January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു.

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ ആഘോഷങ്ങൾ ജലീബ് ഇന്ത്യൻ സെൻട്രൽ സ്ക്കൂൾ അങ്കണത്തിൽ നടന്നു. പ്രഥമ ശ്ളൈഹിക സന്ദർശനത്തിനായി കുവൈറ്റിൽ എത്തിച്ചേർന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര സഭയുടെ പരമാദ്ധ്യക്ഷനുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഭദ്രദീപം തെളിയിച്ച് പെരുന്നാൾ ചടങ്ങുകൾ ഉത്ഘാടനം ചെയ്തു.

കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ മഹാഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ സ്വാഗതവും, ആദ്യഫലപ്പെരുന്നാൾ-2022 ജനറൽ കൺവീനർ ബിനു ബെന്ന്യാം നന്ദിയും പ്രകാശിപ്പിച്ചു.

ആഗോളതലത്തിലുള്ള ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിൽ ഉൾപ്പെടുന്ന അർമേനിയൻ സഭയുടെ കുവൈറ്റിലെ പാട്രിയാർക്കൽ വികാരി വെരി റവ. ഫാ. ബെദ്രോസ് മാന്യുലിയൻ, എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ കുവൈറ്റിലെ വികാരി ഫാ. ബെർണബാസ് അബോ, നാഷണൽ ഇവഞ്ചലിക്കൽ ചർച്ച് സെക്രട്ടറി റോയ് യോഹന്നാൻ, കുവൈറ്റ് എപ്പിസ്ക്കോപ്പൽ ചർച്ചസ് ഫെല്ലോഷിപ്പ് പ്രസിഡണ്ടും സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വികാരിയുമായ ഫാ. ജോൺ ജേക്കബ്, അഹമ്മദി സെന്റ് തോമസ് പഴയപള്ളി വികാരി ഫാ. എബ്രഹാം പി.ജെ., സെന്റ് ബേസിൽ ഇടവക വികാരി ഫാ. മാത്യൂ എം. മാത്യൂ, ഫാ. ഗീവർഗീസ് ജോൺ, കുവൈറ്റിൽ ഹൃസ്വസന്ദർശനത്തിനെത്തിയ ഫാ. പി.കെ. വർഗീസ്, ഇടവക ട്രഷറാർ സാബു എലിയാസ്, സെക്രട്ടറി ഐസക് വർഗീസ്, സഭാ മനേജിംഗ് കമ്മിറ്റിയംഗങ്ങളായ തോമസ് കുരുവിള, പോൾ വർഗീസ്, മാത്യൂ കെ. ഇലഞ്ഞിക്കൽ, ഭദ്രാസന പ്രതിനിധി ദീപക് പണിക്കർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക സുവനീർ കൺവീനർ സിബു അലക്സ് ചാക്കോയിൽ നിന്നും ഏറ്റുവാങ്ങി ഫാ. ബെർണബാസിനു നൽകികൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു.

മഹാഇടവകയിലെ സൺ‌ഡേ സ്കൂൾ കുട്ടികളും, പ്രാർത്ഥനായോഗങ്ങളും, ആത്മീയ പ്രസ്ഥാനങ്ങളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ, ഐഡിയ സ്റ്റാർ സിംഗർ ഫെയിമും പ്രശസ്ത പിന്നണിഗായകരുമായ ശ്രീനാഥ്, കൃതിക, കുവൈറ്റിന്റെ സ്വന്തം ടോജൻ ടോബി, മഴവിൽ മനോരമയിലൂടെ പ്രശസ്തയായ രൂത്ത് ടോബി, ക്രിസ്തീയ ഭക്തിഗാന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച റോയ് പുത്തൂർ എന്നിവരുടെ നേതൃത്വത്തിൽ പ്രശസ്ത കീ-ബോർഡിസ്റ്റ് അനൂപ് കോവളവും ടീമും അണിയിച്ചൊരുക്കിയ സംഗീത സായാഹ്നവും കലാഭവൻ സതീഷിന്റെ ഹാസ്യവിരുന്നും,ഊട്ടുപുരയും, തട്ടുകടയും, ചായക്കടയും തയ്യാറാക്കിയ നാടൻ രുചിഭേദങ്ങൾ എന്നിവ ആദ്യഫലപ്പെരുന്നാൾ 2022-നു വർണ്ണപ്പൊലിമ ചാർത്തി.

ആദ്യഫല പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും ഭദ്രാസന മെത്രാപ്പോലീത്തായുടെ സഹകർമ്മികത്വത്തിലും വിശുദ്ധ കുർബ്ബാനയർപ്പിച്ചു. തുടർന്ന് കാതോലിക്കാ ബാവായ്ക്ക് കുവൈറ്റ് മഹാ ഇടവകയുടെ നേതൃത്വത്തിൽ താലപ്പൊലിയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വമ്പിച്ച സ്വീകരണം നൽകി.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!