February 22, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സാന്ത്വനം കുവൈറ്റ് : ഇരുപത്തി നാലാം വാർഷിക പൊതുയോഗം നാളെ അബ്ബാസിയയിൽ

ജീവകാരുണ്യ പ്രവർത്തനരംഗത്ത് കുവൈറ്റിലെ സജീവ സാനിധ്യമായ ‘സാന്ത്വനം കുവൈറ്റ്’ ഇരുപത്തിനാല് ‌ പ്രവർത്തന വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ഭാഗമായി വാർഷിക പൊതുയോഗം സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 07 വെള്ളിയാഴ്ച്ച വൈകുന്നേരം 4:30 നു അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഹാളിൽ നടക്കുന്ന പൊതുയോഗത്തിൽ സംഘടനാംഗങ്ങളും അഭ്യുദയ കാംക്ഷികളും, ഒപ്പം കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കും.

2024 ലെ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ച് വിലയിരുത്തുന്നതോടൊപ്പം, അംഗങ്ങളുടെ അഭിപ്രായ നിർദ്ദേശങ്ങൾ മുൻ നിർത്തി നിർദ്ധന രോഗികൾക്ക് വേണ്ടി കൂടുതൽ ഉപകാരപ്രദവും കാര്യക്ഷമവുമായ ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുവാനുള്ള പൊതു ചർച്ചയും പൊതുയോഗത്തിന്റെ ഭാഗമായുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

2024 വർഷത്തെ പ്രവർത്തന വിവരങ്ങൾ സമഗ്രമായി ഉൾക്കൊള്ളുന്ന വാർഷിക സുവനീറായ “സ്മരണിക 2024” ഈ യോഗത്തിൽ വച്ച്‌ പ്രകാശനം ചെയ്യും.

കഴിഞ്ഞ 24 വർഷങ്ങളിലെ പ്രവർത്തന കാലയളവിൽ, 19 കോടിയിലേറെ രൂപ രോഗ ചികിത്സാ, വിദ്യാഭ്യാസ, കുടുംബ സഹായ, ദുരിതാശ്വാസ സേവനങ്ങളായി, നിർദ്ധന രോഗികൾക്കും മറ്റു ദുർബ്ബല ജനവിഭാഗങ്ങൾക്കും, ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ എത്തിച്ച് നൽകുവാൻ സാന്ത്വനം കുവൈറ്റിനു കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

2024 പ്രവർത്തന വർഷത്തിൽ മാത്രം 1600 ഓളം രോഗികൾക്കായി ഒന്നേമുക്കാൽ കോടിയോളം രൂപയുടെ ചികിത്സാ സഹായ, സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പിലാക്കുവാൻ സംഘടനയ്ക്ക്‌ കഴിഞ്ഞു. ഇതിൽ കുവൈറ്റിലെ ഗാർഹിക മേഖലയിലും അടിസ്ഥാന മേഖലയിലും ജോലി നോക്കുന്ന നിർദ്ധനരായ രോഗികളും, പ്രതിമാസ തുടർചികിത്സാ സഹായ പദ്ധതിയുടെ ഭാഗമായി നാട്ടിൽ ദീർഘകാലം ചികിത്സ വേണ്ടിവരുന്ന കിടപ്പ്‌ രോഗികളും, ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന സാമ്പത്തിക പിന്നാക്കം നിൽക്കുന്ന കുട്ടികളും, ഒപ്പം നാട്ടിൽ നടപ്പാക്കുന്ന പ്രത്യേക വാർഷിക സാമൂഹ്യക്ഷേമപദ്ധതികളും ഉൾപ്പെടുന്നു.

എല്ലാ വർഷവും നടപ്പാക്കി വരുന്ന പ്രത്യേക സാമൂഹ്യക്ഷേമ പദ്ധതിയിൽ, ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ പശുപ്പാറയിൽ ഒരു പാലിയേറ്റീവ് കെയർ & കമ്മ്യൂണിറ്റി സെന്റർ നിർമ്മാണം പുരോഗമിക്കുകയാണ്. ഒപ്പം മുൻ വർഷത്തെ പ്രത്യേക പദ്ധതിയായ കാസർഗോഡ് കരിന്തളത്തെ ഫിസിയോ തെറാപ്പി സെന്റർ നിർമ്മാണം പൂർത്തിയായി, പൊതുജനങ്ങൾക്ക് സൗജന്യ ഫിസിയോതെറാപ്പി സേവനം നൽകിത്തുടങ്ങി. പ്രതിദിനം 20 ഓളം നിർദ്ധന രോഗികൾ ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

കൂടാതെ കാൻസർ രോഗികൾക്കും മറ്റും താമസ സൗകര്യം ഒരുക്കുന്ന തിരുവനന്തപുരം ട്രിഡ വിശ്രം സങ്കേത്, എല്ലാ ജില്ലകളിലുമുള്ള വിവിധ സന്നദ്ധ സംഘടനകൾ, തുടങ്ങിയവയ്ക്കുള്ള സഹായങ്ങളും പതിവായി നൽകിപ്പോരുന്നു.

ക്യാൻസർ രോഗം പെരുകുന്ന കേരളത്തിൽ, ഏറ്റവുമധികം ക്യാൻസർ ബാധിതരുള്ള കൊല്ലം ജില്ലയിലെ നീണ്ടകരയിൽ, തുടക്കത്തിലെ തന്നെ ക്യാൻസർ കണ്ടെത്തുന്നതിനുള്ള, തിരുവനന്തപുരം ആർസിസി യുടെ പദ്ധതിയായ മൊബൈൽ വാൻ ക്ലിനിക്, വയനാട്ടിലെ മേപ്പാടിയടുത്ത് ഒരു ഫിസിയോ തെറാപ്പി സെന്റർ, നിർദ്ധന വിദ്ധ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സഹായ പദ്ധതി, തിരുവനന്തപുരം വിശ്രാം സങ്കേതിലെ രോഗികൾക്കുള്ള സൗജന്യ താമസം- എന്നിങ്ങനെ
55 ലക്ഷം രൂപ ചിലവു പ്രതീക്ഷിക്കുന്ന പദ്ധതികളാണ് ഈ വർഷത്തെ പ്രത്യേക സഹായ പദ്ധതിയായി സാന്ത്വനം നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളത്‌.

ഫെബ്രുവരി 7 ആം തിയതി വെളളിയാഴ്ച്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കുന്ന, സാന്ത്വനം കുവൈറ്റിന്റെ 24 ആം വാർഷിക പൊതുയോഗത്തിലേക്ക്, കുവൈറ്റിലെ എല്ലാ പ്രവാസി മലയാളികളേയും സ്വാഗതം ചെയ്യുന്നതോടൊപ്പം, സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാ മനുഷ്യസ്നേഹികളും ഭാഗഭാക്കാകുവാനും സാന്ത്വനം പ്രസിഡന്റ് രാജേന്ദ്രൻ എം., സെക്രട്ടറി സന്തോഷ്‌ കുമാർ എസ്., ട്രഷറർ വിനോദ് കുമാർ എന്നിവരടങ്ങുന്ന സാന്ത്വനം പ്രവർത്തക സമിതി അഭ്യർത്ഥിച്ചു.

error: Content is protected !!