47,000 ത്തോളം സ്വദേശികൾ ബയോമെട്രിക് സമയപരിധിക്കുള്ളിൽ പൂർത്തിയാക്കിയില്ല , ഏകദേശം 35,000 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു .
ബയോമെട്രിക് രജിസ്ട്രേഷന് സ്വദേശികൾക്ക് അനുവദിച്ച സമയപരിധി സെപ്റ്റംബർ 30 ന് അവസാനിച്ചതോടെ പൂര്ത്തിയാക്കാത്തവർക്കെതിരെ നടപടികൾ തുടങ്ങി അധികൃതർ.ഏകദേശം 35,000 ബാങ്ക് ഉപഭോക്താക്കൾക്ക് ഇന്നലെ അറിയിപ്പ് ലഭിച്ചതായി ബാങ്കിംഗ് വൃത്തങ്ങൾ അറിയിച്ചു .സ്വദേശികൾക്ക് ബയോമെട്രിക് പൂര്ത്തിയാക്കാനുള്ള അവസാന ദിവസം സെപ്റ്റംബർ 30 ആയിരുന്നു. ഇതിനു പിറകെയാണ് നടപടികൾ പൂർത്തിയാക്കാത്തവരുടെ അക്കൗണ്ടുകള് മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
ഇനിയും 47,000 ത്തോളം സ്വദേശികൾ ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഉണ്ടെന്നാണ് റിപ്പോർട്ട്. നവംബർ ഒന്നു മുതല് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവരുടെ എല്ലാ ബാങ്കിങ് ഇടപാടുകളും താൽക്കാലികമായി നിർത്തിവെക്കുമെന്ന് ആഭ്യന്തരമന്ത്രാലയം നേരത്തെ വ്യക്തമാക്കിയുന്നു.
തുടക്കത്തില് ഇലക്ട്രോണിക് പേമെന്റുകള്, പണം കൈമാറ്റം എന്നിവ താല്ക്കാലികമായി നിര്ത്തിവെക്കും. തുടര്ന്ന് ബാങ്ക്, വിസ, മാസ്റ്റർ കാർഡുകൾ പിന്വലിക്കും. നിക്ഷേപവും മരവിപ്പിക്കും. അതിനിടെ, ഷോപ്പിങ് മാളുകളിലെ ബയോമെട്രിക് ഫിംഗർപ്രിന്റ് സെന്ററുകൾ ഒക്ടോബർ ഒന്നിന് പ്രവർത്തനം അവസാനിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക കേന്ദ്രങ്ങളിൽ ഇനി സൗകര്യം തുടരും.
928,684 പൗരന്മാർ ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഗവൺമെൻ്റ്, ബാങ്കിംഗ് ഇടപാടുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന പൗരന്മാർക്ക് വിരലടയാളം പൂർത്തിയാക്കാൻ അതത് ഗവർണറേറ്റുകളിലെ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെൻ്റിന് കീഴിലുള്ള വ്യക്തിഗത അന്വേഷണ വകുപ്പുകൾ സന്ദർശിക്കാമെന്നും അത് ഊന്നിപ്പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ, അവരുടെ ഇടപാടുകളുടെ സസ്പെൻഷൻ സ്വയമേവ പിൻവലിക്കപ്പെടും
പ്രവാസികൾക്ക് ഡിസംബർ 31 ആണ് ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാനുള്ള അവസാന തീയതി. പ്രവാസികളിൽ ഏകദേശം 790,000 പേർ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടില്ലെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. കൂടുതൽ സങ്കീർണതകൾ ഒഴിവാക്കാനും രജിസ്ട്രേഷൻ വേഗത്തിൽ പൂർത്തിയാക്കാനും അധികൃതർ അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്