ഗൾഫ് ഡെസ്ക്
റിയാദ്∙ എണ്ണം ഉൽപാദനം വെട്ടിക്കുറയ്ക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനവുമായി കുവൈറ്റും മറ്റ് ഒപെക് പ്ലസ് രാജ്യങ്ങളും. രാജ്യാന്തര വിപണിയിൽ വില സ്ഥിരത ലക്ഷ്യമിട്ടാണ് നീക്കം. എല്ലാ രാജ്യങ്ങളും ചേർന്നു പ്രതിദിനം 1.5 ദശലക്ഷം ബാരലിലേറെ ഉൽപാദനം കുറയ്ക്കും. മേയ് മുതൽ ഈ വർഷം അവസാനം വരെ കുവൈറ്റ് പ്രതിദിനം 1,28,000 ബാരലും സൗദി അറേബ്യ പ്രതിദിനം 5,00,000 ബാരൽ (ബിപിഡി) എണ്ണം ഉൽപാദനം കുറയ്ക്കും. 2023 അവസാനം വരെ ഉൽപാദനം 5,00,000 ബാരൽ വെട്ടിക്കുറയ്ക്കുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രിയും സ്ഥിരീകരിച്ചു.
യുഎഇ, കുവൈത്ത്, ഇറാഖ്, ഒമാൻ, അൽജീരിയ എന്നിവയുൾപ്പെടെ മറ്റ് ഒപെക് പ്ലസ് രാജ്യങ്ങളും ഇതേ കാലയളവിൽ ഉൽപാദനം വെട്ടിക്കുറയ്ക്കുമെന്നു പ്രഖ്യാപിച്ചു. യുഎഇ ഉൽപ്പാദനം 1,44,000 ബാരൽ കുറയ്ക്കുമെന്ന് അറിയിച്ചു . ഇറാഖ് 2,11,000 ബാരലും ഒമാൻ 40,000 ബാരലും അൽജീരിയ 48,000 ബാരലും കുറയ്ക്കും. തിങ്കളാഴ്ച ഒപെക് പ്ലസ് രാജ്യങ്ങളുടെ മിനിസ്റ്റീരിയൽ പാനൽ യോഗം ചേരാനിരിക്കെയാണ് അപ്രതീക്ഷിത പ്രഖ്യാപനം.
കഴിഞ്ഞ ഒക്ടോബറിൽ, നവംബർ മുതൽ വർഷാവസാനം വരെ 2 ദശലക്ഷം ബാരൽ ഉൽപാദനം വെട്ടിക്കുറയ്ക്കുമെന്ന് ഒപെക് പ്ലസ് രാജ്യങ്ങൾ അറിയിച്ചിരുന്നു. എന്നാൽ, വില വർധനയ്ക്കു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ഈ തീരുമാനത്തെ യുഎസ് എതിർത്തിരുന്നു. സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനും യുക്രയ്ൻ യുദ്ധത്തിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനു കൂടുതൽ ധനസഹായം ലഭിക്കാതിരിക്കുന്നതിനും എണ്ണവില കുറഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്ന് യുഎസ് ചൂണ്ടിക്കാട്ടിയിരുന്നു. ഒക്ടോബറിൽ ഉൽപാദനം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിനു പുറമേയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വെട്ടിക്കുറയ്ക്കൽ.
More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു