March 29, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു.92 വയസായിരുന്നു. രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു,

കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ തുടങ്ങിവര്‍ അദ്ദേഹത്തിന്‍റെ വിനിയോഗത്തില്‍ അനുശോചിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും അനുശോചനം അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ദീര്‍ഘകാലമായി അദ്ദേഹം സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരില്‍ ഒരാളായിരുന്നു മന്‍മോഹന്‍ സിങ്. 2004 മുതല്‍ 2014 വരെയുള്ള യുപിഎ ഭരണകാലത്ത് തുടര്‍ച്ചയായ രണ്ട് തവണയാണ് മന്‍മോഹന്‍സിങ് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. പ വി നരസിംഹ റാവു ഗവണ്‍മെന്റിലെ ധനകാര്യമന്ത്രിയായിരുന്നു. 2024 ഏപ്രിലില്‍ രാജ്യസഭയില്‍ നിന്ന് അദ്ദേഹം രാജിവെച്ചു.

രാജ്യത്ത് സാമ്പത്തിക ഉദാരവത്ക്കരണ നയങ്ങള്‍ക്ക് തുടക്കം കുറിച്ച ധനകാര്യമന്ത്രി എന്ന നിലയിലാകും കാലം ഡോ. മന്‍മോഹന്‍സിങിനെ അടയാളപ്പെടുത്തുക. സ്വകാര്യവത്ക്കരണം, ഉദാരവത്ക്കരണം, ആഗോളവത്ക്കരണം എന്ന മൂന്ന് ആശയങ്ങളിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയെ അദ്ദേഹം പൊളിച്ചെഴുതി.

1991ല്‍ പി വി നരസിംഹറാവു പ്രധാനമന്ത്രി ആയിരിക്കെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ പെട്ടുഴലുമ്പോഴാണ് സാമ്പത്തിക വിദഗ്ദ്ധന്‍ കൂടിയായ അന്നത്തെ ധനകാര്യമന്ത്രി ഡോ.മന്‍മോഹന്‍സിങ് തന്‍റെ പുത്തന്‍ സാമ്പത്തിക നയങ്ങളുമായി രംഗപ്രവേശനം ചെയ്‌തത്. രാജ്യത്തിന്‍റെ സമ്പദ്ഘടനയില്‍ സമൂലമാറ്റമുണ്ടാക്കിയ പുത്തന്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും കനത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനായി. ആഗോളതലത്തില്‍ മന്‍മോഹന്‍സിങിന്‍റെ സാമ്പത്തിക നയങ്ങള്‍ വന്‍തോതില്‍ പ്രകീര്‍ത്തിക്കപ്പെട്ടു.

1932 സെപ്റ്റംബര്‍ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹില്‍, സിഖ് കുടുംബത്തിലായിരുന്നു ജനനം. ഗുര്‍മുഖ് സിങും അമൃത് കൗറുമായിരുന്നു മന്‍മോഹന്‍ സിങിന്റെ മാതാപിതാക്കള്‍. ഇന്ത്യന്‍ രാഷ്‌ട്രീയ നേതാവ്, സാമ്പത്തിക വിദഗ്ദ്ധന്‍, അക്കാദമിക് പണ്ഡിതന്‍, ഉന്നത ഉദ്യോഗസ്ഥന്‍ തുടങ്ങിയ മേഖലകളില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. ഒരു ദശകം ഇന്ത്യന്‍ പ്രധാനമന്ത്രി പദം അലങ്കരിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, നരേന്ദ്രമോദി എന്നിവര്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച നാലാമത്തെ വ്യക്തിയാണ് മന്‍മോഹന്‍സിങ്.

രാജ്യത്തെ ആദ്യ സിക്ക് പ്രധാനമന്ത്രി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി രണ്ടാം വട്ടവും പ്രധാനമന്ത്രി പദത്തിലെത്തിയ വ്യക്തിയെന്ന പ്രത്യേകതയും മന്‍മോഹന്‍സിങിനുണ്ട്.

error: Content is protected !!