January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

രക്തദാനത്തിന്‍റെ ആവശ്യകത

രഘുബാൽ തെങ്ങും തുണ്ടിൽ
(ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്റർ)

മനുഷ്യരക്തത്തിനു തുല്യമായി അല്ലെങ്കില്‍ പകരമായി മറ്റൊന്നില്ല. അത് സഹജീവികളായ മനുഷ്യരില്‍ നിന്ന് തന്നെ ലഭിക്കേണ്ടിയുമിരിക്കുന്നു. ആരോഗ്യമേഖലയിൽ നാം ഇന്ന് ഏറെ പുരോഗമിച്ചെങ്കിലും മനുഷ്യരക്തത്തിനു സമമായ കൃത്രിമരക്തം മാത്രം വികസിപ്പിച്ചെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ മേഖലയിൽ ഗവേഷണങ്ങൾ ഇപ്പോഴും നടക്കുന്നതേയുള്ളൂ.

അപകടങ്ങള്‍, ശസ്ത്രക്രിയകള്‍, പൊള്ളല്‍, പ്രസവസംബന്ധമായ രക്തസ്രാവം, അര്‍ബുദങ്ങള്‍ തുടങ്ങി നിരവധി സന്ദര്‍ഭങ്ങളില്‍ ചികിത്സയുടെ ഭാഗമായി രക്തം ആവശ്യമായി വരുന്നു. അടിക്കടി രക്തം ആവശ്യമായി വരുന്ന ഹീമോഫീലിയ, താലസീമിയ തുടങ്ങിയ രക്തസംബന്ധിയായ രോഗങ്ങള്‍ക്കും അവയവങ്ങള്‍ മാറ്റിവെയ്ക്കുന്ന അവസരങ്ങളിലും രക്തം ആവശ്യമാണ്‌. രക്തത്തിന്‍റെ ലഭ്യത അതിന്‍റെ ആവശ്യകതയേക്കാള്‍ എത്രയോ കുറവാണ്. നമ്മുടെ ജനസംഖ്യയുടെ ഒരു ശതമാനമെങ്കിലും രക്തദാനത്തിന് മുതിരുകയാണെങ്കില്‍ ഈ ആവശ്യം നിറവേറ്റപ്പെടാവുന്നതേയുള്ളൂ. അര്‍പ്പണബോധമുള്ള ചുരുക്കം ചില ദാതാക്കളാലാണ് രക്തദാനം എന്ന മഹത് സംരംഭം നിലനിന്നുപോകുന്നത്. ഒരു നിശ്ചിത സമയത്തെക്കുമാത്രമേ രക്തം സൂക്ഷിക്കാനാകു എന്നത് കൊണ്ടാണ് അടിക്കടി രക്തദാനം ആവശ്യമായി വരുന്നത്.

ആരോഗ്യവാനായ ഒരാള്‍ക്ക് കൃത്യമായി മൂന്നുമാസത്തില്‍ ഒരിക്കല്‍ രക്തദാനം നടത്താം. ഒരു വര്‍ഷത്തെയോ ആറുമാസത്തെയോ ഇടവേളയിട്ടും രക്തം നല്‍കാവുന്നതാണ്. അതുമല്ലെങ്കില്‍ ചില പ്രത്യേകരീതികളില്‍, ഉദാഹരണത്തിന് പ്ലാസ്മാ അല്ലെങ്കില്‍ പ്ലേറ്റ്ലേറ്റ് മാത്രമായിട്ടും ദാനം ചെയ്യാം.

രക്തദാനം രണ്ടു വിധം

  1. സന്നദ്ധ രക്തദാനം (VOLUNTARY BLOOD DONATION)
  2. റീപ്‌ളേസ്‌മെന്റ് രക്തദാനം
    1.സന്നദ്ധ രക്തദാനം
    ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങാതെ ബ്‌ളഡ് ബാങ്കില്‍ പോയി രക്തം നല്കുന്ന സംവിധാനമാണ് സന്നദ്ധരക്തദാനം. സന്നദ്ധരക്തദാനമാണ് ഏറ്റവും സുരക്ഷിതമായ രക്തദാനം. നിര്‍ഭാഗ്യവശാല്‍, സന്നദ്ധരക്തദാനം ചെയ്യുന്നവര്‍ കേരളത്തില്‍ കുറവാണ്. സന്നദ്ധ രക്തദാനം ചെയ്യുന്നവര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം പശ്ചിമബംഗാളാണ്. ആകെയുള്ള രക്തദാനത്തിന്‍റെ 27% മാത്രമേ സന്നദ്ധ രക്തദാനത്തിലൂടെ നടക്കുന്നുള്ളൂ. അതു 60% എങ്കിലും ആക്കണം. അതിനുള്ള ബോധവല്‍ക്കരണപരിപാടികള്‍ക്ക് ബ്ലഡ്‌ ഡോണേഴ്സ് കേരള നേതൃത്വം നല്‍കുന്നുണ്ട്.
  3. റീപ്‌ളേസ്‌മെന്റ് ബ്ലഡ് ഡൊണേഷന്‍
    അത്യാവശ്യ ഘട്ടത്തില്‍ രക്തം ആവശ്യം വരുമ്പോള്‍ കൊടുക്കുന്ന സംവിധാനമാണ് റിപ്‌ളേസ്‌മെന്റ് ബ്‌ളഡ് ഡൊണേഷന്‍. നമ്മള്‍ കൊടുക്കുന്ന രക്തം ഏതു ഗ്രൂപ്പില്‍പ്പെട്ടതാണെങ്കിലും നമ്മള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പിലുള്ള രക്തം ബ്‌ളഡ്ബാങ്കില്‍നിന്നു ലഭിക്കുന്ന സംവിധാനമാണിത്.
    മൂന്നാമതൊരു രക്തദാനരീതി കൂടിയുണ്ട്. ഓട്ടലോഗസ് രക്തദാനം (AUTOLOGUS BLOOD DONATION). നമുക്ക് നമ്മുടെ തന്നെ രക്തം മുന്‍കൂട്ടി രക്തബാങ്കില്‍ ശേഖരിച്ചുവയ്ക്കുന്ന രീതിയാണിത്. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ശസ്ത്രക്രിയയ്ക്കോ ഒക്കെ ഇങ്ങനെ ചെയ്യാവുന്നതാണ്. ഏറ്റവും സുരക്ഷിതമായ രക്തദാനമാര്‍ഗ്ഗവും ഇത് തന്നെ. ചില പ്രായോഗിക- സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം ഓട്ടലോഗസ് രക്തദാനം അധികം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല നമ്മുടെയിടയില്‍.
Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!