കുവൈറ്റ് സിറ്റി: രാജ്യത്ത് വീണ്ടും രാഷ്ട്രീയ അസ്ഥിരത. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തിങ്കളാഴ്ച രാജി സമർപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ധനമന്ത്രി ഉൾപ്പെടെയുള്ള കാബിനറ്റ് അംഗങ്ങള്‍ക്കെതിരെ ദേശീയ അസംബ്ലിയിൽ കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് മന്ത്രിസഭ രാജി. തിങ്കളാഴ്ച കിരീടാവകാശിക്ക് മുമ്പാകെ പ്രധാനമന്ത്രി രാജിക്കത്ത് സമര്‍പ്പിച്ചതായി പ്രാദേശിക മാധ്യമമായ അൽ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു. അമീർ രാജി അംഗീകരിക്കുന്ന മുറക്കാകും തീരുമാനം പ്രാബല്യത്തിൽ വരുക. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ധനമന്ത്രി അബ്ദുൽ വഹാബ് അൽ റാഷിദ്, കാബിനറ്റ് കാര്യ മന്ത്രി ബറാക്ക് അൽ ഷിത്താൻ എന്നിവർക്കെതിരെ ദേശീയ അസംബ്ലിയിൽ കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കുമെന്ന് എം.പിമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിറകെ രാജിവെക്കാനുള്ള നിലപാടിൽ പ്രധാനമന്ത്രി എത്തുകയായിരുന്നുവെന്നാണ് സൂചനകൾ. സെപ്റ്റംബർ 29ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുപിറകെ പുതിയ മന്ത്രിസഭ അധികാരത്തിൽവരുകയും സർക്കാറും എം.പിമാരും രമ്യതയിൽ മുന്നോട്ടുപോകാൻ ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാൽ, രാജ്യത്ത് രാഷ്ട്രീയ സ്ഥിരത പ്രതീക്ഷിച്ചവരെ ഞെട്ടിച്ചുകൊണ്ടാണ് തിങ്കളാഴ്ചയിലെ തീരുമാനം വന്നത്.
ദീർഘനാളത്തെ രാഷ്ട്രീയ വിവാദങ്ങൾക്കുശേഷം 2022 സെപ്റ്റംബർ 29നാണ് രാജ്യത്ത് 17ാം ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് നടന്നത്. ഫലം പുറത്തുവന്നതിന് പിറകെ ഒക്ടോബർ ഒന്നിന് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന് കീഴിലുള്ള സർക്കാർ നിയമപ്രകാരം രാജി സമർപ്പിച്ചു. ഒക്ടോബർ അഞ്ചിന് ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനെ പ്രധാനമന്ത്രിയായി പുനർ നിയമിച്ച് ഉത്തരവിറങ്ങി. മന്ത്രിമാരെ തെരഞ്ഞെടുക്കാനുള്ള ചുമതലയും അദ്ദേഹത്തിന് നൽകി. വൈകാതെ മന്ത്രിമാരുടെ പട്ടിക പ്രധാനമന്ത്രി കിരീടാവകാശിക്ക് കൈമാറി. രാത്രിയോടെ മന്ത്രിമാരുടെ പട്ടിക അമീർ അംഗീകരിച്ച ഉത്തരവിറങ്ങി.എന്നാൽ, മന്ത്രിസഭക്കെതിരെ എം.പിമാർ രംഗത്തെത്തി. ഭരണഘടനയെ മാനിക്കാത്ത മന്ത്രിമാർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് എന്നായിരുന്നു ആരോപണം. തുടക്കത്തിലേ കല്ലുകടിയേറ്റ സർക്കാർ വൈകാതെ മന്ത്രിസഭ പിരിച്ചുവിടാൻ നിർബന്ധിതമായി. തുടർന്ന് ഒക്ടോബർ 17ന് പുതിയ മന്ത്രിസഭ രൂപവത്കരിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു. 11 പുതുമുഖങ്ങൾ, രണ്ടു വനിതകൾ, രണ്ടു എം.പിമാർ എന്നിങ്ങനെ സമൂലമായ മാറ്റങ്ങളോടെയാണ് പുതിയ മന്ത്രിസഭ നിലവിൽ വന്നത്. ഈ സർക്കാർ നാലുമാസം തികക്കുന്ന വേളയിലാണ് പുതിയ സംഭവവികാസങ്ങൾ.
തുടർച്ചയായ തെരഞ്ഞെടുപ്പുകളും സർക്കാർ മാറ്റങ്ങളും രാജ്യത്തിന്റെ വികസന പ്രക്രിയകളിൽ മന്ദിപ്പുണ്ടാക്കിയതായി വിലയിരുത്തലുകളുണ്ടായിരുന്നു. പാർലമെന്റും സർക്കാറും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പല സർക്കാറുകളുടെയും രാജിയിൽ കലാശിച്ചത്. ഇവക്ക് അന്ത്യം കാണണമെന്നും രാഷ്ട്രീയ സ്ഥിരത വേണമെന്നുമുള്ള തുടർച്ചയായ ആവശ്യങ്ങൾ ജനങ്ങളും നേതാക്കളും ഉയർത്തുന്നുണ്ട്.
More Stories
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു