ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ആഗോള മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ എയിംനയുടെ ആഭിമുഖ്യത്തിൽ നഴ്സുമാരുടെ മാത്രം രചനകൾ ഉൾക്കൊള്ളിച്ചുള്ള
ലോകത്തെ ആദ്യ കഥാസമാഹാരം
ജനിമൃതികളുടെ കാവൽക്കാരുടെ കവർ പ്രകാശനം കുവൈറ്റിൽ നടന്നു. നൈറ്റിംഗേൽസ് ഓഫ് കുവൈറ്റ് നഴ്സസ് ദിനാഘോഷ വേദിയിൽ
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാദർ ഡേവിഡ് ചിറമേൽ സാമൂഹ്യപ്രവർത്തകൻ
ബിജോയ് പാലക്കുന്നേലിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പുസ്തകത്തിൽ കഥകൾ എഴുതിയ കുവൈറ്റിൽ നിന്നുള്ള എഴുത്തുകാരായ സാജു സ്റ്റീഫൻ, റീനാ സാറാ വർഗീസ്, ജീനാ ഷൈജു എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
“ജാതിമതവർണ്ണവംശ ഭേദം നോക്കാതെ ലോകത്തിന്റെ നാനാ മൂലകളിലെ വേദനിക്കുന്നവരെയും കരയുന്നവരെയും പരിചരിക്കാനും സാന്ത്വനപ്പെടുത്താനും അവരോട് ചേർന്ന് നിൽക്കാനുമായി സ്വന്തം എന്ന് പറയാവുന്നതെല്ലാം എത്രയോ ദൂരെ ഉപേക്ഷിച്ച് സന്നിഹിതരായ ആളുകളുടെ സൃഷ്ടികൾ. അതിനാൽ നമുക്ക് ഈ കഥാസമ്പുടത്തെ താണു വീണു നമസ്കരിച്ച് സ്വാഗതം ചെയ്യാം. പാൽക്കടലിൽനിന്ന് മുക്കിയ ഏതാനും കൈക്കുമ്പിളുകൾ” എന്നാണ് അക്ഷര കുലപതി സി.രാധാകൃഷ്ണൻ തൻ്റെ അവതാരികയിൽ പുസ്തകത്തെ വിശേഷിപ്പിച്ചത്.
ആഗോള മലയാളി നഴ്സസ് കൂട്ടായ്മയുടെ സ്ഥാപകൻ സിനു ജോൺ കറ്റാനത്തിന്റെ നവീന ആശയത്തിൽ ഉരുതിരിഞ്ഞ ഒരു പദ്ധതിയായിരുന്നു 2012ൽ ആരംഭിച്ച എയിംന. നേഴ്സുമാരുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുവാനും ഒപ്പം തൊഴിൽ വിദ്യാഭ്യാസ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാനുമായി രൂപീകൃതമായ ഈ സമൂഹമാധ്യമ കൂട്ടായ്മയിൽ നിലവിൽ മുപ്പതിലധികം രാജ്യങ്ങളിൽ നിന്നായി ഒന്നേകാൽ ലക്ഷത്തോളം അംഗങ്ങളുണ്ട്. നഴ്സുമാരുടെ മാത്രം കഥകൾ ഉൾക്കൊള്ളിച്ചുള്ള കഥാസമാഹാരം എന്നുള്ള ആശയത്തിൽ അധിഷ്ഠിതമായി വിവിധ രാജ്യങ്ങളിൽ നിന്ന് നഴ്സുമാർ അയച്ച കഥകളിൽ തെരഞ്ഞെടുത്ത 20- എണ്ണം ഉൾക്കൊള്ളിച്ചാണ് ‘ജനിമൃതികളുടെ കാവൽക്കാർ’ എയിംനയുടെ ആഭിമുഖ്യത്തിൽ രൂപകല്പന ചെയ്തത്. ഇതിൽ കുവൈറ്റിൽ നിന്നുള്ള മൂന്ന് രചയിതാക്കളുടെ കഥകളും ഉൾപ്പെടുത്തി.
ജഹ്റ-2 ആശുപത്രിയിൽ നഴ്സായ സാജു സ്റ്റീഫൻ എഴുതിയ ‘മുനമ്പ്’ എന്ന കഥ പ്രവാസത്തിന്റെ സന്ദിഗ്തകളെയും അവസാനമില്ലാത്ത വേദനകളെയും വരച്ചു കാട്ടുന്നു. ഫഹദ് അൽ അഹമദ് ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന റീനാ സാറാ വർഗീസിന്റെ, ‘സക്കറിയായുടെ മകൾ, സലോമ’ ജീവിതത്തിന്റെ തീക്ഷ്ണവും തിക്തവുമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഗ്രാമീണ ജീവിതങ്ങളുടെ നേർക്കാഴ്ചയാണ്. ഒരായുഷ്കാലത്ത് നിർവചിക്കാനാവാത്ത അസാധാരണവും വ്യത്യസ്തവുമായ ഇതിവൃത്തമാണ് അദാൻ ആശുപത്രിയിൽ നഴ്സായ ജീനാ ഷൈജു ‘ശ്യാമ- എ ലിവിങ്ങ് എയ്ഞ്ചൽ’ എന്ന കഥയിലൂടെ എഴുതിയിരിക്കുന്നത്.
ലോഗോസ് ബുക്ക്സ് പട്ടാമ്പിയാണ് പുസ്തകത്തിൻ്റെ പ്രസാധകർ.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്