ലാൻഡ്മാർക്ക് പി.ഐ.സി ഫെർട്ടിലൈസർ പ്ലാൻ്റ് നീക്കം ചെയ്യൽ പദ്ധതി വിജയകരമായ പൂർത്തീകരിച്ചതിൻറ്റെ ആഘോഷ പരിപാടികൾ 2024 ഡിസംബർ 18-ന് ഫിൻറാസിലെ സഫീർ ഹോട്ടൽസ് & റിസോർട്ടിൽ സംഘടിപ്പിച്ചു. പ്ലാൻ്റ് പൊളിച്ചുമാറ്റൽ പദ്ധതി സമയബന്ധിതമായി പൂർത്തീകരിച്ചതോടെ, കുവൈറ്റിൻറ്റെ ചരിത്രത്തിലെ വലിയ തോതിലുള്ള പ്ലാൻ്റ് പൊളിച്ചുമാറ്റൽ സംരംഭമായി ഈ പദ്ധതി മാറിയെന്നും, ഇത് വലിയ നേട്ടമാണെന്നും എൻ.ബി.ടി.സി ഗ്രൂപ്പ് അവകാശപ്പെട്ടു.
2.4 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന 55,000 ടൺ ആസ്തിയുള്ള രണ്ട് അമോണിയ പ്ലാൻ്റുകൾ, മൂന്ന് യൂറിയ പ്ലാൻ്റുകൾ, അനുബന്ധ യൂട്ടിലിറ്റി സൗകര്യങ്ങൾ എന്നിവ പൊളിച്ചുനീക്കുന്നതായിരുന്നു 30 മാസത്തിലേറെ ദൈർഘ്യമുള്ള പദ്ധതി. വലിയ തോതിലുള്ളതും സങ്കീർണ്ണവുമായ പ്രോജക്ടുകൾ നടപ്പിലാക്കുന്നതിൽ എൻ.ബി.ടി.സിയുടെ കഴിവുകളെയാണ് ഈ പദ്ധതിയുടെ വിജയത്തിലൂടെ തെളിയിക്കുന്നതെന്ന് മാനേജ്മൻറ്റ് അവകാശപ്പെട്ടു.
അഹമ്മദി ഗവർണർ ശൈഖ് ഹമൂദ് ജാബർ അൽ അഹമ്മദ് അൽ സബാഹ്, എൻ.ബി.ടി.സി ആഘോഷ പരിപാടിയിൽ മുഖ്യ അതിഥിയായിരുന്നു. എൻബിടിസി ചെയർമാൻ മുഹമ്മദ് എൻ അൽ-ബദ്ദ, മാനേജിങ് ഡയറക്ടർ കെ.ജി. എബ്രഹാം എന്നിവർ പരിപാടിയിൽ അഭിസംബോധന ചെയ്തു സംസാരിച്ചു.
കുവൈറ്റ്, യുഎഇ, സൗദി അറേബ്യ, ഇന്ത്യ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ 30,000-ലധികം ജീവനക്കാരുള്ള കമ്പനിയുടെ മാനേജിങ് ഡയറക്ടർ എന്ന നിലയിൽ എൻബിടിസിയുടെ തുടക്കം മുതൽ നിലവിലെ നിലയിലേക്കുള്ള യാത്രയുടെ പ്രചോദനാത്മക അവലോകനം കെ.ജി എബ്രഹാം തൻറ്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. പദ്ധതിയുടെ മുഴുവൻ സമയവും പി.ഐ.സി നൽകിയ മികച്ച പിന്തുണക്ക് അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. പദ്ധതിയുടെ സമയത്ത് അവർ നൽകിയ സഹായങ്ങൾക്ക് അഭിനന്ദന സൂചകമായി, അഹമ്മദി ഗവർണർ, എൻബിടിസി ചെയർമാൻ, മാനേജിംഗ് ഡയറക്ടർ എന്നിവർ ചേർന്ന് പിഐസിക്ക് മെമൻ്റോ സമ്മാനിക്കുകയും ചെയ്തു. കുവൈറ്റിൻ്റെ വ്യാവസായിക രംഗത്ത് എൻബിടിസിയുടെ ശ്രദ്ധേയമായ സംഭാവനകളെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ച ഗവർണർ ഷെയ്ഖ് ഹമൂദ് ജാബർ അൽ അഹമ്മദ് അൽ സബാഹ്, പദ്ധതിയുടെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവെച്ച 32 ജീവനക്കാർക്ക് അനുമോദന മെമൻ്റോകൾ സമ്മാനിക്കുകയും ചെയ്തു.
