March 30, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഹൃദ്യമായ സ്വാഗതം , പ്രധാനമന്ത്രി ഇന്ന് കുവൈറ്റിലെത്തും : പ്രതീക്ഷയോടെ ഇന്ത്യൻ സമൂഹം

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ന് കുവൈറ്റിലെത്തും . 43 വര്‍ഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈറ്റിലെത്തുന്നത്. അതിനാൽ തന്നെ ഇന്ത്യൻ സമൂഹം വളരെ പ്രതീക്ഷയോടെയും ആവേശത്തിലുമാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം നോക്കിക്കാണുന്നത് . ഇന്ത്യ വന്‍തോതില്‍ ക്രൂഡ് ഓയിലും പ്രകൃതി വാതകവും വാങ്ങുന്ന രാജ്യമാണ് കുവൈറ്റ് . ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക സംയുക്ത സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സുപ്രധാനമായ പല കരാറുകളും ഒപ്പുവയ്ക്കാനുള്ള സാധ്യത ഏറെയാണ്.

1981 ലാണ് ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ഇതിനുമുൻപ് കുവൈറ്റ് സന്ദർശിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ മോദി സന്ദര്‍ശിക്കാത്ത ഏക രാജ്യവുമാണ് കുവൈറ്റ് . ഇന്ന് 3.50-ന് സബാ അല്‍ സാലിംമിലുള്ള ശെയ്ഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോര്‍ സ്പോര്‍ട്സ് ഹാളിലാണ് പൊതുപരിപാടി നടക്കുക.

12.30 മുതല്‍ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. പരിപാടിയ്ക്ക് ഒരു മണിക്കൂര്‍ മുൻപ് എല്ലാ ഗേറ്റുകളും അടയ്ക്കും. മുന്‍കൂട്ടി റജിസ്റ്റർ ചെയ്തവര്‍ക്കും പ്രത്യേകം ക്ഷണിച്ചവര്‍ക്കും ഇന്നലെ മുതല്‍ പാസ്, ഡിജിറ്റല്‍ ടിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഒരോ ടിക്കറ്റിലും സിവില്‍ ഐ.ഡി, പാസ്‌പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ നമ്പര്‍, സോണ്‍, ഗേറ്റ് അടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രിന്റ് കോപ്പിയോ, ഫോണിലോ ടിക്കറ്റ് കാണിക്കണം. ഒറിജിനല്‍ സിവില്‍ ഐഡി രേഖയോ മൊബൈല്‍ ഐഡിയോ ടിക്കറ്റിനൊപ്പം കാണിച്ചിരിക്കണം.

മൊബൈല്‍ ഫോണോ പേഴ്‌സോ അല്ലാതെ മറ്റൊന്നും കൈവശം പാടില്ല. ഫോണ്‍ സൈലന്റ് മോഡിൽ ആയിരിക്കണം. സോണ്‍ ഒന്ന്, സോണ്‍ രണ്ട്, വെല്‍ തുടങ്ങി വിവിധ വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ടിക്കറ്റില്‍ പറഞ്ഞ പ്രകാരമുള്ള സീറ്റ് നമ്പറിൽ തന്നെ വേണം ഇരിക്കാൻ. സോണ്‍ രണ്ടില്‍ പ്രത്യേകം സീറ്റ് നമ്പറുകള്‍ ഇല്ല. പൊതുസമ്മേളനത്തിന് ശേഷം ഇന്ത്യൻ തൊഴിലാളി ക്യാമ്പുകളും പ്രധാന മന്ത്രി സന്ദർശിക്കും കൂടാതെ അര്‍ദ്ദിയ യിലെ ഷെയ്ഖ് ജാബിര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ജി.സി.സി കപ്പ് ഫുഡ്‌ബോള്‍ മല്‍സരവേദിയും മോദി സന്ദർശിക്കും. നാളെ ഞായറാഴ്ച കുവൈറ്റ് ഭരണാധികാരികളുമായും കൂടിക്കാഴ്ച നടത്തും.

error: Content is protected !!