നഴ്സ് പ്രാക്ടിഷണർ കോഴ്സിനെതിരെയുള്ള കേരള IMA യുടെ പ്രതികരണം തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതകൾ വേണ്ടത്ര പഠിക്കാതെയും ഉള്ളതായിപ്പോയി എന്ന് സംസ്ഥാന സമിതി വിലയിരുത്തി.
ഒന്നാമതായി മെഡിക്കൽ പ്രാക്ടിഷണർ എന്ന വാക്ക് പോലും ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ എവിടെയും ഉപയോഗിച്ചിട്ടില്ലെന്നിരിക്കെ അത്തരം പ്രയോഗങ്ങൾ വഴി ഡോക്ടർമാരെ നഴ്സുമാർക്കെതിരെ തിരിച്ചു വിടാൻ വേണ്ടി സംഘടന മനഃപൂർവം ഉപയോഗിക്കുന്നതായാണ് മനസ്സിലാകുന്നത്.
നേഴ്സ് പ്രാക്റ്റീഷണർ എന്ന ജോലി പുതിയതായി കൊണ്ടുവരപ്പെട്ട ഒന്നല്ല. ആരോഗ്യരംഗത്ത് മുൻനിരയിലുള്ള ബ്രിട്ടൻ, അമേരിക്ക, ന്യൂസിലാൻഡ്, കാനഡ തുടങ്ങിയ എല്ലാ വികസിത രാജ്യങ്ങളിലും 1975 മുതൽ തന്നെ നഴ്സ് പ്രാക്ടിഷണർ ജോലി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഇത് നടപ്പാക്കാൻ വൈകി എന്ന് മാത്രമേയുള്ളൂ. ആരോഗ്യ നിലവാരത്തിൽ ഇതേ രാജ്യങ്ങൾക്കൊപ്പം നിൽക്കുന്ന കേരളത്തിൽ ഇത് നടപ്പാക്കിയാൽ അത് എങ്ങനെ അത് ആരോഗ്യ രംഗത്തെ പിറകോട്ടടിക്കുന്നതാവും എന്ന് IMA വിശദീകരിക്കണം. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ ഒന്നും തന്നെ ഡോക്ടർമാരുടെ ജോലി സാധ്യതയെ ഇത് ബാധിച്ചിട്ടില്ലെന്നിരിക്കെ കേരളത്തിൽ മാത്രം ഇത് ബാധിക്കും എന്ന പ്രചരണം വസ്തുതാ വിരുദ്ധമാണ്.
നേഴ്സ് പ്രാക്റ്റീഷണർ എന്നത് ഡോക്ടർമാർക്ക് പകരമോ വ്യാജ വൈദ്യന്മാരെ സൃഷ്ടിക്കലോ അല്ല, മറിച്ച് പ്രായോഗിക പരിശീലനവും അനുഭവസമ്പത്തും ഉള്ള നഴ്സുമാരെ പ്രത്യേക പരിശീലനം നൽകി സജ്ജമാക്കുകയും വിദഗ്ധ ഡോക്ടർമാർ എല്ലായ്‌പോഴും ലഭ്യമല്ലാത്ത ഇടങ്ങളിൽ രോഗികൾക്ക് കുറഞ്ഞ ചിലവിൽ കൃത്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്ന രീതി ആണ്. ഉദാഹരണത്തിന് കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ മിക്കയിടത്തും വിദഗ്ധ ഡോക്ടർമാർ കുറഞ്ഞ സമയങ്ങളിൽ ആണ് ലഭ്യമാകുന്നത്. ഹൗസ് സർജന്മാരോ പി ജി വിദ്യാര്ഥികളോ ആണ് വൈകുന്നേരങ്ങളിലും രാത്രികളിലും ഡ്യൂട്ടിയിൽ ഉണ്ടാകാറുള്ളത്. അതുപോലെ തന്നെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും ഒക്കെ വൈകുന്നേരങ്ങളിലും രാത്രികളിലും വിദഗ്ധരെ ലഭ്യമാക്കുന്നത് പ്രായോഗികവുമല്ല. അതുപോലെ തന്നെ വയോജനങ്ങളുടെ ആരോഗ്യം ഒരു പ്രധാന പ്രശ്നമായി ഉയർന്നുവരുന്ന കേരളത്തിൽ അവയെ കൃത്യമായി അഭിസംബോധന ചെയ്യാനും കൈകാര്യം ചെയ്യാനും കമ്മ്യൂണിറ്റി ലെവലിൽ വിദഗ്ധ പരിശീലനം ലഭിച്ച നേഴ്സ് പ്രാക്റ്റീഷനർമാർ അത്യാവശ്യമാണ്. ഹോം കെയർ എന്ന ആശയം നന്നായി നടപ്പാക്കാനും വീടുകളിൽ ആരോഗ്യ സേവനങ്ങൾ എത്തിക്കാനും അതുവഴി സർക്കാർ ആശുപത്രികളിലെ തിരക്ക് കുറക്കാനും നഴ്‌സ് ക്ലിനിക്കുകൾ വളരെ സഹായകരമാണ് എന്ന് വിദേശ രാജ്യങ്ങളിലെ ആരോഗ്യ സംവിധാനം ശ്രദ്ധിച്ചാൽ മനസിലാകും.
