ഇന്ത്യൻ സമൂഹത്തിന്റെ ഉത്സവ നാളിലേക്ക് ഇനി മണിക്കൂറുകൾ മാത്രം: ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കൊടിയേറി രാത്രി 9 മണി വരെ സാൽമിയ സീനിയർ സ്ക്കൂൾ അങ്കണത്തിൽ നടക്കും. അനേകം വർഷങ്ങളായി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടേയും കൂടാതെ, ഇന്ത്യൻ സമൂഹത്തിന്റെ തന്നെ ആഘോഷമായി ICSK കാർണിവൽ മാറിക്കഴിഞ്ഞിരുന്നു.
പ്രായഭേദമന്യേ എല്ലാവർക്കും വിനോദവും വിജ്ഞാനവും നിറഞ്ഞ മുഴുദിന പരിപാടികൾ ഈ ദിവസത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. വളരെ സദുദ്ദേശപരമായ പ്രവർത്തനങ്ങൾക്കുവേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള കാർണിവൽ ഓരോ വർഷവും കൂടുതൽ മികച്ചതാക്കാൻ അശ്രാന്ത പരിശ്രമത്തിലാണ് ടീം ICSK.
കാർണിവൽ വർണാഭമാക്കുന്നതിനായി ഇന്ത്യയിൽ നിന്നും പ്രാദേശികമായും താരങ്ങളുടെ ഒരു നിര തന്നെ അരങ്ങിലെത്തുന്നുണ്ട്. വാട്ടർ ആൻഡ് ഫയർ ഡ്രംസ് വാദകൻ “അക്കി” – താളത്തിന്റെ ദൃശ്യ ചാരുത അവതരിപ്പിക്കാനെത്തുന്നു.
സംഗീതത്തിലൂടെയും. വെൻട്രിലോക്വിസത്തിലൂടെയും കാണികളെ പൊട്ടിച്ചിരിപ്പിക്കുന്ന വിഖ്യാത ഹാസ്യ കലാകാരൻ വിനേഷ് പാണ്ഡെ പിരിമുറുക്കങ്ങളെ അയച്ചിറക്കും. യുവസിരകളിൽ ആധുനിക സംഗീതലഹരി പടർത്താനായി പ്രശസ്തിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന “ഡിജെ വെൻസ്” ഓഡിറ്റോറിയത്തിലെ ത്രസിപ്പിക്കുന്ന സജ്ജീകരണങ്ങൾക്കു നടുവിലെത്തും.
കോമഡി പരിപാടികൾ. സംഗീത ബാൻഡുകൾ, ലേസർ ഷോ, പരമ്പരാഗത തനൂറാ നൃത്തം, അറബി- നാടോടി നൃത്തങ്ങൾ, മാന്ത്രിക പ്രകടനകൾ തുടങ്ങിയവ വിനോദകരമാകുമെന്നുറപ്പ്. പ്രേക്ഷകർക്ക് ഭാഗമാകാവുന്ന ഫാമിലി ഫാഷൻ ഷോ. മൈലാഞ്ചിയിടീൽ മത്സരങ്ങളും കാർണിവലിൽ ഉണ്ട്.
രുചികരമായ വിഭവങ്ങളുമായി ഇരുപതിലധികം ഫുഡ് സ്റ്റാളുകളും, കരകൗശല വസ്തുക്കളിൽ തുടങ്ങി നിത്യോപയോഗ സാധനങ്ങൾ വരെ വിൽക്കുന്ന മുപ്പത്തിൽപ്പരം വിൽപ്പന കേന്ദ്രങ്ങളും പവിലിയനിൽ ഉണ്ടാകും.
സാമ്പത്തികമായി സഹായം ആവശ്യമുള്ള വിദ്യാർത്ഥികളുടെ പഠനത്തിന് ഫണ്ട് കണ്ടെത്തുകയെന്ന മഹത്തായ കർമ്മമാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. കാർണിവലിലൂടെ ലഭിക്കുന്ന വരുമാനം പൂർണമായും സമൂഹത്തിൽ താഴേത്തട്ടിൽ നിൽക്കുന്ന വിദ്യാർത്ഥികളുടെ പഠനചിലവുകൾക്കായി മാറ്റി വെക്കും. ഇതിനോടകം ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ഇത്തരത്തിൽ പഠനം പൂർത്തിയാക്കി ജീവിതത്തിൽ മുൻനിരയിലേക്ക് എത്തിക്കഴിഞ്ഞു എന്നത് ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ – കുവൈറ്റിനും ഇന്ത്യൻ സമൂഹത്തിനുതന്നെയും അഭിമാനകരമാണ്.
ICSK കാർണിവൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സമൂഹത്തോടും. തിരിച്ചുമുള്ള കടപ്പാടിന്റെയും സമർപ്പണത്തിന്റെയും ഉത്തമ നിദാനമാണെന്ന് സീനിയർ സ്കൂൾ പ്രിൻസിപ്പാളും ചീഫ് അഡ്‌മിനിസ്ട്രേറ്ററുമായ ഡോ. വി. ബിനുമോൻ സാക്ഷ്യപ്പെടുത്തി.
More Stories
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു
സാരഥി കുവൈറ്റ്, കലാമാമാങ്കം സർഗ്ഗസംഗമം -2025 സംഘടിപ്പിച്ചു.
സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ സാന്തോം ഫെസ്റ്റ് 2024 ആഘോഷിച്ചു.