December 3, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കരുതലുള്ള ഏട്ടൻ ; മലയാളികളുടെ സ്വന്തം മോഹൻലാൽ

അർപ്പണബോധവും കഠിനാധ്വാനവും വേണ്ടിവരും ഒരു കലാകാരന് ഉയരങ്ങളിലെത്താനും, ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടാനും. ഇതെല്ലാം മോഹൻലാൽ എന്ന മഹാപ്രതിഭക്കു സ്വന്തം. നാല് പതിറ്റാണ്ടിലധികം നീളുന്ന അഭിനയ സപര്യയിൽ മോഹൻലാൽ എന്ന നടനൊപ്പം ചേർത്തുനിർത്താൻ വേറെ ഒരു പേരുമില്ല; പകരം വെക്കാനില്ലാത്ത വ്യക്തിത്വം. ഒട്ടേറെ കഥാപാത്രങ്ങളെ അനശ്വരമാക്കാൻ മോഹൻലാൽ എന്ന നടന് സാധിച്ചിട്ടുണ്ട്. അതിൽ ഏതെങ്കിലും ചിലത് എടുത്ത് പറയുക എന്നത് ശ്രമകരമാണ്. ഓരോ കഥാപാത്രവും അദ്ദേഹത്തിന്റെ അസാധാരണ അഭിനയസിദ്ധിയാൽ അനുഗ്രഹീതമാണ്.
ഏതൊരു കൊച്ചുകുട്ടിയും ആദ്യം അനുകരിക്കുന്നത് ആ ഇടംതോൾ ചരിച്ചുള്ള നടത്തവും, “നീ… പോ.. മോനെ.. ദിനേശാ… “എന്ന ഡയലോഗുമായിരിക്കും.
ഏതു കഥാപാത്രവും അനായാസം വഴങ്ങുന്നതാണെന്നു കാലങ്ങളായി അദ്ദേഹം നമ്മെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അതിനാൽതന്നെ ഇതുപോലെ വിസ്മയം തീർത്ത, പ്രേക്ഷകപ്രീതി നേടിയ മറ്റൊരു നടനും ഉണ്ടാവില്ല. ഭാവംകൊണ്ടും, രൂപം കൊണ്ടും, ശബ്ദം കൊണ്ടും കഥാപാത്രങ്ങളെ പ്രേക്ഷകമനസ്സുകളിൽ വരച്ചിടാൻ കഴിയുന്ന അസാധാരണ പാടവമാണ് മോഹൻലാൽ എന്ന് അദ്ദേഹത്തിന്റെ ഇന്നോളമുള്ള അഭിനയം നമ്മെ മനസ്സിലാക്കിതന്നിട്ടുമുണ്ട്.

സിനിമാനടൻ ആയിരിക്കുമ്പോഴും, സിനിമയെക്കാൾ ഉപരി അഭിനയം എന്ന കലയെ ഉപാസിക്കുന്ന ആളുമാണ് മോഹൻലാൽ. അതിനാൽ തന്നെയാണ് നാടകലോകത്തും ഇടയ്‌ക്ക്‌ അദ്ദേഹത്തെ നമ്മുക്ക്‌ കാണാൻ സാധിക്കുന്നത്‌. അഭിനയത്തിന്റെ ഏതു മാനദണ്ഡം വച്ച് അളന്നാലും, ലോകനിലവാരത്തിൽ ഈ നടനുണ്ട്. അഭിനയം തപസ്യയാണെന്ന് വിശ്വസിക്കുന്ന അതുല്യ പ്രതിഭ. അതുകൊണ്ട് തന്നെയാണ് മലയാളിക്ക് മോഹൻലാൽ സ്വകാര്യ അഹങ്കാരമാകുന്നതും.

കേവലം ഫാൻസ്‌ അസോസിയേഷനിൽ ഒതുങ്ങാതെ അശരണർക്ക്‌ ആശ്രയമാകാൻ, ആലംബഹീനർക്ക്‌ കൈത്താങ്ങാകാൻ; ലാലേട്ടന്റെ നിർദ്ദേശപ്രകാരം ചാരിറ്റി സംഘടനയായ “ലാൽ കെയെഴ്സ്” 2013-ൽ യുഎഇയിൽ പ്രവർത്തനമാരംഭിച്ചു. സാമൂഹികമായ കരുതൽ കാത്തുസൂക്ഷിക്കുന്ന നടനെന്ന നിലയിൽ അദ്ദേഹം സിനിമാ പ്രവർത്തകർക്കിടയിൽ അനുകരണീയനാണ്‌.

കോവിഡ്‌ കാലത്ത്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ സംഭാവനയും, പ്രളയകാലത്തെ സഹായഹസ്തങ്ങളും പ്രകടമാക്കുന്നത് സഹജാതരെകുറിച്ചുള്ള അദ്ദേഹത്തിന്റ കരുതലിന്റെ തെളിവാണ്. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികളായ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും അദ്ദേഹം മടികാണിച്ചില്ല. വിശ്വശാന്തി ഫൗണ്ടേഷനിലൂടെ അനേകമായിരം നിരാലംമ്പർക്കും അശരണർക്കും സഹായമെത്തിക്കാൻ മോഹൻലാൽ എന്ന നടന്‌ സാധിച്ചിട്ടുണ്ട്‌, അത്‌ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനും കഴിയുന്ന മനസ്സോടെ ഇനിയും ഒരുപാട്‌ ജന്മദിനങ്ങൾ ആഘോഷിക്കാൻ ജഗദീശ്വരൻ ഈ അഭിനയത്തിന്റെ ചക്രവർത്തിയെ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ, ഒരിക്കൽകൂടി സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ ലാലേട്ടാ.

രാജേഷ് ആർ. ജെ.
പ്രസിഡണ്ട്
ലാൽകെയേഴ്സ്, കുവൈത്ത്

error: Content is protected !!