November 27, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്നിൽ മായാത്ത ഇന്നലെകൾ

റീന സാറാ വർഗീസ്


ഭാരതം പ്രസവിച്ച അമ്മയാണെങ്കിൽ സംരക്ഷണം ഒരുക്കിയ അമ്മയാണ് കുവൈറ്റ്. എന്നെപ്പോലെയുള്ള അനേകം പ്രവാസികളെ സംരക്ഷിച്ച് കരുതിയ നാട്. വിശപ്പകറ്റാൻ ആഹാരവും മാറിയുടുക്കാൻ വസ്ത്രവും കയറിക്കിടക്കാൻ വീടും മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കിയും തന്ന നാടിനെ സേവിക്കണമെന്ന് ചെറുപ്രായത്തിൽ തന്നെ മനസ്സിൽ കുറിച്ചിട്ടിരുന്നു.  ഞാൻ ജനിക്കുന്നതിന് എത്രയോ വർഷങ്ങൾക്കു മുൻപ് വല്ല്യമ്മച്ചിയുടെ ആങ്ങള, ഞാൻ പുത്തൻപുരയിലെ അപ്പച്ചനെന്ന് വിളിച്ചിരുന്ന വേങ്ങൽ കുര്യനെയാണ് കുവൈറ്റ് നാട് ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ആദ്യം സ്വീകരിക്കുന്നത്. എന്റെ പപ്പായടക്കം കുടുംബത്തിലെ എല്ലാവർക്കും  ആശ്രയമായ നാട്. നഴ്സിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കി കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേക്കുള്ള അഭിമുഖം നടക്കുന്നത്. അങ്ങനെ ഒക്ടോബർ 2 ഒരു ഗാന്ധിജയന്തി ദിനത്തിലാണ്  കുവൈറ്റ് എന്നെ ഇരു കൈകളും നീട്ടി ഹാർദ്ദമായി സ്വീകരിച്ചത്. അമീരി ഹോസ്പിറ്റലിലെ ഉദരരോഗ വിഭാഗത്തിലായിരുന്നു ആദ്യ നിയമനം. വി.വി.ഐ.പി വാർഡ് തുറക്കുമ്പോൾ അവിടെയും.

അന്നത്തെ ആ ദിവസം ഇന്നും മിഴിവോടെ ഓർക്കുന്നു. കേരളത്തിലെ  തനിനാട്ടിൻപുറത്ത് ജനിച്ചു വളർന്ന സാധാരണക്കാരിൽ സാധാരണക്കാരിയായ എനിക്ക് ലഭിച്ച മഹാഭാഗ്യമായിരുന്നു വർഷങ്ങൾക്കു മുൻപ് ലഭിച്ചത്. അന്ന് കിരീടവകാശിയായിരുന്ന His highness sheik Nawaf Al-Ahmad Al-Jaber Al-Sabah ശുശ്രൂഷിക്കാനുള്ള അവസരം!

അത്തരം സന്ദർഭങ്ങളിൽ സാധാരണ അനസ്തറ്റിസ്റ്റാണ് പരിശോധനകൾക്കായി രക്തം കളക്ട് ചെയ്തിരുന്നത്. അന്ന് വിദേശസ്വദേശിഡോക്ടർമാരും ആരോഗ്യമന്ത്രിയും മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥരും  അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ ഭാരതീയയായ ഞാനാ ജോലി ചെയ്തുവെങ്കിൽ അതു് ഹിസ് ഹൈനസിൻ്റെ എല്ലാവരെയും തുല്യരായി കാണുന്ന വിശാലമനസ്സു തന്നെയാണ്.
ഭാരതീയരായ ഓരോ നഴ്സിനും ലഭിച്ച അംഗീകാരമായി ചേർത്തുവയ്ക്കുന്നു.
തികഞ്ഞ നിശ്ശബ്ദതയോടെ സമ്മർദ്ദങ്ങളൊന്നും തരാതെ സാധാരണ ഒരു രോഗി എങ്ങനെയോ അങ്ങനെയാണ് ഞങ്ങൾക്കു മുൻപിൽ ഇരുന്നത്. ഇന്ത്യയെ കുറിച്ച് ഏറെ മതിപ്പോടെയാണ് സംസാരിച്ചത്.

എന്റെ  ജീവിതത്തിൻ്റെ പുണ്യവും ഔദ്യോഗിക ജീവിതത്തിലെ മറക്കാനാകാത്ത ദിനവും.
ദൈവത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹം.

ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച്, ജീവിതം തന്ന നാടിൻ്റെ  ആദരണീയനായ അമീർ നന്മയുടെ വലിയ പാഠം പകർന്ന് നാടുനീങ്ങുമ്പോൾ തീർത്താൽ തീരാത്ത ദുഃഖമുണ്ട്. ഹൃദയം നുറുങ്ങുന്ന വേദനയുണ്ട്. ശതകോടിപ്രണാമം.

റീന സാറാ വർഗ്ഗീസ്.

error: Content is protected !!