ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലന്‍സ് അവാര്‍ഡ് കുവൈത്തില്‍ സമ്മാനിച്ചു. തെരഞ്ഞെടുക്കപ്പെട്ട നാല് നഴ്സുമാര്‍ക്കാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. നഴ്സിംഗ് സമൂഹത്തിൽ നിന്നുള്ളവർക്ക് അവാർഡ് ഏർപ്പെടുത്തിയ ഏഷ്യാനെറ്റ് ന്യൂസിനെ കുവൈത്തിലെ ഇന്ത്യന്‍ അംബാസഡർ സിബി ജോര്‍ജ് അഭിനന്ദിച്ചു.
കുവൈത്തില്‍, ആതുര ശുശ്രൂഷ രംഗത്തു മികവ് തെളിയിച്ചവരെ മില്ലേനിയം ഹോട്ടലില്‍ നടന്ന പ്രൗഡഗംഭീര ചടങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് ആദരിച്ചു. കൊവിഡ് വന്നപ്പോഴാണ് നഴ്സുമാരുടെ വില സമൂഹം അറിഞ്ഞതെന്ന് കുവൈത്തിലെ ഇന്ത്യന്‍ അബാസിഡര്‍ സിബി ജോര്‍ജ് ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. നഴ്സിംങ് സമൂഹത്തിൽ നിന്നുള്ളവർക്ക് അവാർഡ് ഏർപ്പെടുത്തിയ ഏഷ്യാനെറ്റ് ന്യൂസിനെ സ്ഥാനപതി അഭിനന്ദിച്ചു.
കൊവിഡ് വാരീര്‍ വിഭാത്തില്‍ വിജേഷ് വേലായുധന്‍, നഴ്സ് ഓഫ് ദ ഇയര്‍ ഷൈനി അനില്‍, നഴ്സിംഗ് അഡ്മിനിസ്ട്രേറ്റര്‍ സുജ ലാജി ജോസഫ്, ലൈഫ് ടൈം അച്ചീവ് മെന്‍റ് അവാര്‍ഡ് 44 വര്‍ഷമായി കുവൈത്തില്‍ നഴ്സായ് സേവനം ചെയ്യുന്ന അറുപത്തിയേഴുകാരി സൂസന്‍ ജേക്കബ് എബ്രഹാമും സ്വന്തമാക്കി. നേഴ്സ് ഓഫ് ദ ഇയർ വിഭാഗത്തിൽ റോയ് കെ യോഹന്നാന് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു.
കൊവിഡിൽ നിന്ന് മോചിതരാകുമ്പോൾ നഴ്സിംഗ് സമൂഹത്തെ ആദരിക്കാനായതിൽ അഭിമാനിക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടറും ബിസിനസ്സ് ഹെഡ്ഡുമായ ഫ്രാങ്ക് പി തോമസ് പറഞ്ഞു. കലാ പരിപാടികളുടെ അകമ്പടിയോടെ മില്ലേനിയം ഹോട്ടലിൽ നടക്കുന്ന പരിപാടി രണ്ടര മണിക്കൂർ നീണ്ടു നിന്നു.
ഖത്തറിലെ പ്രമുഖ ഡോക്ടറും സാമൂഹ്യ പ്രവർത്തകനുമായ ഡോ. മോഹൻതോമസ് ചെയര്‍മാനായ അഞ്ചംഗ ജഡ്ജിംഗ് പാനലാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. റോയ് കെ ജോർജ്, അമേരിക്കയിലെ പെൻസിൽ വാനിയ സ്റ്റേറ്റ് ബോർഡ് ഓഫ് നഴ്സിംഗ് എപിഎൻ ചെയർ മിസിസ്സ് ബ്രിജിത് വിൻസെന്റ്, ഇന്ത്യൻ ഡോക്ടർസ് ഫോറം കുവൈത്ത് പ്രസിഡന്റ് അമീർ അഹമ്മദ്, ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡന്റ് ഡോ. സോന എന്നിവർ അടങ്ങിയതാണ് ജഡ്ജിങ് പാനൽ.
കുവൈത്തിലെ നഴ്സിംഗ് രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡായ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, നേഴ്സ് അഡ്മിനിസ്ട്രേറ്റർ അവാർഡ്, കൊവിഡ് കാലത്ത് മികച്ച സേവനം കാഴ്ചവെച്ചവർക്കുള്ള അവാർഡ്, നഴ്സ് ഓഫ് ദി ഇയർ എന്നീ വിഭാഗങ്ങളിലായാണ് അവാർഡുകൾ സമ്മാനിച്ചത്. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്