December 29, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി

ജ്ഞാനപീഠം ജേതാവും മലയാളത്തിലെ ഇതിഹാസ സാഹിത്യകാരനുമായി എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. ബുധനാഴ്ച രാത്രി പത്തോടെ കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.ഇന്ന് വൃക്കയും പ്രവർത്തന രഹിതമാകുകയായിരുന്നു. മൃതദേഹം ഇന്ന്തന്നെ വീട്ടിലേക്ക് കൊണ്ടുപോകും. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്.

സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. മകൾ അശ്വതി, ഭാര്യ സരസ്വതി ടീച്ചർ എന്നിവർ ആശുപത്രിയിലുണ്ടായിരുന്നു. മൂത്ത മകൾ സിത്താര യു എസിലാണ്. ശ്വാസ തടസത്തെ തുടര്‍ന്ന് എംടിയെ ഇക്കഴിഞ്ഞ 15നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ മറ്റ് അവയവങ്ങളുടെ പ്രവ‍ർത്തനവും മോശമായിരുന്നു. എംടിക്ക് ഹൃദയാഘാതം ഉണ്ടായെന്നും അതുമൂലുള്ള പ്രശ്‌നങ്ങള്‍ തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു. ഓക്‌സിജന്റെ അളവ് കുറയുന്നതിനാല്‍ വെന്റിലേറ്റര്‍ സഹായം വേണ്ടിവരുന്നെന്നും ഡോക്ടര്‍മാരുടെ വിദഗ്ധസംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

1933, ജൂലായ് 15 ന് ടി.നാരായണൻ നായരുടെയും അമ്മാളുവമ്മയുടെയും മകനായി പാലക്കാട്‌ ജില്ലയിലെ കൂടല്ലൂരിൽ ജനനം. തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടാണ് ചെറുപ്പക്കാലം ചെലവഴിച്ചത്. മലമക്കാവ് എലിമെൻ്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം. രസതന്ത്രമായിരുന്നു ഐച്ഛിക വിഷയം. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം അധ്യാപകനായി ഔദ്യോകിക ജീവിതം ആരംഭിച്ചു. 1954ൽ പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിലും പിന്നെ ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും അധ്യാപകനായി.

നോവൽ,കഥ, സിനിമാസംവിധാനം, തിരക്കഥ, നാടകം, സാഹിത്യ ചിന്തകൾ എന്നിങ്ങനെ ഇടപെട്ട മേഖലകളിൽ എല്ലാം വ്യത്യസ്തമായ മികവുകൾ ചാർത്തി അനശ്വരതയാർജ്ജിച്ച വ്യക്തിത്വമാണ്. എം ടി എന്ന ചുരുക്കപ്പേരിൽ കലാസാഹിത്യ രംഗങ്ങളിൽ അരനൂറ്റാണ്ടോളം നിറഞ്ഞു നിന്നു. അദ്ദേഹത്തിന്റെ ഒരു നോവൽ, കഥ, അല്ലെങ്കിൽ സിനിമ, പ്രഭാഷണം കാണാത്ത കേൾക്കാത്ത ആരുമുണ്ടാവില്ലെന്ന് മലയാള മനസുകളിലെയും നിത്യ സാന്നിധ്യമായിരുന്നു. മലയാള ഭാഷയെയും സംസ്കാരത്തെയം അത്രമേൽ സ്നേഹിക്കുമ്പോഴും ലോക സാഹിത്യത്തെ കുറിച്ച് അപാരമായ അറിവും ആഴത്തിലുള്ള വായനയും അദ്ദേഹത്തിന്റെ സർഗ്ഗവ്യാപാരത്തെ വിശാലമാക്കി. തർജ്ജമ ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ കൃതികൾക്ക് വിവിധ ഭാഷകളിൽ വായനക്കാരും ആരാധകരുമുണ്ടായി. രോഗശയ്യയിലാവുന്നതുവരെ പൊതുരംഗങ്ങളിൽ സജീവത തുടർന്നു. തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനായിരുന്നു. തുഞ്ചൻ ഉത്സവം ജനകീയമാക്കുന്നതിലും സ്മാരകം യാഥാർത്ഥ്യമാക്കുന്നതിലും മുൻനിരയിൽ പ്രവർത്തിച്ചു.

1948ൽ ‘ചിത്രകേരളം’ മാസികയിൽ പ്രസിദ്ധപ്പെടുത്തിയ ‘വിഷുക്കൈനീട്ട’മാണ്‌ ആദ്യകഥ. നാലുകെട്ട്, അസുരവത്ത്, മഞ്ഞ്, കാലം, വിലാപയാത്ര, രണ്ടാമൂഴം, വാരാണസി എന്നിവയാണ് ശ്രദ്ധേയമായ നോവലുകൾ. ആദ്യമായി പുസ്തക രൂപത്തിൽ പ്രസിധകരിച്ച നോവൽ നാലുകെട്ടാണ്. 1958 ലയിരുന്നു ഇത്. ആദ്യ നോവലിന് തന്നെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

1995-ൽ ഭാരതത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം പുരസ്കാരത്തിന് അർഹനായി. 2005-ൽ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്, 1986-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് എന്നിവ എംടിയെ തേടിയെത്തി. 1973ൽ നിർമ്മാല്യം സിനിമയ്ക്ക് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി. കൂടാതെ എഴുത്തച്ഛൻ പുരസ്കാരം, ജെ.സി. ദാനിയേൽ പുരസ്കാരം, മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾക്കുള്ള നാലപ്പാടൻ അവാർഡ് എന്നിവയ്ക്കും അദ്ദേഹം അർഹനായി.

ഒരു വടക്കൻ വീരഗാഥ, കടവ്, സദയം, പരിണയം എന്നീ ചലചിത്രങ്ങൾക്ക് മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്കാരത്തിന് അർഹനാക്കി. 1978ൽ ബന്ധനം, 1991ൽ കടവ്‌, 2009ൽ കേരള വർമ്മ പഴശ്ശിരാജ എന്നീ സിനിമകൾക്ക് മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന അവാർഡിന് അർഹനാക്കി. 2022-ൽ, കേരളസംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌ക്കാരമായ പ്രഥമ കേരളജ്യോതി പുരസ്‌ക്കാരത്തിനും എംടി അർഹനായി. പ്രശസ്‌ത നർത്തകി കലാമണ്ഡലം സരസ്വതിയാണ്‌ ഭാര്യ. മക്കൾ: സിതാര( അമേരിക്ക), അശ്വതി. മരുമക്കൾ: ശ്രീകാന്ത്‌ (നർത്തകൻ, ചെന്നൈ).സഞ്ജയ്‌ ഗിർമെ( അമേരിക്ക). ആദ്യ ഭാര്യ: പരേതയായ പ്രമീള.

error: Content is protected !!