2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ ഈ ബുധനാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2030 ലെ ലോകകപ്പ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ സംയുക്തമായി നടത്താനും തീരുമാനമായി.നേരത്തെ തന്നെ സൗദി ലോകകപ്പിന് വേദിയാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഫിഫുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിരുന്നില്ല. സൂറിച്ചിൽ നടന്ന ഫിഫയുടെ പ്രത്യേക കോൺഗ്രസിൽ പ്രസിഡന്റ് ഗിയാനി ഇൻഫെന്റിനോയാണ് പ്രഖ്യാപനം നടത്തിയത്.
2034ലെ ലോകകപ്പ് നടത്താൻ സൗദി അറേബ്യ മാത്രമാണു മുന്നോട്ടുവന്നിരുന്നത്. 2022 ലെ ലോകകപ്പ് ഖത്തറിൽവച്ചായിരുന്നു നടന്നത്. ആതിഥേയരാകാൻ ഏഷ്യ, ഒഷ്യാനിയ മേഖലകളിൽനിന്നു മാത്രമായിരുന്നു ഫിഫ ബിഡുകൾ ക്ഷണിച്ചിരുന്നത്. ഓസ്ട്രേലിയയും ഇന്തോനീഷ്യയും ലോകകപ്പ് വേദിക്കായി നേരത്തേ താൽപര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറി.
റിയാദ്, ജിദ്ദ, അൽ ഖോബാർ, അബഹ, ഫ്യൂച്ചറിസ്റ്റിക് നിയോം എന്നീ അഞ്ച് ആതിഥേയ നഗരങ്ങൾ ടൂർണമെൻ്റിൽ പങ്കെടുക്കും. ഈ നഗരങ്ങളിലെ 15 സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടത്തും , 92,760 കാണികളെ ഉൾക്കൊള്ളുന്ന റിയാദിലെ കിംഗ് സൽമാൻ ഇൻ്റർനാഷണൽ സ്റ്റേഡിയം ഉദ്ഘാടന മത്സരത്തിനും ഗ്രാൻഡ് ഫൈനലിനും വേദിയാകും. നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും, ഈ സ്റ്റേഡിയം പരിപാടിയുടെ കേന്ദ്രബിന്ദുവായിരിക്കുമെന്ന് സൗദി അറേബ്യ വാഗ്ദാനം ചെയ്യുന്നു.
റിയാദിൽ നടന്ന പ്രത്യേക സെഷനിൽ സൗദി ഒരുക്കാൻ പോകുന്ന സംവിധാനങ്ങളുടെ പ്രദർശനമുണ്ടായിരുന്നു. ഇവിടെ മന്ത്രിമാരുൾപ്പെടെ ആഹ്ലാദത്തോടെ പ്രഖ്യാപനം ഏറ്റുവാങ്ങി. ലോകകപ്പിന് മുന്നോടിയായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ലീഗിലേക്ക് എത്തിച്ചതും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. നിലവിൽ സൗദി ക്ലബ് അൽ-നസറിനായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നത്.
ഈ പ്രഖ്യാപനത്തോടെ ആഗോള കായിക വേദിയിലെ ഒരു സുപ്രധാന സ്ഥാനം സൗദി അറേബ്യ ഉറപ്പിക്കുന്നു. 2034 ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഒരു നാഴികക്കല്ല് മാത്രമല്ല, കായികരംഗത്ത് ശാശ്വതമായ സ്വാധീനം ചെലുത്താനും അതിൻ്റെ സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനത്തിന് സംഭാവന നൽകാനുമുള്ള രാജ്യത്തിൻ്റെ അഭിലാഷ പദ്ധതികളെ ശക്തിപ്പെടുത്തുകയും ചെയ്യും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്