ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : അന്തരിച്ച മുന്‍ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി പി.പി.മുകുന്ദൻ ആദരവ് അര്‍പ്പിച്ചുകൊണ്ട് കുവൈറ്റില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സാല്മിയയില് നടന്ന സമ്മേളനത്തില്‍ സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.
കുവൈറ്റിലെ സാമൂഹ്യപ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് അനുസ്മരണസമ്മേളനം നടന്നത്. ജീവിതം സംഘടനയ്ക്കും സമാജത്തിനും സമര്‍പ്പിച്ചുകൊണ്ട് പുതുതലമുറക്ക് മാതൃകയായി മാറിയ സാര്‍ഥക ജീവിതത്തിന് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നതിനായി കുവൈറ്റിലെ വിവിധ സംഘടനാ പ്രവര്‍ത്തകരാണ് എത്തിചേര്‍ന്നത്.
സാല്മിയയില് നടന്ന ചടങ്ങില്‍ വിവിധ സംഘടനാ ഭാരവാഹികള്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വ്യക്തിഗീതത്തോടെ ആരംഭിച്ച ചടങ്ങില്‍ കൃഷ്ണകുമാര്‍ സ്വാഗതവും ഹരി ബാലരാമപുരം അദ്ധ്യക്ഷനുമായി. പി പി മുകുന്ദന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു അനുസ്മരണം ആരംഭിച്ചത്. അദ്ദേഹം ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്തെ പ്രവര്‍ത്തകര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.
രാഷ്ട്രീയത്തിലുപരി പിപി മുകുന്ദൻ കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിബന്ധത്തെക്കുറിച്ചും കേരളത്തില്‍ പാർട്ടിയെ ശക്തമാക്കുന്നതില്‍ അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സംഘാടന മികവിനെയും കുറിച്ച് പ്രവര്‍ത്തകര്‍ അനുസ്മരിച്ചു. സുരേഷ് പിഷാരടി ഗണഗീതം ആലപിക്കുകയും പങ്കെടുത്ത എല്ലാവരും മുകുന്ദേട്ടന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. സംസ്കൃതി കുവൈറ്റ് സനില്‍ യോഗത്തില്‍ നന്ദി പറഞ്ഞു.
ആദര്‍ശവും സംഘടനാ ബോധവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുത്തുകൊണ്ട് സംഘടനയുടെ രണ്ടാംനിരയെ വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധേയമായ സംഭാവന നല്കിയ പി.പി.മുകുന്ദന് പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് അനുസ്മരണ സമ്മേളനം അവസാനിച്ചത്.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.