January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മഹാമഘം അഥവാ മാമാങ്കം ദൃശ്യവിസ്മയ മാകുമ്പോൾ…..

സൂരജ് ഇലന്തൂർ

ചേരരാജാക്കന്മാരിൽ തുടങ്ങി, പെരുമ്പടപ്പ് മൂപ്പീന്ന് വഴി, വള്ളുവനാടൻ രാജാക്കന്മാരുടെ കൈകളിലൂടെ സാമൂതിരിമാരിൽ എത്തപ്പെട്ട ഒരു നദീതീര വാണിജ്യോൽസവം ഒടുവിൽ മനുഷ്യ രക്തപ്പുഴയുടെ നടുവിലേക്ക് പറിച്ചുനടപ്പെട്ട ചരിത്രം നിങ്ങൾക്കറിയുമോ???
ദക്ഷിണഗംഗയെന്ന് അറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരങ്ങളിൽ അധികാരവർഗ്ഗങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഏറ്റവും നീണ്ടതും രക്തരൂക്ഷിതവുമായ യുദ്ധങ്ങളുടെ ചോര പുരണ്ട ചരിത്രം നിങ്ങൾക്കറിയുമോ???

പുകഴ് പെറ്റ പകയുടെ തീനാളങ്ങൾ നെഞ്ചിൽ ജ്വലിപ്പിച്ചു കൊണ്ട് ചാവേറുകളെ പ്രസവിക്കുന്നതിൽ അഭിമാനം കൊള്ളുന്ന അമ്മമാരെ നിങ്ങൾക്കറിയുമോ???

തങ്ങളുടെ മുൻഗാമികളായിരുന്ന ആയിരക്കണക്കിന് ചാവേർപോരാളികളുടെ ജഡങ്ങൾ ചവിട്ടി താഴ്ത്തിയിരുന്ന “മണിക്കിണറി”ന്റെ ഓർമ്മകൾ തെല്ലും ഭയപ്പെടുത്താതെ ദേശാധിപനായ വെള്ളാട്ടിരിക്കു വേണ്ടി സ്വജീവൻ ബലിയർപ്പിക്കാൻ ഒരുങ്ങിപ്പുറപ്പെടുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥകൾ നിങ്ങൾക്കറിയുമോ??

ആയിരക്കണക്കിന് പടയാളികൾ തീർത്ത ചക്രവ്യൂഹം ഭേദിച്ച് നിലപാട്തറ”യിൽ ആദ്യമെത്തിയ വള്ളുവനാടൻ വീരൻ ചന്ദ്രോത്ത്‌ വലിയ പണിക്കരെ നിങ്ങൾക്കറിയുമോ???

24 വർഷങ്ങൾക്കു ശേഷം നിലപാട് തറയിലെത്തി സാമൂതിരിയുടെ നെഞ്ചിൽ വെട്ടിപരിക്കേൽപ്പിച്ച, ലക്ഷ്യം പൂർത്തിയാക്കാനാവാതെ വെട്ടേറ്റ് പിടഞ്ഞു വീണ പന്ത്രണ്ടു വയസ്സുകാരൻ ചന്തുണ്ണിയെ നിങ്ങൾക്കറിയാമോ???..

ഇതിനെല്ലാമുള്ള ഉത്തരമാണ് മാമാങ്കം..

എന്താണ് മാമാങ്കമെന്ന ലഘുവിവരണം സംവിധായകൻ രഞ്ജിത്തിന്റെ സ്വരത്തിൽ നൽകിക്കൊണ്ട് ആരംഭിക്കുന്ന ചിത്രം നേരെ ക്യാമറ തിരിക്കുന്നത് 1671 ൽ നടന്ന മാമാങ്കത്തിന്റെ ദൃശ്യഭംഗിയിലേക്കാണ്.
നിലപാട്തറയിൽ അമർന്നിരിക്കുന്ന സാമൂതിരിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യാൻ ആരെങ്കിലുമുണ്ടോ എന്ന കാര്യക്കാരന്റെ ചോദ്യത്തിനുത്തരമായി ഒരു മിന്നൽപിണർ കണക്കെ ഉയർന്നുപൊങ്ങി ശരം തൊടുക്കുന്ന ചന്ദ്രോത്ത്‌ പണിക്കരെന്ന ചാവേറായി മമ്മൂട്ടി അവതരിക്കുന്ന രംഗം മുതൽ അങ്ങോട്ട് ചടുലവും, ദൃശ്യസമ്പന്നവുമാണ് മാമാങ്കം….

ലക്ഷ്യത്തിനു തൊട്ടുമുൻപ് മടങ്ങിപ്പോകേണ്ടി വന്നതിന്റെ പേരിൽ സ്വദേശത്ത്‌ ഒറ്റുകാരനും ചതിയനുമെന്ന ദുഷ്‌പേര് കേൾക്കേണ്ടി വന്ന പണിക്കരുടെ രണ്ട് മാമാങ്കക്കാലം നീളുന്ന ഒളിവുജീവിതം പിന്നീട് ഇടവേളക്ക് തൊട്ടുമുൻപ്, സ്ത്രൈണത മൂർത്തീഭവിച്ച കുറുപ്പ് എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർ കാണുന്നത്.
സമാന്തരമായി തന്നെ ചന്ദ്രോത്ത്‌ തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ പണിക്കരും അനന്തരവൻ ചന്തുണ്ണിയും മാമാങ്കത്തിന് പുറപ്പെടുന്നതുമാണ് ആദ്യപകുതി.
ജീവിച്ചിരിക്കുന്ന അമ്മക്ക് തർപ്പണം ചെയ്തുകൊണ്ടാണ് ഒരിക്കലും തിരികെ വരില്ലെന്ന സ്വയംബോധ്യമുള്ള ചാവേറുകൾ മാമാങ്കസ്ഥലത്തേക്ക് യാത്രയാകുന്നത്.. ജീവനെക്കാളും ജീവിതത്തെക്കാളും കുടുംബത്തേക്കാളും വലുതാണ് നാടിന്റെ മാനമെന്ന വിശ്വാസത്തിൽ നിന്നാണ് പതിവ്പോലെ ഇവരും യാത്രതിരിക്കുന്നത്…

സ്ത്രൈണഭാവനായ കുറുപ്പിൽ നിന്നും പഴയ ചന്ദ്രോത്ത്‌ വലിയ പണിക്കരെന്ന എക്കാലത്തെയും മികച്ച ചാവേറിന്റെ രൂപത്തിലേക്കുള്ള മമ്മൂട്ടിയുടെ ഭാവപ്പകർച്ചയോട് കൂടി രണ്ടാംപകുതിയിലെ ത്രസിപ്പിക്കുന്ന രംഗങ്ങൾക്ക് തുടക്കമാകുന്നു…

അനിവാര്യമായ മരണവിധി ഏറ്റുവാങ്ങുന്നതിന് തൊട്ടുമുമ്പേ വരെ നീളുന്ന പോരാട്ടവീര്യത്തിന്റെ ദൃശ്യങ്ങൾ വീണ്ടും പ്രേക്ഷകരുടെ മുൻപിലേക്കെത്തുമ്പോൾ അവരെ അമ്പരപ്പിക്കുന്നതും അത്ഭുദപ്പെടുത്തുന്നതും ചന്തുണ്ണിയെന്ന പന്ത്രണ്ടുകാരൻ ചാവേറിന് ജീവൻ കൊടുത്ത മാസ്റ്റർ അച്യുതനാണ്…

സാമൂതിരിയുടെ തൊട്ടുമുൻപിലെത്തി തന്റെ കുലത്തിന്റെ നൂറ്റാണ്ടുകൾ നീളുന്ന പകയുടെ പൂർത്തീകരണത്തിന് തൊട്ടുമുൻപുള്ള നിമിഷത്തിൽ ദാരുണമായി കൊലചെയ്യപ്പെടുന്ന ചന്തുണ്ണിയായി മാസ്റ്റർ അച്യുതൻ അക്ഷരാർത്ഥത്തിൽ മാസ്മരിക പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്…. ചന്തുണ്ണിയുടെ മരണം സ്‌ക്രീനിൽ തെളിയുമ്പോൾ ഒരിറ്റ് കണ്ണീർ പ്രേക്ഷകരിൽ ഉടലെടുക്കുന്നു എങ്കിൽ അതിന്റെ കാരണം ഈ ബാലനടന്റെ ഗംഭീരമായ വേഷപ്പകർച്ച തന്നെയാണ്….

കേവലമൊരു പീരിയോഡിക് ആക്ഷൻ ചിത്രം എന്നതിലുപരി ചരിത്രത്തിൽ അധിഷ്ഠിതമായ, ചരിത്രവും മിത്തുകളും ഇടകലർന്ന തലമുറകളുടെ കഥ പറയുന്ന ഒരു വൈകാരിക നാടകീയ ചിത്രം അഥവാ ഇമോഷണൽ ഡ്രാമ എന്ന വിശേഷണമാണ് മാമാങ്കത്തിന് കൂടുതൽ ചേരുക. കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളിലൂടെ അതിതീവ്രമായ സഞ്ചാരമാണ് സിനിമ നടത്തുന്നത് എന്നതുകൊണ്ടാണ് ആ വിശേഷണം…

മലയാളത്തിൽ ചരിത്രപുരുഷന്മാരുടെ വേഷം കെട്ടിയാടാൻ തന്നെ കവിഞ്ഞു വേറെയാരുമില്ലെന്ന് മെഗാസ്റ്റാർ മമ്മൂട്ടി ഒരിക്കൽ കൂടി തെളിയിക്കുകയാണ് മാമാങ്കത്തിൽ കൂടി. സ്ത്രൈണവേഷത്തിലെ ചില സംഭാഷണങ്ങളും ഒരു ഗാനരംഗത്തെ അനാവശ്യമായ ചില നൃത്തസാഹസങ്ങളും മാത്രമാണ് മമ്മൂട്ടി എന്ന നടന്റെ ഭാഗത്ത്‌ നിന്ന് പ്രേക്ഷകർക്ക് അരോചകമായി തോന്നിയ ഏകകാര്യം. അത് മാറ്റിനിർത്തിയാൽ കണ്ണിൽ തീഷ്ണമായ പക തിളയ്ക്കുന്ന ചന്ദ്രോത്ത്‌ പണിക്കരായി മമ്മൂട്ടി നിറഞ്ഞാടുകയാണ്.
കരുത്തുറ്റ സംഭാഷണങ്ങളുടെ ഡെലിവറിയിലൂടെയും വികാരതീവ്ര രംഗങ്ങളിലെ സമാനതകളില്ലാത്ത ഭാവാഭിനയത്തിലൂടെയും മമ്മൂട്ടി ശരിക്കും പ്രേക്ഷകരുടെ മനം നിറയ്ക്കുകയാണ്.

സംഘട്ടനരംഗങ്ങളിലും സീരിയസ് രംഗങ്ങളിലും ഒരേപോലെ തീർത്തും പക്വതയാർന്ന ഒരു നടന്റെ പ്രകടനമാണ് ഉണ്ണിമുകുന്ദന്റെ ഭാഗത്തു നിന്നും ഉണ്ടായത് എന്നത് കൊണ്ട് ചോക്ലേറ്റ് ബോയ് ഇമേജിൽ നിന്നും ഉണ്ണിക്ക് കിട്ടിയ രക്ഷയാണ് മാമാങ്കം. തലചേകവരായി വന്ന സിദ്ധിഖും, ഉണ്ണിമായയായ പ്രാചി തെഹ്‌ലാനും, പണിക്കരുടെ വഴികാട്ടിയായി മണികണ്ഠനും ഏറെ തിളങ്ങിയിട്ടുണ്ട്..

മാമാങ്കം സിനിമയുടെ ഏറ്റവും വലിയ സംഭാവന മാസ്റ്റർ അച്യുതൻ എന്ന ബാലനടൻ തന്നെയാണ് എന്ന് നിസ്സംശയം പറയാൻ സാധിക്കും. വാക്കുകൾക്കതീതമായ പ്രകടനമാണ് ഈ കുരുന്നുബാലൻ കാഴ്ചവെച്ചിരിക്കുന്നത്..

പാണന്മാർ പാടിപുകഴ്ത്തി നടന്നിരുന്ന ചാവേറുകളുടെ മലക്കങ്ങളും പെരുമലക്കങ്ങളും പോലെയുള്ള അഭ്യാസങ്ങൾ മാത്രമല്ല, അവരുടെ ആത്മസംഘർഷങ്ങളുടെയും, ആരുമറിയാതെ പോകുന്ന അവരുടെ നഷ്ടങ്ങളുടെയും കൂടി കഥപറയുന്നു മാമാങ്കം…

ചന്ദ്രോത്ത്‌ തറവാട്ടിലെ ചാവേർ പോരാളികളുടെ ജീവിതം ആസ്പദമാക്കി സജീവ്പിള്ള രചിച്ച കഥയെ ആസ്പദമാക്കി അവലംബിത തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് ശങ്കർ രാമകൃഷ്ണനാണ്.

എം പദ്മകുമാർ എന്ന സംവിധായകന്റെ മികച്ച കൈയ്യടക്കം ശ്രദ്ധേയമാണ്. വളരെ സൂക്ഷ്മതയോടെയാണ് ഈ ചിത്രത്തിലെ ഓരോ രംഗങ്ങളും സന്നിവേശിപ്പിച്ചിരിക്കുന്നത്. സംവിധായകന്റെ വിട്ടുവീഴ്ചയില്ലാത്ത അർപ്പണബോധം തന്നെയാണ് എപ്പോൾ വേണമെങ്കിലും ഏത് നിലക്ക് വേണമെങ്കിലും കൈവിട്ട് പോകാൻ സാദ്ധ്യതകൾ ഏറെയുണ്ടായിരുന്ന ഒരു പ്രമേയത്തെ 2 മണിക്കൂർ 37 മിനിറ്റുകൾ നേരം ഒരു ചരടിൽ കോർത്ത പോലെ കാഴ്ചക്കാർക്ക് മുന്നിൽ അവതരിപ്പിക്കാൻ സഹായകമായത്…

സാങ്കേതികതികവ് അക്ഷരാർത്ഥത്തിൽ ഹൈക്‌ളാസ് എന്ന് തന്നെ പറയാം. വി എഫ് എക്സ് രംഗങ്ങൾ എല്ലാംതന്നെ മികച്ച നിലവാരണത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്.

