സാരഥിയുടെ രജത ജൂബിലി ആഘോഷം സാരഥീയം@25, 2024 നവംബർ 15 ന് ഹവല്ലി പാലസ് ഹാളിൽ വെച്ച് വൈകുന്നേരം 4 മണി മുതൽ വിപുലമായ ആഘോഷങ്ങളോടെ നടത്തപ്പെട്ടു. ദൈവദശക ആലാപനത്തോടെ തുടങ്ങിയ ചടങ്ങിൽ ഗുരുദേവ ധർമ്മങ്ങളെ അടിസ്ഥാനമാക്കി ചിത്രാലയം ശശികുമാർ രചന നിർവഹിച്ചു സുനീഷ് വെങ്ങര സംവിധാനം ചെയ്ത സംഗീത നാടക ആവിഷ്കാരം “കർമ്മ സാക്ഷി” അരങ്ങേറി. ഇരുന്നൂറോളം സാരഥി അംഗങ്ങളും ഗുരുകുലം കുട്ടികളുമാണ് കർമ്മ സാക്ഷിയ്ക്ക് അരങ്ങിൽ ജീവൻ നൽകിയത്. വിദ്യാഭ്യാസത്തിനും ഭാവി തലമുറയ്ക്കും വേണ്ടിയുള്ള സംഘടനയുടെ സമർപ്പണത്തിൻറെ ഭാഗമായി, പത്ത് പന്ത്രണ്ടു ക്ലാസ്സുകളിൽ മികച്ച വിജയം നേടിയ കേരളത്തിലും കുവൈറ്റിലുമുള്ള കുട്ടികൾക്ക്, ശിവഗിരി മഠം പ്രതിനിധി ശ്രീമത് വീരേശ്വരാനന്ദ സ്വാമി, ബി കെ ജി കമ്പനി ചെയർമാൻ കെ ജി ബാബുരാജൻ, സാരഥി കേന്ദ്ര ഭാരവാഹികൾ, ട്രസ്റ്റ് ചെയർമാൻ ജിതിൻ ദാസ് എന്നിവർ ശാരദാംബ എക്സലൻസ് അവാർഡും സാരഥി അംഗങ്ങൾ ആയ സ്പോൺസർമാർ ക്യാഷ് അവാർഡും നൽകി ആദരിച്ചു.
ചടങ്ങിൽ വിശിഷ്ട അതിഥിയായി ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ യൂസഫ് അലി എം എ പങ്കെടുത്തു. കുവൈറ്റ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് കെ മുലുക സാരഥീയത്തിന്റെ ഉദ്‌ഘാടന കർമം നിർവഹിച്ചു. ശ്രീനാരായണ ഗുരുവിൻറെ ആശയങ്ങൾ ഇനിയുള്ള ഏതു കാലഘട്ടത്തിലും വളരെയധികം പ്രാധാന്യം നിറഞ്ഞതാണെന്നു അദ്ദേഹം ഉദ്‌ഘാടനപ്രസംഗത്തിൽ പരാമർശിച്ചു. സിൽവർ ജൂബിലി ചെയർമാൻ സുരേഷ് കെ സ്വാഗതം അർപ്പിച്ച ചടങ്ങിൽ സാരഥി പ്രസിഡന്റ് അജി കെ ആർ അധ്യക്ഷത വഹിച്ചു.
രജത ജൂബിലി വേദിയിൽ യൂസഫ് അലി എം എ യ്ക്ക്, സാരഥിയുടെ പരമോന്നത ബഹുമതിയായ “ഗുരുദേവ സേവാരത്ന അവാർഡ്” ശിവഗിരി മഠം പ്രതിനിധി വീരേശ്വരാനന്ദ സ്വാമി നൽകി ആദരിച്ചു. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ജന്മദിനവും വേദിയിൽ ആഘോഷിച്ചു. സാരഥിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ എടുത്തു പറഞ്ഞു അനുമോദിച്ച യൂസഫ് അലിയുടെ ആശംസാപ്രസംഗത്തിൽ തുടർന്നുള്ള കാരുണ്യ പ്രവർത്തനങ്ങൾക്കു അദ്ദേഹം എല്ലാ വിധ പിന്തുണയും അറിയിച്ചു. വമ്പിച്ച ജനാവലിയെ സാക്ഷി നിർത്തി സാരഥിയുടെ സ്വപ്‌നവീട് പദ്ധതിയ്ക്കായി 10 വീടുകൾക്കുള്ള ധനസഹായം അദ്ദേഹം വേദിയിൽ പ്രഖാപിച്ചു.
