January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

വഴിമാറിയ പ്രണയ സഞ്ചാരങ്ങൾ ; ഒരു പദ്മരാജൻ – ഭരതൻ ക്ലാസ്സിക്‌ – രതിനിർവേദം

രഞ്ജിത്ത് രാജ് ആർ

രതിനിർവ്വേദം

അത് വരെ യൌവനങ്ങളിലും മുതിര്‍ന്നവരുടെ ജീവിതങ്ങളിലും മാത്രം ഫോക്കസ് ചെയ്തിരുന്ന മലയാള സിനിമയെ ആണ്‍കൌമാരങ്ങളുടെ നേര്‍ക്കാഴ്ച കാട്ടിതന്ന മലയാളചലച്ചിത്രമാണ് 1978 – ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രതിനിർവേദം . തീര്‍ത്തും നിഷ്കളങ്കമായ പ്രണയത്തില്‍, പ്രായത്തിന്റെ വേലിക്കെട്ടുകളെ നൈസര്‍ഗികമായി മറികടക്കുന്ന ഒരു കൌമാരക്കാരന്റെ കഥയായിരുന്നു ആ സിനിമ കാണിച്ചുതന്നത്. പത്മരാജനാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പത്മരാജന്റെ തന്നെ രതിനിർവ്വേദം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ ചിത്രം.
മനസ്സിനൊപ്പം ശരീരവും ഒന്നായിത്തീരാനുളള ത്വരയാണ് പത്മരാജ‌ന്‍ രതിനിര്‍വ്വേദത്തിലൂടെ ഇതള്‍വിടര്‍ത്തുന്നത്. മനസ്സിന്റെ ആഴങ്ങളില്‍ അമര്‍ന്നിരിക്കുന്ന വികാരതൃഷ്ണകളുടെ ബഹിര്‍സ്ഫോടനം ഏറെ ഹൃദ്യമായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. ഒരു ആണ്‍കുട്ടിയ്ക്കും അവന്‍ അടുത്തിടപഴകുന്ന ഒരു സ്ത്രീയ്ക്കും തമ്മില്‍ സ്വാഭാവികമായി ശാരീരികാകര്‍ഷണത്തിന്റെ ഉന്മാദങ്ങളില്‍പ്പെട്ട് സമൂഹത്തിന്റെ വേലിക്കെട്ടുകളെ മറികടക്കുന്ന കഥാപാത്രത്തിനെ ഇതില്‍ ശക്തമായി ആവിഷ്കരിച്ചിരിക്കുന്നു..

ജയഭാരതി ,കൃഷ്ണചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ബാക്കി എല്ലാ കഥാപാത്രങ്ങളും അവരവരുടേതായ വേഷങ്ങൾ മികച്ച രീതിയിൽ തന്നെ പകർന്നാടിയിട്ടുണ്ട്. നെല്ലിയാമ്പതിയിലായിരുന്നു പ്രധാനമായും ചിത്രീകരണം പൂർത്തിയാക്കിയത്.ഈ ചിത്രം ഇന്ത്യൻ സിനിമാചരിത്രത്തിലെ നാഴികക്കല്ലാണ് . കൌമാരകാലഘട്ടത്തിലെ പ്രശ്നങ്ങളെ ഈ ചിത്രം ചെയ്ത പ്രമേയവും രീതിയും ഒരുപാട് ചർച്ചകൾക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി.. മലയാള സിനിമ നീലച്ചിത്രമായി അധപതിക്കുന്നു എന്ന് വരെ വിമർശനമുണ്ടായി. എന്നാൽ രതിനിർവ്വേദം കേരളത്തിലെ ഒരു ബോക്സോഫീസ് ഹിറ്റ് ആയിരുന്നു.

ഒരു കൌമാരക്കാരന്‌ തന്നെക്കാള്‍ മുതിര്‍ന്നതെങ്കിലും കൂടുതല്‍ അടുത്തിടപഴകാന്‍ അവസരം കിട്ടുന്ന ഒരു സ്ത്രീയില്‍ തോന്നുന്ന കാമഭാവനകളും മോഹങ്ങളും പപ്പു ( കൃഷ്ണചന്ദ്രന്‍) എന്ന കഥാപാത്രത്തിലൂടെ ഈ ചിത്രം വരച്ചുകാട്ടുന്നു .തന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ പയ്യനുമായി നല്ല സൌഹൃദം പങ്കിടുകയും ആ സൌഹൃദം മറ്റൊരു തലത്തിലേയ്ക്ക്‌ എത്തുന്നത്‌ ശ്രദ്ധിക്കുമ്പോള്‍ അതിനെ നിരുത്സാഹപ്പെടുത്താല്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒടുവില്‍ അനുകൂല സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട്‌ കാമവികാരത്തിന്‌ കീഴടങ്ങുകയും ചെയ്യുന്ന രതിച്ചേച്ചിയാണ്‌ ( ജയഭാരതി) ഈ ചിത്രത്തിന്‍റ മറ്റൊരു മുഖ്യകഥാപാത്രം..

ഈ സിനിമയുടെ കഥയ്ക്ക്‌ നല്‍കാനുള്ള പോസിറ്റീവ്‌ ആയ സന്ദേശം എന്തെന്നാല്‍ ‘പപ്പുവിന്റെ അവതാരങ്ങളുടെ തെറ്റായ ആഗ്രഹങ്ങളും പ്രവണതകളും രതിച്ചേച്ചിമാരുടെ ജീവിതത്തില്‍ ദുരന്തം സൃഷ്ടിക്കാന്‍ സാദ്ധ്യതയുള്ളവയാണ്‌. അതോടൊപ്പം, രതിച്ചേച്ചിമാരുടെ മുന്‍ കരുതലില്ലായ്മയും നിയന്ത്രണമില്ലായ്മയും അവരുടെ ജീവിതം തകര്‍ക്കാന്‍ പ്രാപ്തമായവയാണ്‌.” എന്നതാണ്

രഞ്ജിത് രാജ്. ആർ, തിരുവനന്തപുരം മുട്ടത്തറ സ്വദേശി. 14 വർഷമായി കുവൈറ്റിൽ ഖറാഫി കൺസ്ട്രക്ഷൻ കമ്പനിയിൽ ഓഫീസ് അഡ്മിൻ. ബ്ലഡ്‌ ഡോനോർസ്‌ കേരള കുവൈറ്റ് ചാപ്റ്റർ ജനറൽ സെക്രട്ടറി ആണ്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!