ആ നിത്യവിസ്മയ നാദം നിലച്ചു. അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീർത്ത സ്വരം , മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1965ല്‍’കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രത്തിലെ പി.ഭാസ്‌കരൻറെ രചനയില്‍ പിറന്ന ‘ഒരുമുല്ലപ്പൂമാലയുമായ് ‘ എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടിയാണ് ചലച്ചിത്ര ഗാന ലോകത്തേക്ക് പി.ജയചന്ദ്രന്റെ ചുവടുവെപ്പ്.
എറണാകുളം ജില്ലയിലെ രവിപുരത്ത് 1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായായിരുന്നു പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന പി ജയചന്ദ്രൻറെ ജനനം .
മലയാളം, തമിഴ്, കന്നഡ, തെലുങ്ക് , ഹിന്ദി ഭാഷകളിലായി 15,000ല്‍ അധികം ഗാനങ്ങള്‍ ആലപിച്ചു.1967 ൽ പുറത്തിറങ്ങിയ സംവിധായകന്‍ എ.വിന്‍സെന്റ് , ദേവരാജന്‍- പി.ഭാസ്‌കരന്‍ കൂട്ടുകെട്ടില്‍ പിറന്ന ‘കളിത്തോഴന്‍’ എന്ന ചിത്രത്തിലെ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനത്തോടെ മലയാളികളുടെ ഭാവഗായകനായി ജയചന്ദ്രന്‍ മാറി. ഈ ചിത്രം 1967ലാണ് പുറത്തിറങ്ങിയത്.
ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ അവിടെ സംഗീതാദ്ധ്യാപകനായിരുന്ന കെ.വി.രാമനാഥനാണ് ആദ്യ ഗുരു. കഥകളി, മൃദംഗം, ചെണ്ടവായന, പൂരം, പാഠകം, ചാക്യാര്‍ക്കൂത്ത് എന്നിവയോടെല്ലാം താല്‍പ്പര്യമുണ്ടായിരുന്ന പി.ജയചന്ദ്രന്‍ സ്‌കൂള്‍തലത്തില്‍ തന്നെ ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങള്‍ നേടി. 1958ലെ യുവജനോത്സവത്തില്‍ ലളിത സംഗീതത്തിനും മൃദംഗത്തിനും ഒന്നാം സമ്മാനം കരസ്ഥമാക്കി.
1986ല്‍ പുറത്തിറങ്ങിയ ‘ശ്രീനാരായണ ഗുരു’ എന്ന ചിത്രത്തിലെ ‘ശിവശങ്കരാ സര്‍വ’ എന്ന ഗാനത്തിലൂടെ മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.
സംഗീതത്തിന് പുറമെ സിനിമാ അഭിനയത്തിലും ജയചന്ദ്രന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഹരിഹരന്റെ’നഖക്ഷതങ്ങള്‍’, ഒ.രാമദാസിന്റെ ‘ശ്രീ കൃഷ്ണപ്പരുന്ത്’ വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘ ട്രിവാന്‍ഡ്രം ലോഡ്ജ്’ എന്നീ സിനിമകളിലും നിരവധി സംഗീത ആല്‍ബങ്ങളിലും അദ്ദേഹം അഭിനയിച്ചു.
ആറ് തവണ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. .കേരള സർക്കാരിന്റെ ജെ സി ഡാനിയൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതിയും നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഭാര്യ ലളിത, ലക്ഷ്മി, ദിനനാഥ് എന്നവരാണ് മക്കള്‍.
More Stories
നാഫൊ ഗ്ലോബൽ കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പല്പക്ക് ഫഹാഹീൽ ഏരിയാ കമ്മിറ്റി വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു
കുവൈറ്റ് ഫയർഫോഴ്സ് , കെട്ടിട പരിശോധന ശക്തമാക്കുന്നു