സാരഥിയുടെ വാർഷിക സ്പോൺസർ BEC സി ഇ ഓ മാത്യൂസ് വർഗീസ്, റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പറകപാടത്ത്, ടാർഗറ്റ് ഇന്റർനാഷനൽ CEO ആൻഡ് മാനേജിങ് ഡയറക്ടർ പി എസ് കൃഷ്ണൻ, രാജേഷ് സാഗർ, സുരേഷ് കെ പി, സി എസ് ബാബു എന്നിവരെ ചടങ്ങിൽ ആദരിച്ചു. സാരഥിയുടെ സ്വപ്നവീട് പദ്ധതിയിൽ നിർമ്മിച്ച പതിനൊന്നാമത് വീടിന്റെ താക്കോൽദാനം സ്പോൺസർ ആയ പി എസ് കൃഷ്ണനിൽ നിന്നും കോർഡിനേറ്റർ മുരുകദാസ് ഏറ്റു വാങ്ങി.
ബികെജി കമ്പനി ചെയർമാൻ കെ ജി ബാബുരാജൻ, സാരഥി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി അഞ്ചു കുട്ടികൾക്കുള്ള പഠനസഹായം വേദിയിൽ പ്രഖ്യാപിച്ചു.
സാരഥിയുടെ 25 വർഷത്തെ ഓർമ്മത്തുട്ടുകളെ കോർത്തിണക്കിയ സ്മരണിക “സാരഥ്യം” ചീഫ് എഡിറ്റർ വിനീഷ് വിശ്വം, സൈഗാൾ സുശീലൻ എന്നിവർ ചേർന്ന് സാരഥി പ്രസിഡന്റ് അജി കെ ആറിനു നൽകി വേദിയിൽ പ്രകാശനം ചെയ്തു. സാരഥിയുടെ ഈ വർഷത്തെ സുവനീർ പ്രകാശനവും വേദിയിൽ നടന്നു. സാരഥിയുടെ 2025 ലെ കലണ്ടർ ബില്ലവ പ്രസിഡന്റ് അമർനാഥ് സുവർണ, സാരഥി അംഗം വിനയബാബുവിന് നൽകി പ്രകാശനം നിർവഹിച്ചു. സാരഥിയുടെ 25 വർഷത്തെ അടയാളപ്പെടുത്തിയ ഏവർക്കും സൂക്ഷിക്കാൻ തയാറാക്കിയ സാരഥി സ്വർണ നാണയം സിൽവർ ജൂബിലി വൈസ് ചെയർമാൻ സുരേഷ് ബാബുവും കൺവീനർ ബാബുരാജും ചേർന്ന് സാരഥി അംഗം ജിതേഷ് എം പി യ്ക്ക് നൽകി നടത്തിയ പ്രകാശനത്തിനും വേദി സാക്ഷ്യം വഹിച്ചു. കൂടാതെ തീർത്ഥാടന പതാക സാരഥി പ്രസിഡന്റിൽ നിന്നും ഉപദേശക സമിതി അംഗം സി എസ് ബാബു ഏറ്റുവാങ്ങി.
സിൽവർ ജൂബിലി വൈസ് ചെയർമാൻമാരായ സിജു സദാശിവൻ, വിനീഷ് വിശ്വം, സുരേഷ് ബാബു, ബിനുമോൻ എം കെ, പ്രീതി പ്രശാന്ത്, സാരഥി കേന്ദ്ര ഭാരവാഹികളായ സാരഥി വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ, സെക്രട്ടറി റിനു ഗോപി , ജോയിന്റ് ട്രഷറർ അരുൺ സത്യൻ എന്നിവർ ചേർന്ന് സാരഥീയം@25 ന്റെ ഭാഗഭാക്കുകളായ എല്ലാ കോ-സ്പോൺസർമാരെയും വേദിയിൽ ആദരിച്ചു.
ചടങ്ങിൽ വീരേശ്വരാനന്ദ സ്വാമി, ബില്ലവ സംഘ പ്രസിഡന്റ് അമർനാഥ് സുവർണ, സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രസ്റ്റ് ചെയർമാൻ ജിതിൻദാസ്, കേന്ദ്ര വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, ഗുരുകുലം പ്രസിഡന്റ് ശിവപ്രിയ സജി എന്നിവർ ആശംസകൾ അറിയിച്ചു.
സൈഗാൾ സുശീലൻ, പൂജ രഞ്ജിത്, പൗർണമി സംഗീത്, വിനീഷ് വിശ്വം എന്നിവർ അവതാരകരായെത്തിയ ചടങ്ങിന് ട്രഷറർ ദിനു കമൽ നന്ദി അറിയിച്ചു. തുടർന്ന് പ്രശസ്ത പിന്നണി ഗായകർ ആയ ഹരിചരൺ ശേഷാദ്രി, ശിഖ പ്രഭാകർ, ഡ്രമ്മർ കുമരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത നിശയോടെ സാരഥീയം@25 പര്യവസാനിച്ചു.
More Stories
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്
കുവൈറ്റ് ബയോമെട്രിക് രജിസ്ട്രേഷൻ സെന്ററിൻെറ സായാഹ്ന സമയ സേവനം ജനുവരി 31 വരെ മാത്രം.