ ആകുമെന്നും കൂട്ടിച്ചേർക്കാറുണ്ട്. നമ്മൾ റിസൾട്ട് നെഗറ്റീവ് ആരിക്കുന്നു പറയുമ്പോൾ അവരുടെ കണ്ണിലെ ഒരു സന്തോഷമുണ്ട് മുഖത്തൊരു ആശ്വാസം കാണാം നമുക്ക്.
അവസരങ്ങൾ അനുസരിച്ച് നഴ്സുമാരെ എല്ലാരും ഒരുപാട് പുകഴ്ത്തി പറയുന്നത് കേൾക്കാം, നേഴ്സ് ചിറകില്ലാത്ത മാലാഖയാണ് എന്നു വരെ. നന്മ നിറഞ്ഞ ഞങ്ങളുടെ ജോലിയാണ് ഇത്. നഴ്സുമാർ എല്ലാവരും അവരുടെ മുൻപിൽ എത്തുന്ന രോഗിക്ക് എന്ത് രോഗമാണെങ്കിലും അതൊക്കെ അഭിമുഖീകരിക്കും.
സ്വന്തം ആരോഗ്യം പോലും നോക്കാതെ രാവും പകലും കർമനിരതരായിരിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ഫർമസി സ്റ്റാഫ്, സൂചികരണ സേവകർ, ആംബുലൻസ് ഡ്രൈവർമാർ, ആരോഗ്യ രംഗത്തെ മറ്റ് സന്നദ്ധ സേവകർ, പാരാമെഡിക്കൽ സ്റ്റാഫ്, പൊതുപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, പോലീസ് പ്രവർത്തകർ, നാട്ടിൽ അത്യാവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ആളുകൾ, മാധ്യമ പ്രവർത്തകർ, ഗവണ്മെന്റ് പറയുന്നത് അനുസരിക്കുന്ന നമ്മുടെ നാട്ടിലെ ജനങ്ങൾ എല്ലാർക്കും അഭിവാദ്യങ്ങൾ. നാട്ടിൽ ഉള്ളവർക്ക് വീട്ടുകാരൊക്കെ അരികിലുണ്ടല്ലോ, പ്രവാസികളെ സംബന്ധിച്ചു വർഷങ്ങളായി നാട്ടിൽ പോകാത്ത ആളുകൾ ഉണ്ടാകും. നാളെ എന്താകുന്നു വ്യക്തമായ ധാരണ ഇല്ല. വീട്ടുകാരെ പറ്റി ഓർക്കുമ്പോൾ സങ്കടം തോന്നും ഇടക്കൊക്കെ. അർപ്പണ ബോധവും മനോധൈര്യവും അൽപം പോലും കൈ വിടാതെ അവസാനം വരെ നമ്മൾ പോരാടും, നല്ലൊരു നാളേക്ക് വേണ്ടി.
ആത്മാർത്ഥമായ ആതുരശുശ്രുഷ കർമത്തിനിടയിൽ മരണമേറ്റുവാങ്ങിയ ലോകത്തിലെ എല്ലാ ആരോഗ്യ മേഖലയിലെ പ്രവർത്തകർക്കും ബിഗ് സല്യൂട്ട്.
കോറോണയെ ചെറുത്തു നിൽക്കാൻ നമ്മുടെ ഗവണ്മെന്റ് പറയുന്നത് അനുസരിച്ച് ഗവണ്മെന്റിനൊപ്പം നിൽക്കാം.
ഈ പ്രതിസന്ധി ഘട്ടവും നമ്മൾ അതിജീവിക്കും. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. വീട്ടിലിരുന്നു എല്ലാവരും സഹകരിക്കുക. ജാഗ്രതയോടെ നമുക്ക് ഒറ്റക്കെട്ടായി കോവിഡിനെ ചെറുക്കാം.
Break the chain#Covid-19#Stay at home#Stay safe#Act responsibly#Gratitude to all health care workers all over the world#frontliners#Together we can overcome covid19#
Proud-to-be-a-Nurse.”
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു