ഇന്ന് ജൂൺ 14, ലോകരക്തദാതൃ ദിനം. സ്വമേധയാ രക്തദാനത്തിനായി എല്ലാവരെയും സന്നദ്ധരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ ലക്ഷ്യം. “Safe Blood Saves Lives” എന്നതാണ് ഈ വർഷത്തെ ലോകരക്തദാതൃ ദിനാചരണത്തിന്റെ മുദ്രാവാക്യം. രക്തം അമൂല്യമാണ്. മനുഷ്യരക്തത്തിനു പകരമായി ഒന്നും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല.
ഓരോ രണ്ടു സെക്കന്റിലും ലോകത്തെ ഏതെങ്കിലും ഒരാൾക്ക് രക്തം ആവശ്യമായി വരുന്നുണ്ട്. ശരാശരി 32 മില്യൺ യൂണിറ്റ് രക്തം എല്ലാ വർഷവും രോഗികളിലേക്ക് സംക്രമിപ്പിക്കുന്നുണ്ട്. എന്നാൽ നമ്മുടെ രാജ്യത്ത് ഓരോ വർഷവും മൊത്തം ആവശ്യമായി വരുന്ന രക്താവശ്യങ്ങളുടെ പത്ത് ശതമാനം പോലും കൃത്യമായി പൂർത്തിയാക്കാൻ നമ്മളെ കൊണ്ട് കഴിയുന്നില്ല. എങ്കിലും നിരവധി സന്നദ്ധ രക്തദാനസംഘടനകൾ രോഗികൾക്ക് വേണ്ടി കൃത്യ സമയത്ത് രക്തം എത്തിച്ച് നല്‍കാന്‍ അഹോരാത്രം പണിയെടുക്കുന്നുണ്ട്.
ഡാറ്റ കളക്ഷൻ, ഡാറ്റ റെക്കോഡിങ് ആൻഡ് സോർട്ടിങ്, കേസ് രെജിസ്ട്രേഷൻ, കേസ് ഹാൻഡ്ലിങ്, തുടങ്ങി ഒരു രോഗിക്ക് രക്തം എത്തിക്കുന്നതിന് സിസ്റ്റമാറ്റിക്കായിട്ട് പ്രവർത്തിക്കുന്നതിന് പുറമേ ഒറ്റതവണ കൊണ്ട് കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു രക്തദാനം നടത്തിക്കുന്ന രക്തദാന ക്യാമ്പുകൾ വരെ ഉൾപ്പെടുന്ന പ്രവർത്തനങ്ങളാണ് എല്ലാ സന്നദ്ധരക്തദാന സംഘടനകളും ചെയ്യുന്നത്.
സന്നദ്ധ രക്തദാന മേഖലയിൽ തിളങ്ങി നിൽക്കുന്ന പേരാണ് ബ്ലഡ് ഡോണേഴ്സ് കേരള എന്ന സന്നദ്ധരക്തദാന സംഘടനയുടേത്. ദിനംപ്രതി രക്താവശ്യങ്ങൾ വർദ്ധിച്ചു വരികയും എന്നാൽ സമയത്ത് രക്തദാതാക്കളെ കിട്ടാത്തത് മൂലം രക്തദൗർലഭ്യം നേരിടുകയും ചെയ്തു കൊണ്ടിരുന്ന സമയത്താണ് 2011ൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിയായ വിനോദ് ഭാസ്‌കർ ,സോഷ്യൽ മീഡിയ ഉപയോഗിച്ച് ഈ രക്തദൗർലഭ്യത്തിന് പരിഹാരം കാണുന്നതിന് ഒരു ശ്രമം ആരംഭിക്കുന്നത്. കൂടി വരുന്ന രക്താവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിന് 2011 ൽ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ “വീ ഹെല്പ്” എന്ന പേരിൽ ഒരു ഓൺലൈൻ കൂട്ടായ്മയ്ക്ക് വിനോദ് ഭാസ്‌കർ രൂപം നൽകി. ഓരോ ഹോപ്‌സിറ്റലിൽ നിന്നും ലഭിക്കുന്ന രക്തദാന റിക്വസ്റ്റുകൾ ആ കൂട്ടായ്‌മയിലെ അംഗങ്ങൾക്ക് പങ്കിടുകയും അങ്ങനെ ആവശ്യം വേണ്ട രക്തം കണ്ടെത്തുന്നതിന് ചെറിയ അളവിൽ എങ്കിലും പരിഹാരം