ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റും ചൈനയും തമ്മിൽ 2024-28 വരെ വിവിധ മേഖലകളിൽ യോജിച്ചു പ്രവർത്തിക്കാൻ സഹകരണ കരാറുകളിൽ ഒപ്പുവെച്ചു. കുവൈറ്റ് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ്ങും ഇതിന് സാക്ഷ്യം വഹിച്ചു. കുവൈറ്റ് വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹും കമ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ അംഗവും പാർട്ടിയുടെ വിദേശകാര്യ സമിതി ഡയറക്ടറുമായ വാങ് യീയുമാണ് ഉടമ്പടികളിൽ ഒപ്പുവെച്ചത്.
കുറഞ്ഞ കാർബൺ റീസൈക്ലിങ് ഗ്രീൻ സംവിധാനം, ജലശുദ്ധീകരണ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ സംബന്ധിച്ചാണ് ധാരണപത്രം തയാറാക്കിയത്. ഊർജ സംവിധാനങ്ങളെക്കുറിച്ചും പുനരുപയോഗ ഊർജത്തെക്കുറിച്ചും കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. ജാസിം അൽ ഉസ്താദ് ചൈനീസ് ദേശീയ ഊർജ വകുപ്പുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു.
മുബാറക് അൽ കബീർ തുറമുഖ വികസനം സംബന്ധിച്ചും ഇരുരാജ്യങ്ങളും ധാരണയിലെത്തി. കുവൈറ്റ് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. സാദ് അൽ ബറാക്ക് ചൈനീസ് ഗതാഗത മന്ത്രി ലി സിയാവോപെങ്ങുമായി ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചു.
സാമ്പത്തിക, സ്വതന്ത്ര മേഖലകൾ സംബന്ധിച്ച്, കുവൈത്ത് വിദേശകാര്യ മന്ത്രി കുവൈറ്റ് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റിയെ (കെ.ഡി.പി.എ) പ്രതിനിധാനം ചെയ്ത് ചൈനീസ് വാണിജ്യ മന്ത്രി വാങ് വെന്റാവോയുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഭവന വികസനം സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ ഹൗസിങ് വെൽഫെയറും ചൈനീസ് വ്യാപാര മന്ത്രാലയവും തമ്മിലും ധാരണയായി.
More Stories
സാരഥി കുവൈറ്റ്, കലാമാമാങ്കം സർഗ്ഗസംഗമം -2025 സംഘടിപ്പിച്ചു.
സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ സാന്തോം ഫെസ്റ്റ് 2024 ആഘോഷിച്ചു.
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം