January 20, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ ഇന്ന് നിര്യാതയായ ദിമ്പിളിനെ അനുസ്മരിച്ച് സഹപാഠിയുടെ ഹൃദയസ്പർശിയായ കുറിപ്പ്

“ചോര കണ്ട പേടിയിൽ ഇപ്പോൾ ചത്തുപോകുമെന്ന ആധിയിൽ കണ്ണടച്ച് കിടക്കുമ്പോൾ തഴുകിയിരുന്ന ആ കുഞ്ഞു കൈകൾ” ; കുവൈറ്റിൽ ഇന്ന് നിര്യാതയായ ദിമ്പിളിനെ അനുസ്മരിച്ച് സഹപാഠിയുടെ ഹൃദയസ്പർശിയായ കുറിപ്പ്

കുവൈറ്റ് സിറ്റി: “ചോര കണ്ട പേടിയിൽ ഇപ്പോൾ ചത്തുപോകുമെന്ന ആധിയിൽ കണ്ണടച്ച് കിടക്കുമ്പോൾ തഴുകിയിരുന്ന ആ കുഞ്ഞു കൈകൾ”ഇന്ന് കുവൈത്തിൽ നിര്യാതയായ ഡിംപിൾ യൂജിനെ അനുസ്മരിച്ച് സഹപാഠിയുടെ ഹൃദയസ്പർശിയായ കുറിപ്പ്. നെടുംകുന്നം സെൻറ് തെരേസാസ് സ്കൂളിൽ ഡിംപിളിന്റെ സഹപാഠിയായിരുന്ന ആതിര പ്രകാശ് മാടപ്പാട്ട് ഫേസ്ബുക്കിൽ കുറിച്ച വരികളാണ് മുകളിൽ .

സ്കൂൾ കാലഘട്ടത്തിൽ സഹപാഠികളും സുഹൃത്തുക്കളും ആയിരുന്ന ഇരുവരുടെയും സ്നേഹത്തിൻ റെയും സൗഹൃദത്തിൻറെയും ഓർമ്മക്കുറിപ്പ് വായനക്കാരുടെ കണ്ണുകളെ ഈറനണിയിക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം ചുവടെ വായിക്കാം

അന്നൊക്കെ ഓണപ്പരീക്ഷയിലോ ക്രിസ്മസ് പരീക്ഷയിലോ തൊട്ടടുത്ത ഡിവിഷനിലെ നീലിമയെക്കാൾ ഒന്നോ രണ്ടോ മാർക്ക്‌ കുറയുക എന്നാൽ അതൊരു ലോകാവസാനം പോലെ ആയിരുന്നു എനിക്ക്….സങ്കടം കൊണ്ടു കണ്ണു നിറഞ്ഞൊഴുകുമെന്ന് തോന്നുമ്പോൾ സഹപാഠികൾ അതു കാണാതിരിക്കാൻ ക്ലാസ്സിലെ ബ്ലാക്ക് ബോർഡ്‌ സ്റ്റാൻഡ് ന്റെ പിറകിൽ പോയി നിൽക്കും… പക്ഷേ ക്ലാസ്സിലെ ഏറ്റവും ഉത്സാഹവതിയും സന്തോഷവതിയുമായ എന്റെ കൂട്ടുകാരി Dimple ന്റെ കണ്ണു വെട്ടിച്ചു ഒന്നുംആ ക്ലാസ്സിൽ നടക്കില്ല… “പോട്ടെടേ….. ഇതെന്നാ അവസാനത്തെ പരീക്ഷ ഒന്നുമല്ലല്ലോ… പരീക്ഷ ഇനിയും വരും.. നീ ഒന്നാമത്തെത്തും… ” സെന്റ് തെരേസാസ് സ്കൂളിലെ വെറും ഒരു ആറാം ക്ലാസ്സു കാരി ആയിരുന്നു ഇത് പറയുമ്പോൾ എന്റെ കൂട്ടുകാരി Dimple Eugine . ഒരു തോൽവിക്കും മുന്നിൽ തോറ്റുപോകാതെ തലയുയർത്തി നിൽക്കാൻ എന്നെ പഠിപ്പിച്ചവളെയാണ് ഞാൻ യാത്രയാക്കുന്നതു ഇപ്പോൾ …..

