60 വയസ്സിനു മുകളിലുള്ള ബിരുദധാരികൾ അല്ലാത്ത പ്രവാസികളുടെ താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കുവൈറ്റ് പിൻവലിച്ചു. ആക്റ്റിങ് പ്രധാന മന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാനവ ശേഷി സമിതി അധികൃതർ സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചത്. ഇത് പ്രകാരം നിലവിൽ രാജ്യത്ത് കഴിയുന്ന 60 വയസിനു മുകളിൽ പ്രായമായ ബിരുദ ധാരികൾ അല്ലാത്ത എല്ലാ പ്രവാസികൾക്കും അധിക ഫീസ് നൽകാതെ സാധാരണ രീതിയിൽ താമസ രേഖ പുതുക്കുവാൻ കഴിയും.
2021 ജനുവരി ഒന്ന് മുതലാണ് 60 വയസ്സ് പ്രായമായ ബിരുദ ധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്.പുതിയ തീരുമാനം പ്രകാരം ഈ വിഭാഗത്തിൽ പെട്ടവർക്ക് അധിക ഫീസ് കൂടാതെ സാധാരണ ഫീസ് നൽകി താമസ രേഖ പുതുക്കുവാനും മറ്റൊരു സ്പോൺസരുടെ കീഴിലേക്ക് ഇഖാമ മാറ്റം നടത്തുവാനും കഴിയും. രാജ്യത്തെ പരിചയ സമ്പന്നരായ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം, നേരത്തെ ഈ വിഭാഗത്തിൽ ഉൾപ്പെട്ട പ്രവാസികൾക്ക് ഇഖാമ പുതുക്കുന്നതിന് വലിയ പണ ചെലവ് വന്നിരുന്നു. ഇതേ തുടർന്ന് ആയിരക്കണക്കിന് പ്രവാസികൾക്കാണ് രാജ്യം വിടെണ്ടി വന്നത്.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
More Stories
പട്രോളിങ്ങ് ഡ്യൂട്ടിക്കിടെ പ്രവാസിയുടെ കാർ ഇടിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥർ മരണപ്പെട്ടു.
കേരള അസ്സോസിയേഷൻ കുവൈറ്റ് ‘നോട്ടം’ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 6 ന്
കുവൈറ്റ് വയനാട് അസോസിയേഷൻ വിന്റർ പിക്നിക് സംഘടിപ്പിച്ചു