ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : മംഗഫിലെ ഇൻഡ്യ ഇന്റർനാഷനൽ സ്കൂളിൽ പുതുതായി തെരഞ്ഞെടുക്കപെട്ട സ്റ്റുഡന്റ്റ് കൗൺസിൽ അധികാരമേറ്റു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ശാന്തഗംഭീരമായ ചടങ്ങിൽ ഇൻഡ്യൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ സുജാത ശിവകൃഷ്ണൻ മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പാൾ കെ വി ഇന്ദുലേഖ പ്രതിനിധികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . സ്കൂളിൻറെ പാരമ്പര്യവും പൈതൃകവും മൂല്യങ്ങളും കാത്തുസൂക്ഷിക്കുമെന്ന് വിദ്യാർത്ഥി പ്രതിനിധികൾ പ്രതിജ്ഞ ചെയ്തു.
കഴിഞ്ഞ വാർഷിക പരീക്ഷയിൽ ഉയർന്ന വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ഹെഡ് ബോയ് മിലൻ ടിജു, ഹെഡ് ഗേൾ എമിലി ആൻ ജേക്കബ് എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഇംഗ്ലീഷ് വിഭാഗം അധ്യാപികമാരായ ഡോ: രംഗശ്രീ, മഞ്ജു മിത്ര എന്നിവർ ചേർന്ന് ചിട്ടപ്പെടുത്തി സ്കൂളിലെ വിദ്യാർത്ഥിനികൾ കാഴ്ച്ചവെച്ച നൃത്തനൃത്യം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. തുടർന്ന് കുവൈറ്റിൽ അറിയപ്പെടുന്ന യുവ ഗായകനും സ്കൂളിലെ വിദ്യാർത്ഥിയുമായ രോഹിത് ശ്യാമും സംഘവും അവതരിപ്പിച്ച ശ്രുതിമധുരമായ ഗാനാലാപനവും നടന്നു.
ചടങ്ങ് വീക്ഷിക്കാനായി വിദ്യാർത്ഥി പ്രതിനിധികളുടെ രക്ഷിതാക്കളും എത്തിയിരുന്നു. വൈസ് പ്രിൻസിപ്പാൾ ഡോ: സലീം, സി സി എ കോഓർഡിനേറ്റർ ഫിറോസ, ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ഡോ: രമേശ് കുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, ഹെഡ് മിസ്ട്രസ് ശ്രീദേവി നീലക്കണ്ണൻ, കോർഡിനേറ്റർമാരായ ശിഹാബ് നീലഗിരി, പ്രേമ ബാലസുബ്രമണ്യം, നാജിയ ഖാദർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സി സി എ സെക്രട്ടറിമാരായ ആമിർ അസ്‌ലം, ടിസിയാ രാജീവ് എന്നിവർ നന്ദി പ്രഭാഷണം നടത്തി.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.