വർഷങ്ങൾക്കു ശേഷം കൂട്ടുകാർ എല്ലാരും വാട്സാപ്പ് വഴി കണ്ടുമുട്ടിയപ്പോൾ Prethewsha K Mathewആണ് അവളോട്‌ ഒരു പ്രാർത്ഥന ചൊല്ലിതരാൻ പറഞ്ഞത്….. ആറു വർഷം എല്ലാ സ്കൂൾ ദിനങ്ങളും പുലരുന്നത് അവളുടെ സംഗീതത്തിൽ ആയിരുന്നല്ലോ . God is my shepherd എന്ന് പറയുമായിരുന്നവൾ തന്നെയാണ് സങ്കടങ്ങൾ വന്നാൽ മാതാവിനോട് പ്രാർത്ഥിക്കാൻ കൊന്ത ചൊല്ലാൻ എന്നെ പഠിപ്പിച്ചതു…. അതേ പ്രാർത്ഥന ചൊല്ലി ഞാൻ നിന്നെ യാത്രയാക്കുന്നു കൂട്ടുകാരീ….

സ്‌പോർട്സ് എന്നും തയ്യൽ ക്ലാസ്സെന്നും കേൾക്കുമ്പോൾ പേടിച്ചു മുട്ടുകാലിടിക്കുന്ന ഈയുള്ളവൾ , മറ്റുള്ളവർ കരുതുംപോലെ അത്ര ബഹുമുഖ പ്രതിഭ അല്ലെന്നു സ്വയം തിരിച്ചറിഞ്ഞതു arts ലും sports ലും പഠനത്തിലും നേതൃ പാടവത്തിലും ഒരേപോലെ ശോഭിച്ച ഡിമ്പിൾ നെ കാണുമ്പോൾ ആയിരുന്നു… മൂക്കിൽ നിന്ന് ചോര വരുമായിരുന്നു എനിക്ക് പണ്ട്… അപ്പോളൊക്കെ സംസ്‌കൃതം class നടക്കാറുള്ള കൊച്ചു മുറിയിൽ എന്നെ കിടത്തും സ്കൂളിലെ ഞങ്ങടെ കാവൽ മാലാഖ ആയിരുന്ന സിസ്റ്റർ മാവുരൂസമ്മ… എനിക്ക് കാവലിരുന്നു കരുതലോടെ പരിചരിക്കുവാൻ സിസ്റ്റർ ഏൽപ്പിക്കുക ഡിമ്പിൾ നെ ആണ്…… ചോര കണ്ട പേടിയിൽ ഇപ്പോൾ ചത്തുപോകുമെന്ന ആധിയിൽ ഞാൻ കണ്ണടച്ച് കിടക്കും….. നെറ്റിയിലും തലയിലും ഒരു കുഞ്ഞു കൈ എന്നെ തഴുകുന്നുണ്ടാവുമപ്പോൾ……. കുവൈറ്റിലെ മുബാറക് ഹോസ്പിറ്റലിലെ പ്രഗത്ഭയായ നേഴ്സ് ആയി ജോലി എടുക്കുമ്പോൾ എത്രയോ മനുഷ്യർ അവളുടെ കരുതലേറ്റ് സുഖപ്പെട്ടിട്ടുണ്ടാവും….. തന്നതൊന്നും തിരിച്ചു തരാതെ ഞാൻ നിന്നെ യാത്രയാക്കുന്നു പെണ്ണേ…..

എന്റെ ഡാൻസിനും പ്രസംഗത്തിനും പിശുക്കില്ലാതെ കയ്യടിച്ചവൾ.. എന്നെ സ്കൂൾ ലീഡർ ആക്കാൻ ഓടിനടന്നവൾ… സ്കൂൾ ലൈഫിലും പിന്നീട് സ്വകാര്യ ജീവിതത്തിലും ഒപ്പം നടന്നവരുടെ എല്ലാം വിജയം മാത്രം ആഗ്രഹിച്ചവൾ… ശ്വാസം കിട്ടാതെ നീ പിടയുന്നതിന് തൊട്ടുമുമ്പും നീ വ്യാകുലപ്പെട്ടത് നിന്റെ പങ്കാളിയുടെ നന്മക്കു വേണ്ടി ആയിരുന്നല്ലോ എന്നറിഞ്ഞു കൊണ്ടു ഞാൻ നിന്നെ യാത്രയാക്കുന്നു ഡിമ്പിൾ….

