January 20, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിലെ ഇന്ത്യക്കാർക്ക് മികച്ച സേവനം ഉറപ്പുവരുത്തും : അംബാസഡർ സിബി ജോർജ് ; ‘ ഓപ്പൺ ഹൗസിന്’ ഗംഭീര തുടക്കം

Times of Kuwait

കുവൈത്ത് സിറ്റി : കുവൈറ്റിലെ ഇന്ത്യക്കാർക്ക് മികച്ച സേവനം ഉറപ്പുവരുത്തുമെന്ന് അംബാസഡർ സിബി ജോർജ് . പുതിയതായി ചുമതല എടുത്തതിനു ശേഷം ആദ്യമായി സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈറ്റിലെ ഇന്ത്യക്കാർക്ക് നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ഇന്ത്യൻ എംബസിയിൽ നടന്നുവന്നിരുന്ന ഓപ്പൺ ഹൗസ് ഏറെ നാളായി മുടങ്ങി കിടക്കുകയായിരുന്നു. അംബാസഡർ സിബി ജോർജ് ചുമതല ഏറ്റെടുത്തതിന് ശേഷം ഇന്നാണ് ആദ്യമായി ഓപ്പൺ ഹൗസ് ആരംഭിച്ചത്. ഇനിമുതൽ എല്ലാ ബുധനാഴ്ചകളിലും ഇത് തുടരുമെന്നുള്ള അദ്ദേഹത്തിൻറെ പ്രഖ്യാപനം ഹർഷാരവത്തോടെയാണ് സദസ്സിൽ ഇരുന്നവർ സ്വീകരിച്ചത്.
കുവൈത്തിലെ ഇന്ത്യൻ പ്രവാസി
സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. പൊതുമാപ്പ് കാലത്ത് ഔട്ട്പാസ് ലഭിച്ചിട്ടും നാട്ടിൽ പോകാൻ കഴിയാത്തവരുടെയും വിമാനസർവീസുകൾക്ക് വിലക്കുള്ളതിനാൽ നാട്ടിൽ കുടുങ്ങിക്കിടക്കുന്നവരുടെയും തൊഴിൽ മേഖലയിൽ ചൂഷണത്തിനിരയാകുന്നവരുടെയും
പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൻജിനീയർമാരും ആരോഗ്യ പ്രവർത്തകരും നേരിടുന്ന പ്രശ്നങ്ങളും മനസ്സിലാക്കിയതായി അദ്ദേഹം പറഞ്ഞു . എല്ലാ പ്രശ്നങ്ങളിലും സത്വര നടപടി ഉണ്ടാകുമെന്നും നിയമ പരിരക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ എംബസിയുടെ പ്രവർത്തനങ്ങളിൽ സുതാര്യത കാത്തുസൂക്ഷിക്കുമെന്നും വിവേചനം കൂടാതെ എല്ലാ ഇന്ത്യക്കാർക്കും അനായാസേന സേവനങ്ങൾ നടപ്പിലാക്കുവാൻ ശ്രമിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സാമൂഹിക സാംസ്കാരിക സംഘടനകൾ ഇന്ത്യൻ സമൂഹത്തിലെ അഭിവാജ്യ ഘടകമാണെന്നും ക്ഷേമപ്രവർത്തനങ്ങൾ അവയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യക്കാർക്ക് അവരുടെ പരാതികളും
നിർദ്ദേശങ്ങളുമെല്ലാം മെയിലിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും
അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തു ലക്ഷത്തോളം വരുന്ന കുവൈറ്റിലെ ഇന്ത്യൻ സമൂഹം വളരെയേറെ പ്രതീക്ഷയോടെ ആണ് അദ്ദേഹത്തിൻറെ വാക്കുകൾക്ക് കാതോർക്കുന്നത്. ഒപ്പം പ്രവാസി സംഘടനകൾക്കും വ്യക്തമായ പ്രാതിനിധ്യം ഉണ്ടാകും എന്നുള്ള ഉറപ്പ് പ്രവാസി സമൂഹത്തിന് പ്രത്യാശ നൽകുന്നു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!