ഇത് വിദേശരാജ്യങ്ങളിൽ കൃത്യമായി നടപ്പാക്കുകയും കേരളത്തിലെ മന്ത്രിമാർ അടക്കം ഉന്നത ഉദ്യാഗസ്ഥർ ഈ രാജ്യങ്ങൾ സന്ദർശിച്ച് ഇതിന്റെ ഗുണങ്ങൾ ബോധ്യപ്പെടുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര ഗവണ്മെന്റും ഇന്ത്യൻ നഴ്സിംഗ് കൗൺസിലും ഈ വിഷയത്തിൽ വർഷങ്ങൾ നീണ്ട പഠനങ്ങൾക്ക് ശേഷമാണ് ഇത്തരം ഒരു രീതി വളരെ വൈകി ആണെങ്കിലും നടപ്പാക്കുന്നത്. അതിനാൽ തന്നെ ഇതിനെ വ്യാജ വൈദ്യം എന്ന രീതിയിൽ പൊതുജനങ്ങൾക്കിടയിലും ഡോക്ടര്മാര്ക്കിടയിലും തെറ്റിധാരണ പരത്തുന്ന രീതിയിൽ പ്രചാരണം നടത്തുന്നത് കേരളത്തിലെ പൊതുജനാരോഗ്യസമ്പ്രദായത്തെ പിറകോട്ടടിക്കാനേ ഉപകരിക്കൂ. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആരോഗ്യ വിദഗ്ധരും വർഷങ്ങൾ നീണ്ട പഠനത്തിന്റെ ഫലമായി കൊണ്ടുവന്ന ഈ രീതിയെ വേണ്ട രീതിയിൽ പഠിക്കാതെ ഇത്തരം പ്രചാരണം നടത്തുന്നത് ഖേദകരമാണ്. മാത്രമല്ല ഇതേ സംഘടന ആരോഗ്യ സർവ്വകലാശാലയെപ്പോലും സ്വാധീനിച്ച് നേഴ്സ് പ്രാക്റ്റീഷണർ കോഴ്സ് തുടങ്ങാൻ തയാറായ ഏഴ് നഴ്സിംഗ് കോളേജുകളുടെ അനുമതി 2014 മുതൽ തടഞ്ഞു വച്ചിരിക്കുകയാണ്. കേരളത്തിൽ ഒഴികെ മിക്ക സംസ്ഥാനങ്ങളിലും ഇത് ആരംഭിച്ചു കഴിഞ്ഞു. ഇത് ആധുനിക ചികിത്സാ രംഗത്ത് അനുവദിക്കാൻ പറ്റാത്തതാണെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിലെ ആരോഗ്യരീതികളെ തള്ളിപ്പറയാൻ IMA തയ്യാറാകുമോ എന്നും സംഘടന ചോദിച്ചു. ഏതാനും മാസങ്ങൾക്കുമുമ്പ് MBBS സീറ്റുകൾ കുറക്കണം എന്ന് ആവശ്യപ്പെട്ട IMA ഇപ്പോൾ കൂടുതൽ ഡോക്ടർമാരെ സൃഷ്ടിക്കണം എന്ന് ആവശ്യപ്പെടുന്നത് തന്നെ വിരോധാഭാസമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. ഇത് നഴ്സിംഗ് രംഗത്തെ മുന്നോട്ടുള്ള പ്രയാണത്തെ തുരങ്കം വക്കാനും അതുവഴി നഴ്സുമാരുടെ ഉന്നമനത്തിനായുള്ള സർക്കാർ നടപടികളെ അപകീർത്തിപ്പെടുത്താനും തെറ്റിധാരണ പരത്താനും മാത്രമേ ഉപകരിക്കൂ. ആയതിനാൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ ആശയത്തെ സർവാത്മനാ സ്വാഗതം ചെയാനും കേരളത്തിന്റെ ആരോഗ്യവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി നേഴ്സ് പ്രാക്റ്റീഷണർ കോഴ്സ് എത്രയും പെട്ടെന്ന് നടപ്പിൽ വരുത്താനും സംഘടന ശക്തമായി ആവശ്യപ്പെടുന്നു.
IMA യുടെ നാഷണൽ പ്രസിഡന്റ് കൂടി അംഗമായ ഇന്ത്യൻ നഴ്സിംഗ് കൌൺസിൽ രൂപ പ്പെടുത്തി അംഗീകരിച്ച ഈ കോഴ്സ് നെ കേരളത്തിലെ IMA ഭാരവാഹികൾ എതിർക്കുന്നത് തീർത്തും അപഹാസ്യമാണെന്ന് ട്രെയിൻഡ് നേഴ്സ്സസ് അസോസിയേഷൻ നാഷണൽ പ്രസിഡന്റ് പ്രൊഫ് ഡോ റോയ് കെ ജോർജ് ചൂണ്ടിക്കാട്ടി.
ഈ ആവശ്യം മുൻനിർത്തി സംസ്ഥാനത്ത് ഉടനീളം പരിപാടികൾ സംഘടിപ്പിക്കാനും കേന്ദ്ര, സംസ്ഥാന ആരോഗ്യ മന്ത്രാലയങ്ങൾക്കും കത്തുകൾ അയക്കാനും സംഘടന തീരുമാനിച്ചതായി പ്രസിഡന്റ് രേണു സൂസൻ തോമസ്,സെക്രട്ടറി പ്രമീന എന്നിവർ അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്