കണ്ടെത്താനും ശ്രമങ്ങൾ നടന്നു. വിനോദിന്റെ ആശയം വിജയകരമായിരുന്നെങ്കിലും വർദ്ധിച്ചു വരുന്ന രക്താവശ്യങ്ങൾ നിറവേറ്റാൻ പോന്ന കരുത്തുറ്റ ഒരു ചട്ടക്കൂട് ആ കൂട്ടായ്മയ്ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് “വീ ഹെല്‍പ്പ് ” ന് ഒരു സംഘടനയുടെ ചട്ടക്കൂട് നിർമ്മിച്ച് പ്രവർത്തനങ്ങൾ കുറെ കൂടെ ചിട്ടയോടെ നടത്തുന്നതിന് വേണ്ടി 2014 ൽ ബ്ലഡ് ഡൊണേഴ്‌സ് കേരള എന്ന സന്നദ്ധസംഘടന ഔദ്യോഗികമായി കോട്ടയം ജില്ലയിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റായി രെജിസ്റ്റർ ചെയ്തു. ഇന്ന് സന്നദ്ധരക്തദാന രംഗത്ത് പ്രവർത്തിക്കുന്ന, കേരളത്തില്‍ രജിസ്റ്റർ ചെയ്യപ്പെട്ട വലിയ ഒരു സംഘടനയാണ് ബി.ഡി.കെ എന്നറിയപ്പെടുന്ന ബ്ലഡ് ഡൊണേഴ്‌സ് കേരള ( രജി.നം. KTM/TC/840/2014).
പേര് ബ്ലഡ് ഡൊണേഴ്‌സ് കേരള എന്നാണെങ്കിലും ബി.ഡി.കെയ്ക്ക് കേരളത്തിലെ 14 ജില്ലകൾക്ക് പുറമേ ബാംഗ്ലൂർ, ഡൽഹി മുതലായ ഇന്ത്യൻ നഗരങ്ങളിലും ഇന്ത്യക്ക് പുറത്ത് ഗൾഫിലും ശാഖകൾ ഉണ്ട്. ഈ സ്ഥലങ്ങളിലെ എല്ലാം ബി.ഡി.കെയുടെ പ്രവർത്തകർ, നേരിട്ട് ഇടപെട്ട് യാതൊരു പ്രതിഫലവും വാങ്ങാതെ തികച്ചും സൗജന്യമായി തന്നെ രക്തദാതാവിനെ കണ്ടെത്തി ,രോഗിയുടെ രക്താവശ്യങ്ങൾ നിറവേറ്റുന്നതിന് പരമാവധി ശ്രമിക്കുന്നുണ്ട്.
ബി.ഡി.കെയുടെ പ്രധാനപ്പെട്ട ഒരു ശാഖയാണ് ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ. സന്നദ്ധരക്തദാനമാണ് ബി.ഡി.കെ കുവൈത്ത് യൂണിറ്റിന്റെയും പ്രധാന സേവനമേഖല. സന്നദ്ധ രക്തദാനത്തിനായി തയ്യാറായി നിൽക്കുന്ന കുറെയധികം ഡോണേഴ്‌സ് തന്നെയാണ് ബി.ഡി.കെയുടെ കരുത്ത്. പൊതുയിടങ്ങൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ, ആഘോഷങ്ങൾ തുടങ്ങി ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ ഒക്കെ ബി.ഡി.കെ വോളന്റീയേഴ്സ്, ഫ്ലാഷ്മോബ് അടക്കമുള്ള ഉള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും,ഡോണർമാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുന്നു. ബ്ലഡ് റിക്വസ്റ്റ് വരുന്ന മുറയ്ക്ക് രോഗിക്ക് വേണ്ട ബ്ലഡ് ഗ്രൂപ്പ് ഉള്ള ദാതാക്കളെ വിളിച്ച് അറിയിക്കുകയും സന്നദ്ധരായ ദാതാക്കളെ രക്ത ബാങ്കില്‍ എത്തിച്ച് രക്തദാനം നടത്തുകയും ചെയ്യുന്നു. ഖത്തറിൽ നിന്നും രാജ്യാന്തര ഇടപെടലിലൂടെ 2017 നവംബറിൽ നിധീഷ് രഘുനാഥ് എന്ന ഡോണറെ കുവൈത്തിലെ രോഗിക്കായി എത്തിക്കാന്‍ കഴിഞ്ഞത് ഈ രംഗത്തെ ശ്രദ്ധേയമായ നടപടിയായിരുന്നു.