മാമാങ്കത്തെ ഒരു ദൃശ്യവിസ്മയമാക്കുന്നതിൽ നിർണ്ണായകപങ്ക് വഹിച്ചത് ക്യാമറാമാൻ മനോജ്‌ പിള്ളയാണ്. ഓരോ ഫ്രെയിമുകളും ഒന്നിനൊന്ന് മെച്ചമാണ്.
സംഘട്ടന രംഗങ്ങൾ ഒരുക്കിയ ശ്യാം കൗശൽ, വസ്ത്രാലങ്കാരം ചെയ്ത സതീഷ് എസ് ബി, കലാസംവിധായകൻ അനികേത് മിശ്ര, തുടങ്ങി ശബ്ദ മിശ്രണവും, എഡിറ്റിങ്ങും, പശ്ചാത്തല സംഗീതവും ഒക്കെ നിർവഹിച്ച മുഴുവൻ അണിയറക്കാരും അഭിനന്ദനം അർഹിക്കുന്നു.
മാഘമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന മകരം നക്ഷത്രം എന്നർത്ഥത്തിലുള്ള “മഹാമഘം” എന്ന സംസ്‌കൃത പദം ലോപിച്ചുണ്ടായ മാമാങ്കം എന്ന നാമധേയത്തിന് പിന്നിൽ കണ്ണിൽ കനലുകളുമായി ജീവിക്കുന്ന ഒരു ജനത മാത്രമല്ല അവരുടെ പ്രതികാരാഗ്നിയുടെ പിന്നാമ്പുറത്ത്‌ കുഴിച്ചുമൂടപ്പെട്ട നഷ്ടങ്ങളുടെയും വേദനകളുടെയും കൂടി കഥകളുണ്ടെന്ന ചരിത്രസത്യമാണ് മാമാങ്കമെന്ന ഈ കലാവിരുന്ന് അവസാനിക്കുമ്പോൾ പ്രേക്ഷകരെ ഓർമ്മിപ്പിക്കുന്നത്…

1695 ൽ നടന്ന മാമാങ്കത്തിൽ കൊലചെയ്യപ്പെട്ട പന്ത്രണ്ടു വയസ്സുകാരൻ ചന്തുണ്ണിയുടെ മലപ്പുറം ജില്ലയിലെ പാങ്ങ് എന്ന സ്ഥലത്ത് കുടികൊള്ളുന്ന സ്മാരകവും, സാമൂതിരിയുടെ നിലപാട്തറയും, ആയിരക്കണക്കിന് ജീവനുകൾ കുഴിച്ചുമൂടപ്പെട്ട മണിക്കിണറും, ചന്ദ്രോത്ത്‌ തറവാടുമെല്ലാം ഏറ്റവുമൊടുവിലായി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് സിനിമ അവസാനിക്കുന്നത്….

ചിത്രത്തിന്റെ ടൈറ്റിൽ ഗാനത്തിൽ പറയുന്നത് പോലെ…

“നിളാജലത്തിൽ ഗംഗ വന്നുചേർന്നിടുന്ന ഗർജ്ജനം..
മഹാചരിത്രവീരശൂര വേദിയായി മാമാങ്കം….
നിണം പടർന്നു നാവെയാകെ ചോപ്പണിഞ്ഞുലഞ്ഞിടും…
മണിത്തറക്കു മേലെ ഖഡ്ഗമായി മാമാങ്കം… ”

മാമാങ്കം വിസ്മയമാണ്

സൂരജ് ഇലന്തൂർ..

പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ സ്വദേശി… സ്വകാര്യ ബാങ്കിംഗ് കോർപറേറ്റ് മേഖലയിലെ ജോലിക്കിടയിലും ജനം ടിവി ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങൾക്ക് വേണ്ടി സിനിമ നിരൂപണങ്ങളും ലേഖനങ്ങളും എഴുതുന്നു.
ഇപ്പോൾ പൂർണ്ണസമയം പൊതുപ്രവർത്തകനാണ്

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!