January 20, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ടൂറിസം പ്രമോഷൻ സംഘടിപ്പിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി :  അവന്യൂസിൽ മാളിൽ കുവൈറ്റിലെ  ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ  ‘എക്സ്പ്ലോർ, എക്സ്പീരിയൻസ് ആൻഡ് എൻജോയ് ഇൻക്രെഡിബിൾ ഇന്ത്യ’ എന്ന പേരിൽ രണ്ട് ദിവസത്തെ ടൂറിസം പ്രമോഷൻ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈകയും കുവൈറ്റ് ടൂറിസം ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഒസാമ അൽ മെഖ്യാലും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഷെയ്ഖ ഹലാഹ് ബദർ അൽ സബാഹ് ഉൾപ്പെടെയുള്ള കുവൈറ്റിലെ പ്രമുഖരും മാധ്യമങ്ങളും ടൂറിസം സ്റ്റാളുകൾ സന്ദർശിച്ചു.

         സമ്മർ ടൂറിസം, ഇന്ത്യയുടെ ലക്ഷ്വറി ട്രെയിനുകൾ, ചികിത്സ & പുനരുജ്ജീവനം, ഗോൾഡൻ ട്രയാംഗിൾ അഡ്വഞ്ചർ, വൈൽഡ് ലൈഫ് തുടങ്ങിയ ഇന്ത്യൻ ടൂറിസത്തിൻ്റെ വൈവിധ്യമാർന്ന മേഖലകൾ പരിചയപ്പെടുത്തി. കാശ്മീർ മുതൽ ഷിംല, കുലു മണാലി മുതൽ മുസ്സൂറി, വടക്ക് പ്രദേശത്തെ നൈനിറ്റാൾ , കിഴക്ക് ഡാർജിലിംഗ്, ഗാംഗ്‌ടോക്ക്, കലിംപോങ്, തെക്ക് ഊട്ടി എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാക്കിയിരുന്നു.

           ആഡംബര തീവണ്ടികൾ ആയി അറിയപ്പെടുന്ന പാലസ് ഓൺ വീൽസ്, മഹാരാജ എക്സ്പ്രസ്, ഗോൾഡൻ ചാരിയറ്റ്, ഡെക്കാൻ ഒഡീസി ട്രെയിനുകൾ എന്നിവ ഉൾക്കൊള്ളുന്ന ടൂറിസം പാതകളും പ്രദർശിപ്പിച്ചു. കേരളത്തിലെ വെൽനസ് ടൂറിസത്തെ കുറിച്ചുള്ള പ്രദർശനം ധാരാളം സന്ദർശകരെ ആകർഷിച്ചു. വൈൽഡ് ലൈഫ് വിനോദസഞ്ചാരത്തിൻ്റെയും സാഹസിക കായിക വിനോദങ്ങളുടെയും പ്രമേയങ്ങൾ യുവാക്കളുടെ ശ്രദ്ധ ആകർഷിച്ചു. ഇന്ത്യയിലെ വിവിധ വിനോദസഞ്ചാര മേഖലകളെക്കുറിച്ചുള്ള ടൂറിസം ലഘുലേഖകളും വിതരണം ചെയ്തു.
കുവൈത്തിൽ നിന്നുള്ള പ്രമുഖ ടൂർ, ട്രാവൽ ഏജൻസികളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത് .

നാടോടി നൃത്തങ്ങളും ജനപ്രിയ സമകാലീന ബോളിവുഡ് നൃത്തങ്ങളും കൂടാതെ ഭരതനാട്യം, കഥക്, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയ വിവിധ ഇന്ത്യൻ കലാരൂപങ്ങളും നൃത്തരൂപങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചു. സന്ദർശകരുമായി ഇടപഴകുന്നതിനായി മൈലാഞ്ചി ഡിസൈനുകൾ, സർദോസി കലാസൃഷ്ടികൾ, തൽക്ഷണ ക്വിസ് തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. കുവൈറ്റിലെ വിനോദ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനായി നടത്തി വരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!