ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ജി.സി.സി റെയിൽവേ പദ്ധതിയുടെ ഒന്നാം ഘട്ടം തയാറാക്കുന്നതിനുള്ള നടപടികള്‍ കുവൈത്തിൽ ആരംഭിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി വിവിധ കമ്പനികൾ സമർപ്പിച്ച രേഖകളിൽ വിശദപരിശോധന നടത്താൻ സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡർ (സി.എ.പി.ടി) റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷന് നിർദേശം നൽകി.
ഒന്നാം ഘട്ട റെയിൽവേ പ്രോജക്ടിനായി ഒമ്പത് കമ്പനികളാണ് രംഗത്തുള്ളത്. ഇവ സമർപ്പിച്ച ബിഡ് പരിശോധന പൂര്‍ത്തിയാക്കി കരാര്‍ ഉടന്‍ ഉറപ്പിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതോടെ പദ്ധതിയുടെ പ്രത്യക്ഷ നടപടികൾ ആരംഭിക്കും. കണ്‍സൽട്ടന്‍സി പഠനവും രൂപരേഖയുമാണ് ആദ്യഘട്ടമായി തയാറാക്കുക.
റെയിൽവേ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ജി.സി.സി രാജ്യങ്ങളിലേക്കുള്ള കണക്ടിവിറ്റി ഉൾപ്പെടുന്നുണ്ട്. സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽനിന്ന് കുവൈറ്റ് സിറ്റി വരെയാണ് റെയില്‍ പാത നിര്‍മിക്കുക. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം, സെവൻത് റിങ് റോഡ്, മുബാറക് അൽ കബീർ പോർട്ട് എന്നിവയും പദ്ധതിയുടെ ഭാഗമാകും. ഒന്നാം ഘട്ടം ജി.സി.സി റൂട്ടിന്റെ 111 കിലോമീറ്ററും രണ്ടാം ഘട്ടം മുബാറക് അൽ കബീർ തുറമുഖം വരെ 154 കിലോമീറ്ററും ഉൾക്കൊള്ളുന്നു.
2,117 കിലോമീറ്ററാണ് ജി.സി.സി റെയില്‍വേയുടെ ആകെ ദൂരം. യാത്രയും ചരക്കുനീക്കവും എളുപ്പമാക്കുകയും ചെലവ് കുറക്കുകയും ചെയ്യുമെന്നതിനാൽ ജി.സി.സി രാജ്യങ്ങളിലും കുവൈറ്റിലും ഗതാഗതരംഗത്തെ വലിയ മാറ്റത്തിന് റെയിൽപാത ഇടയാക്കും.
More Stories
60 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ അതിശൈത്യ കാലാവസ്ഥയിൽ കുവൈറ്റ്
രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ നവ സാരഥികൾ
24 ആം വാർഷിക പൊതുയോഗം സംഘടിപ്പിച്ച് ‘സാന്ത്വനം കുവൈറ്റ്