ആൺ വർഗ്ഗത്തിനെ കണികാണാൻ പോലും കിട്ടാത്ത കോൺവെൻറ് സ്കൂളിൽ കണക്കു പഠിപ്പിക്കാൻ വന്ന തോമസ് കുട്ടി സാറെന്ന സുന്ദരൻമാഷിന്റെ ക്ലാസ്സിലെ ബാക്ക് ബെഞ്ചിലിരുന്ന് ഓരോ കുസൃതി ഒപ്പിക്കുന്ന ആ ദിവസങ്ങൾ എഴുന്നേറ്റു വരുന്നു എന്റെ മറവിയിൽ നിന്നും .. വഴക്ക് പറയാൻ സാർ അടുത്തുവരുമെങ്കിലും ക്ലാസ്സിൽ ആരെക്കാളും ആദ്യം കണക്കിന് ഉത്തരം കിട്ടിയ അവളെ ഒന്നും പറയാതെ സാറങ്ങു പോകും…തോമസ് കുട്ടീ വിട്ടോടാ എന്ന് പിന്നിൽ നിന്നാരോ അടക്കം പറയുന്നതു ഞാൻ കേട്ടിട്ടുണ്ട് പലപ്പോളും …. എന്തൊരു കുസൃതിയും ഉത്സാഹവും സന്തോഷവുമായിരുന്നു നീ എന്നോർത്തോർത്തു ഞാൻ നിന്നെ യാത്രയാക്കുന്നു

നോൺ വെജ് ആഹാരം മാടപ്പാട്ട് വീട്ടിൽ കുട്ടികൾക്ക് നിഷിദ്ധം ആയിരുന്ന കാലം…. ഉച്ചക്ക് ബ്ലാക്ക് ബോർഡ്‌ സ്റ്റാൻഡിന്റെ പിന്നിൽ വട്ടത്തിലിരുന്നു പൊതിച്ചോർ അഴിക്കുമ്പോൾ എനിക്കായി മീൻ പൊരിച്ചത് മാറ്റിവെച്ചു, ഞാൻ ആർത്തിയോടെ അതു കഴിക്കുന്നത്‌ കണ്ട് സന്തോഷിച്ച അവൾക്കു എന്റെ അമ്മയുടെ….അല്ല ലോകത്തുള്ള എല്ലാ അമ്മമാരുടെയും മുഖത്തെ വാത്സല്യത്തിന്റെ ഛായ ആയിരുന്നില്ലേ … ആ മാതൃ സ്നേഹം മൂന്നു കുരുന്നുകൾക്ക് നിഷേധിച്ച ക്രൂരമായ വിധിയെ പഴിച്ചു കൊണ്ടല്ലാതെ നിന്നെ യാത്രയാക്കുവതെങ്ങനെ കൂട്ടുകാരീ….

പല കൂട്ടുകാരും എന്നെ ഓർക്കുന്നത് വിജയിയായും മിടുക്കിയായും കലാപ്രതിഭയായും ധീരയായും നേതാവായും ആണെങ്കിൽ…… ഡിമ്പിൾ എന്ന കൂട്ടുകാരി എന്റെ പരാജയത്തിനു രോഗത്തിനു ക്ഷീണത്തിനു നിരാശയ്ക്കു കണ്ണുനീരിനു സാക്ഷിയായവൾ ആണ്….
രണ്ടു ദിവസമായി വെന്റിലേറ്ററിൽ മരണത്തോട് ജയിക്കാൻ നീ ശ്രമിച്ചപ്പോളൊക്കെ നീറുന്ന മനസ്സോടെ പ്രാർത്ഥിക്കുവാരുന്നു ഞങ്ങൾ…. നിഷ്കളങ്ക ബാല്യം മുതൽ സൗഹൃദക്കൂട്ടിൽ ചേക്കേറിയ ഒരു സ്നേഹപക്ഷി കൂടൊഴിയുന്നതു സഹിക്കാവുന്നതിലും അപ്പുറം …എന്നിട്ടും
ഞാൻ നിന്നെ യാത്രയാക്കുമ്പോൾ കരയാതിരിക്കണമെന്നോ…..

കാലം പോകേ പോകേ നീ പോയ ദൈവസന്നിധിയിലേക്ക് ഞങ്ങളും വരുമെന്ന് പറഞ്ഞു മാത്രെ യാത്രയാക്കാനാവു നിന്നെ….മാലാഖാമാർക്കൊപ്പം പാടുന്ന നിന്നെ ഓർക്കുമ്പോൾ ഞാൻ കരയാൻ പാടില്ല എന്നാണോ പറയാനാകുമായിരുന്നെങ്കിൽ നീ എന്നോട് അവസാനമായി പറയുക ….

ആതിര പ്രകാശ് മാടപ്പാട്ട്
11 ഒക്ടോബർ 2020

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!