കുവൈറ്റ് ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ ബെൻ പോൾ (ജെസിഡിഒ) സ്വാഗതം പറഞ്ഞു. തുടർന്ന് പ്രിൻസ് ജോൺ മാത്യു (ജനറൽ മാനേജർ – ഓപ്പറേഷൻസ്) പദ്ധതിയെക്കുറിച്ച് ആമുഖ പ്രസംഗവും നടത്തി. എൻബിടിസിയുടെ അചഞ്ചലമായ പ്രതിബദ്ധതയെയും അസാധാരണമായ നിർവ്വഹണത്തെയും അഭിനന്ദിച്ചുകൊണ്ട് പിഐസിയിലെ മാനുഫാക്ചറിംഗ് ആൻഡ് മാർക്കറ്റിംഗ് ഡെപ്യൂട്ടി സിഇഒ ഹംദ് ധക്കീൽ ബദാഹ് പ്രസംഗിച്ചു. മൂന്ന് മാസത്തിനുള്ളിൽ 46,000 ടൺ സാമഗ്രികൾ കൈമാറ്റം ചെയ്തതുൾപ്പെടെ കാര്യമായ വെല്ലുവിളികൾ തരണം ചെയ്ത് പദ്ധതി സമയപരിധിക്ക് മുമ്പ് പൂർത്തിയാക്കിയ എൻബിടിസി ടീമിന്റെ പ്രവർത്തനം പ്രതീക്ഷയ്ക്കപ്പുറത്തുള്ളതായിരുന്നെന്ന് അദ്ദേഹം പ്രശംസിച്ചു.
പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി (പിഐസി) മാനേജർമാരായ ഫാരിസ് സൗദ് അൽ ഫാരിസ്, റാഷിദ് അൽ അജ്മി, ഹുസൈൻ അൽ ഫദ്ലി, അഹമ്മദ് അബ്ദുൾ അമീർ അബ്ബാസ് എന്നിവരും പിഐസി-യിലെ വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തിരുന്നു. , കെ.എൻ.പി.സി, കെ.ഓ.സി, കിപിക്ക്, ഇക്വേറ്റ്, കുവൈറ്റ് ആഭ്യന്തര മന്ത്രാലയ പ്രതിനിധികൾ, ഗൾഫ് ബാങ്ക്, കൊമേർഷ്യൽ ബാങ്ക്, എൻബിടിസി ഡിപ്പാർട്ട്മെൻ്റ് മേധാവികൾ, ഡിഎംഡിമാർ, മാനേജ്മെൻ്റ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ, എൻബിടിസി ജീവനക്കാർ എന്നിവരും ഉച്ചഭക്ഷണ പരിപാടിയിൽ പങ്കെടുത്തു. ഈ പദ്ധതി മികച്ച വിജയമാക്കുന്നതിൽ പങ്കാളികളായ എല്ലാ ആളുകളെയും പിന്തുണക്കും അർപ്പണബോധത്തിനും പ്രോജക്റ്റ് മാനേജർ മണികണ്ഠൻ നന്ദി രേഖപ്പെടുത്തി.
ഈ നേട്ടം എൻബിടിസി-യുടെ മികവിനും പ്രതിബദ്ധതക്കുമുള്ള നേട്ടമാണെന്നും, ‘വൺ ടീം, വൺ ഫാമിലി’ എന്ന കമ്പനിയുടെ ആപ്തവാക്യത്തെ പ്രതിഫലിപ്പിക്കുന്നതെന്നും മാനേജ്മൻറ്റ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്