ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: രാജ്യത്തെ താമസ നിയമ ലംഘകർക്ക് ഇളവില്ലെന്ന് വ്യക്തമാക്കി അധികൃതർ. 2020 ന് മുമ്പുള്ള താമസ നിയമലംഘകർക്ക് ആഭ്യന്തരമന്ത്രാലയം റെസിഡൻസി പുതുക്കാനുള്ള അവസരം നല്‍കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. ഈ തീരുമാനമാണ് താല്‍ക്കാലികമായി പിന്‍വലിച്ചത്. റെസിഡൻസി ലംഘകരെ രാജ്യത്തുനിന്ന് നാടുകടത്തുന്നത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, രണ്ടായിരത്തോളം വിസ നിയമ ലംഘകര്‍ക്ക് 600 ദീനാർ പിഴ ഒടുക്കി റെസിഡൻസി പുതുക്കാന്‍ അനുവദിച്ചതായി പ്രാദേശിക മാധ്യമമായ അൽ സെയാസ്സ റിപ്പോർട്ട് ചെയ്തു.
2020 ന് മുമ്പുള്ള നിയമ ലംഘകർക്ക് നിശ്ചിത പിഴകൾ തീർപ്പാക്കി റെസിഡൻസി നില ശരിയാക്കാൻ അനുവദിക്കുന്ന പ്രക്രിയക്ക് ആഭ്യന്തര മന്ത്രാലയം തുടക്കമിട്ടതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ സമഗ്രമായ അവലോകനത്തിന് ശേഷം റെസിഡൻസ് അഫയേഴ്സ് ജനറൽ ഡിപ്പാർട്ട്മെന്റുകൾ ഇതിനായുള്ള നടപടികൾ തുടങ്ങിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 600 ദീനാറാണ് പിഴ അടച്ചു നിയമലംഘകർക്ക് റെസിഡൻസി പുതുക്കാമെന്നായിരുന്നു റിപ്പോർട്ട്.
ഒരു ലക്ഷത്തിലേറെ അനധികൃത താമസക്കാര്‍ രാജ്യത്ത് താമസിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ഇവരെ കണ്ടെത്തി നാടുകടത്തുന്നതിനായി ശക്തമായ പരിശോധനകൾ നടന്നു വരികയാണ്. കഴിഞ്ഞ വർഷം കുവൈത്തിൽനിന്ന് 42,000 പ്രവാസികളെ നാടുകടത്തിയിരുന്നു. പുതിയ തീരുമാനം റദ്ദാക്കിയതോടെ അടുത്ത ദിവസങ്ങളില്‍ രാജ്യത്ത് സുരക്ഷ പരിശോധന ശക്തമാകുമെന്നാണ് സൂചനകള്‍.
More Stories
പല്പക്ക് ഫഹാഹീൽ ഏരിയാ കമ്മിറ്റി വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു
കുവൈറ്റ് ഫയർഫോഴ്സ് , കെട്ടിട പരിശോധന ശക്തമാക്കുന്നു
ഭക്ഷ്യ ഉൽപന്നങ്ങളിൽ ട്രാൻസ് ഫാറ്റ് നിരോധിക്കാൻ ഒരുങ്ങി കുവൈറ്റ്