രക്തദാനമേഘലയിലെ സജീവപ്രവർത്തനങ്ങളെ മുൻ നിർത്തി ബിഡികെ കുവൈത്തിന് 2018, 2019 വർഷങ്ങളിലെ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ ലോകരക്തദാതൃദിനാഘോഷ പരിപാടികളിൽ വച്ച് തുടർച്ചയായി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നുമെങ്കിലും ഒരു യൂണിറ്റ് ബ്ലഡിന് ആവശ്യം വരുന്ന സമയത്ത് തന്നെ ഡോണറെ അറേഞ്ച് ചെയ്തു കൊടുക്കുന്നത് അത്ര നിസാര ജോലി അല്ല. ലോക് ഡൗൺ പോലെയുള്ള സാഹചര്യങ്ങളിൽ ശരാശരി 20 പേരെ വരെ വിളിച്ചാലാണ് ഒരു യൂണിറ്റ് ബ്ലഡ് ലഭിക്കുന്നത് എന്നതാണ് വസ്തുത. സുലഭമായി ഉള്ള ഗ്രൂപ്പ് ആണെങ്കിൽ പോലും പലപ്പോഴും സമയത്തിന് ഡൊണേഴ്‌സിനെ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ട്. രക്തദാന റിക്വസ്റ്റ് വന്നു കഴിഞ്ഞാൽ അത് അറേഞ്ച് ചെയ്യുന്നത് വരെ ഒരു വോളന്റീയർ അനുഭവിക്കുന്ന മാനസീകസമ്മർദ്ദവും ചെറുതല്ല. സ്വന്തം കുടുംബം നോക്കാൻ ഉള്ള നെട്ടോട്ടത്തിനിടയിലാണ് പല വോളന്റീയർമാരും ഈ സേവനങ്ങൾക്കായി സമയം കണ്ടെത്തുന്നത്. ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു രൂപ പോലും ഈടാക്കാതെ തീർത്തും സൗജന്യമായി ആണ് ബി.ഡി.കെ സേവനങ്ങൾ നൽകുന്നത്.
രക്തദാനമേഖല കൂടാതെ സാമൂഹികപ്രവർത്തനങ്ങളിലെ പല രംഗത്തും ബി.ഡി.കെ സജീവമാണ്. ആരോഗ്യം, പോലീസ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ ഡിപ്പാർട്ടുമെന്റുകളിലും, സിവിൽ ഡിഫൻസ് പോലെയുള്ള മറ്റ് സന്നദ്ധസേനകളിലും ഔദ്യോഗികവും, അനൗദ്യോഗികവുമായ ചുമതലകൾ വഹിച്ചു കൊണ്ട് ബി.ഡി.കെയുടെ വോളന്റിയേഴ്‌സ് സേവനരംഗത്ത് കർമ്മനിരതരാണ്.. ആഗോളതലത്തിൽ 1000 ഓളം വരുന്ന കോർഡിനേറ്റേഴ്‌സും, ലക്ഷത്തോട് അടുത്ത് വരുന്ന മെമ്പേഴ്‌സും അതിനേക്കാൾ കൂടുതൽ ഡൊണേഴ്‌സും ഉള്ള വലിയൊരു കുടുംബമാണ് ഇന്ന് ബി.ഡി.കെ
കഴിഞ്ഞ ദിവസം ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞ നിതിൻ ചന്ദ്രനെ പോലെ സേവനരംഗത്ത് പ്രതിജ്ഞാബദ്ധരായ ഒരു കൂട്ടം വോളന്റിയേഴ്‌സും, ജീവന്റെ വില അറിയാവുന്ന ഒട്ടനേകം ഡോണർമാരും ഒരുമിച്ചു പകരുന്ന നിസ്വാര്‍ത്ഥ സേവനസന്നദ്ധത ഊർജ്ജമാക്കി ബി.ഡി.കെ യാത്ര തുടരുന്നു.
ബിഡികെ കുവൈത്തിന്റെ പരിപാടികളിൽ പങ്കാളികളാകുന്നതിനായി താത്പര്യമുള്ളവർക്ക് 6999 7588 / 5151 0076 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു