January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

വാരാന്ത്യ അവധി ഉൾപ്പെടെ സമഗ്ര പരിഷ്കാരവുയി പുതിയ യു.എ.ഇ തൊഴിൽ നിയമങ്ങൾ നാളെ മുതൽ

ഗൾഫ് ഡെസ്ക്

അബുദാബി: പുതുവർഷത്തിലേക്ക് കടക്കുമ്പോൾ നിയമങ്ങളിൽ സമഗ്രപരിഷ്കാരം കൊണ്ടുവന്നതോടൊപ്പം തൊഴിൽ അന്തരീക്ഷം സുഖകരവുമായി മാറ്റിയിരിക്കുകയാണ് യു.എഇ. വാരാന്ത്യ അവധിദിനത്തിലുണ്ടായ പരിഷ്കാരം ഏറെ ശ്രദ്ധേയമാണ്. ഞായർ മുതൽ വ്യാഴം വരെയായിരുന്ന പ്രവൃത്തിദിനങ്ങൾ സർക്കാർ സംവിധാനങ്ങൾക്ക് തിങ്കൾ മുതൽ വെള്ളിവരെയാക്കി. ശനി, ഞായർ എന്നീ ദിവസങ്ങൾക്കൊപ്പം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും അവധിയായിരിക്കും. നിലവിൽ പൊതുമേഖലയിലാണ് ഈ മാറ്റങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെങ്കിലും ചില സ്വകാര്യ സ്ഥാപനങ്ങളും ഇതേ രീതിയിലുള്ള മാറ്റം അംഗീകരിച്ചുകൊണ്ടുള്ള സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ പള്ളികളിൽ പോകേണ്ടവർക്ക് മാത്രം ഉച്ചയ്ക്ക് 11 മണി മുതൽ രണ്ടുമണിവരെ തൊഴിൽ അവധിയും നൽകിയിട്ടുണ്ട്.
ഇതോടൊപ്പം തന്നെ പൊതു സ്വകാര്യ സ്ഥാപനങ്ങളുടെ അവധിയാനുകൂല്യങ്ങൾ ഏകീകരിച്ചതും ശ്രദ്ധേയമായ മാറ്റമാണ്. 2022 ഫെബ്രുവരി രണ്ടുമുതൽ പ്രാബല്യത്തിൽ വരുന്ന നിയമപ്രകാരം സ്വകാര്യ പൊതുമേഖലകളിലെ മുഴുവൻ സമയ ജീവനക്കാർക്ക് 30 ദിവസത്തെ വാർഷികാവധി ലഭിക്കും. ജോലിയിൽ ആറുമാസം പൂർത്തീകരിച്ച ജീവനക്കാർക്ക് ഒരു വർഷത്തിനിടെ പ്രതിമാസം വേതനത്തോടുകൂടിയ രണ്ട് അവധികൾക്കും അനുമതിയുണ്ട്. സ്വകാര്യ പൊതുമേഖലകളിലെ ജീവനക്കാർക്ക് 60 ദിവസത്തെ പ്രസവാവധിയും ലഭിക്കും. ഇതിൽ 45 ദിവസം മുഴുവൻ വേതനത്തോടുകൂടിയതും 15 ദിവസം പകുതി വേതനത്തോടുകൂടിയതും ആയിരിക്കും. അംഗീകരിച്ച മറ്റ് അവധിക്കൊപ്പം പ്രസവാവധിയെടുക്കാൻ ജീവനക്കാരികൾക്ക് അവകാശമുണ്ട്. പ്രസവാവധി എടുത്തതിനാൽ ഒരാളെ ജോലിയിൽ നിന്നും പിരിച്ചുവിടാൻ തൊഴിലുടമയ്ക്ക് അധികാരമില്ല. കുട്ടി ജനിച്ചശേഷമുള്ള ആറുമാസക്കാലയളവിൽ പിതാവിന് അഞ്ചുദിവസത്തെ അവധിക്കും അനുമതിയുണ്ട്.

പങ്കാളിയുടെ മരണത്തിൽ അഞ്ചുദിവസവും അടുത്ത രക്തബന്ധത്തിലുള്ളവരുടെ മരണത്തിൽ മൂന്ന് ദിവസവും അവധി അനുവദനീയമാണ്. അസുഖമുള്ളവർക്ക് 90 ദിവസത്തെ അവധി ഒരുവർഷം അനുവദനീയമാണ്. ഇതിൽ 15 ദിവസം മുഴുവൻ വേതനത്തോടുകൂടിയതും 30 ദിവസം പകുതി വേതനത്തോടുകൂടിയതും ബാക്കിയുള്ളവ വേതനമില്ലാത്ത അവധിയുമായിരിക്കും. യു.എ.ഇക്കകത്തോ പുറത്തോ ഉള്ള യു.എ.ഇ അംഗീകൃത വിദ്യഭ്യാസ സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ പഠനം നടത്തുന്ന ജീവനക്കാർക്ക് പരീക്ഷകൾക്കായി വർഷത്തിൽ 10 ദിവസത്തെ അവധിയും ഇത് ഉറപ്പാക്കുന്നു.
സൈബർ നിയമങ്ങൾ കൂടുതൽ കർശനമാക്കിയ വർഷം കൂടിയാണിത്. ഇതുപ്രകാരം ഒരാളുടെ ഫോട്ടോ അനുവാദമില്ലാതെയെടുക്കുന്നത് ആറുമാസം വരെ തടവോ, 1,50,000 മുതൽ 5,00,000 ലക്ഷം ദിർഹം വരെ പിഴയോ, ഇവയൊന്നിച്ചോ ലഭിച്ചേക്കാവുന്ന കുറ്റകൃത്യമാണ്. പൊതുജനങ്ങളുടെ സ്വകാര്യതയുറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ക്രിപ്റ്റോകറൻസി ഇടപാടുകളുമായി ബന്ധപ്പെട്ട ഓൺലൈൻ കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക് അഞ്ചുവർഷം തടവും 10 ലക്ഷം ദിർഹം വരെ പിഴയും ചുമത്തും. ഓൺലൈൻ സാമ്പത്തിക ചൂഷണങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമം കർശനമാക്കുന്നത്. അംഗീകൃതമല്ലാത്ത ക്രിപ്റ്റോ കറൻസി പദ്ധതികളുടെ പരസ്യങ്ങൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്തി നീക്കം ചെയ്യുന്നതിനും നിയമം വിപുലീകരിച്ചിട്ടുണ്ട്. ഉത്പന്നങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതോ, കൃത്യമോ അല്ലാത്ത വിവരങ്ങൾ പരസ്യം ചെയ്യുന്നത് ഫെഡറൽ നിയമം ആർട്ടിക്കിൾ 48 പ്രകാരം 20,000 ദിർഹം മുതൽ 50,000 ദിർഹം വരെ പിഴ ലഭിക്കുന്ന കുറ്റകൃത്യമാണ്.

യു.എ.ഇ സർക്കാരിന്റെ അനുമതിയില്ലാതെ ക്രിപ്റ്റോകറൻസി ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇതേ നിയമം ബാധകമാണ്. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അനുവാദമില്ലാതെ ഇലക്ട്രോണിക് കറൻസിയുടെയോ, വ്യാജ കമ്പനിയുടെയോ ഇടപാടുകൾക്ക് പൊതുജനങ്ങളിൽ നിന്നും പണം സ്വരൂപിച്ചാൽ അഞ്ചുവർഷം തടവും രണ്ടര ലക്ഷം മുതൽ പത്തുലക്ഷം ദിർഹം വരെ പിഴയും ചുമത്തും. വ്യജ ഇമെയിലോ, വെബ്സൈറ്റോ നിർമിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർക്ക് തടവോ 50,000 മുതൽ 2,00,000 ദിർഹം വരെ പിഴയോ ശിക്ഷ ചുമത്തും. വ്യാജ അക്കൗണ്ട് നിർമിച്ച് വ്യക്തിഹത്യ നടത്തുന്നത് രണ്ടുവർഷം തടവ് ലഭിക്കുന്ന കുറ്റകൃത്യമാണ്. വ്യാജവാർത്തകൾ ഇലക്ട്രോണിക് ഷെയറിങ് സംവിധാനങ്ങളിലൂടെ കൂടുതൽപ്പേരിലേക്ക് എത്തിക്കുന്നത് രണ്ടുവർഷം വരെ തടവോ, ഒരുലക്ഷം ദിർഹം മുതൽ പത്തുലക്ഷം ദിർഹം വരെ പിഴയോ, രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് യു.എ.ഇ നിയമം വ്യക്തമാക്കുന്നു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!