Times of Kuwait
മസ്കത്ത്: ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒമാന്‍ പിന്‍വലിച്ചതോടെ പ്രവാസികള്‍ക്ക് മടങ്ങിയെത്താം. സെപ്തംബര്‍ ഒന്നിന് ഉച്ചയ്ക്ക് 12 മണി മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അതോരിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
ഒമാന്‍ സ്വദേശികള്‍, ഒമാനിലെ പ്രവാസികള്‍, ഒമാന്‍ വിസയുള്ളവര്‍, ഒമാനില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍, ഒമാനില്‍ ഓണ്‍അറൈവല്‍ വിസ ലഭിക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാജ്യത്തേക്ക് വരാം.
എല്ലാ യാത്രക്കാരും ഒമാന്‍ അംഗീകരിച്ച വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവരായിരിക്കണം. ഒറ്റ ഡോസ് മാത്രമുള്ള വാക്സിനുകളാണെങ്കില്‍ അതിന്റെ ഒരു ഡോസ് സ്വീകരിച്ചിരിക്കണം. ക്യൂ.ആര് കോഡ് രേഖപ്പെടുത്തിയ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ ഹാജരാക്കണം. ഒമാനില്‍ എത്തുന്ന തീയ്യതിക്ക് 14 ദിവസമെങ്കിലും മുമ്പ് ആയിരിക്കണം വാക്സിന്റെ അവസാന ഡോസ് സ്വീകരിച്ചിട്ടുള്ളത്. അംഗീകൃത വാക്സിനുകളുടെ പട്ടിക ഒമാന്‍ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിക്കും.
യാത്രയ്ക്ക് മുമ്പ് എടുത്തിട്ടുള്ള ആര്.ടി പി.സി.ആര് പരിശോധനയുടെ നെഗറ്റീവ് ഫലം കൈവശമുള്ളവര്‍ക്ക് ഒമാനിലെത്തിയ ശേഷം ക്വാറന്റീന് ആവശ്യമില്ല. പരിശോധനാ ഫലത്തിലും ക്യു.ആര് കോഡ് ഉണ്ടായിരിക്കണം. ട്രാന്‍സിറ്റ് ഉള്‍പ്പെടെ എട്ട് മണിക്കൂറിലധികം യാത്രാ സമയമുള്ള അന്താരാഷ്ട്ര വിമാനങ്ങളില്‍ വരുന്നവര്‍ യാത്ര പുറപ്പെടുന്ന സമയത്തിന് 96 മണിക്കൂറിനിടെയുള്ള കൊവിഡ് പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. എട്ട് മണിക്കൂറില്‍ കുറഞ്ഞ യാത്രാ ദൂരമുള്ളവര്‍ 72 മണിക്കൂറിനിടെയുള്ള പരിശോധനാഫലമാണ് ഹാജരാക്കേണ്ടത്.
നെഗറ്റീവ് പി.സി.ആര് പരിശോധനാ ഫലമില്ലാതെ എത്തുന്ന യാത്രക്കാര്‍ ഒമാനില്‍ എത്തിയ ശേഷം പി.സി.ആര് പരിശോധനക്ക് വിധേയമാകണം. ശേഷം പരിശോധനാ ഫലം വരുന്നത് വരെ ഇലക്ട്രോണിക് ട്രാക്കിങ് ഉപകരണം ധരിച്ച് ക്വാറന്റീനില്‍ പ്രവേശിക്കണം. പി.സി.ആര് പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കില്‍ പരിശോധന നടത്തിയ ദിവസം മുതല്‍ 10 ദിവസം വരെ ഐസൊലേഷനില്‍ കഴിയണം.
നേരത്തെ രാജ്യത്തിന് പുറത്തുവെച്ച് കൊവിഡ് പോസിറ്റീവാകുകയും പിന്നീട് കൊവിഡ് ഭേദമാവുകയും ചെയ്തവര്‍ ഒമാനിലെത്തിയ ശേഷം നടത്തുന്ന പി.സി.ആര് പരിശോധനയില്‍ പോസിറ്റീവ് ആയാലും അവര്‍ക്ക് ഐസൊലേഷന്‍ നിര്‍ബന്ധമില്ല. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്ന സമയത്ത് ആ രാജ്യത്ത് ക്വാറന്റീന് പൂര്‍ത്തിയാക്കിയെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണം.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു