January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇലാമപ്പഴത്തിൻെറ ചരിത്രം മനുഷ്യ കുലത്തോട് ചേർത്തു വായിച്ച ചലച്ചിത്രാവിഷ്കാരം!

അനിൽ കിഴക്കേടത്ത്

ഇഷ്ടപ്പെട്ട  നിറവും സുഗന്ധവുമുള്ള കുറെയേറെ പൂക്കളിൽനിന്നും  ഏറ്റവും ഇഷ്ടപ്പെട്ട ഒരെണ്ണം  തിരഞ്ഞെടുക്കാൻ പറഞ്ഞാൽ അതത്ര എളുപ്പമാവില്ല . അതുപോലെ ബുദ്ധിമുട്ടേറിയ വിഷയമാണ്  ഏറ്റവും ഇഷ്ടമുള്ള ‘ഒരു ചിത്രമേത് എന്ന ചിന്ത . എങ്കിലും ഇവിടെ എഴുതാൻ വേണ്ടി എന്റെ ഇഷ്ടചിത്രം ‘ഗുരു’ വെന്ന് അടയാളപ്പെടുത്തുന്നു .

1997 സെപ്റ്റംബറിൽ റിലീസ് ചെയ്ത ,CG രാജേന്ദ്ര ബാബു  തിരക്കഥയെഴുതി രാജീവ് അഞ്ചലിന്റെ സംവിധാനത്തിൽ ജനസമ്മിതി ക്രീയേഷനൻസിന്റെ ബാനറിൽ മോഹൻ ലാൽ നായകനായി, സുരേഷ് ഗോപി ഉൾപ്പെടെ ഒരു വലിയ താരനിര അണിനിരന്ന ചിത്രം .

ഇംഗ്ലീഷ് എഴുത്തുകാരനായ എച്ച് ജി വെൽസിന്റെ The country of the blind  എന്ന ചെറു കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് രാജീവ് അഞ്ചൽ ചിത്രത്തിന്റെ കഥ തയ്യാറാക്കിയത് . ഈ ചിത്രത്തിൽ കഥക്കും തിരക്കഥക്കും എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ചിത്രത്തെ ശരിയായ അർത്ഥത്തിൽ കണ്ടവർക്ക് തിരിച്ചറിയാനാവും .മലയാള സിനിമയുടെ പരിമിതിക്കുള്ളിൽ നിന്നുള്ള എ ബ്രില്യന്റ് സ്ക്രിപ്റ്റ് റൈറ്റിങ് ആൻഡ് മേക്കിങ് ആയിരുന്നു ഗുരു .

 സാമ്പത്തികമായി പരാജയമായെങ്കിലും കലാപരമായി മലയാള സിനിമയെ ഉന്നതങ്ങളിലെത്തിക്കാൻ , മികച്ച വിദേശഭാഷ ചിത്രത്തിന്  ഇന്ത്യയിൽ നിന്നുള്ള  നോമിനേഷൻ ഉൾപ്പെടെ  നിരവധി അംഗീകാരങ്ങൾ നേടിയതിലൂടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞു .

ഗുരു എന്ന ചിത്രത്തിന്റെ കണ്ടന്റ് എന്താണെന്നോ അത് പറഞ്ഞിരിക്കുന്ന സാമൂഹിക പ്രതിബദ്ധത എന്തായിരുന്നുവെന്നോ നിർഭാഗ്യവശാൽ അന്നൊക്കെ സിനിമ കണ്ടിറങ്ങിയ സാധാരണ പ്രേക്ഷകന് മനസിലാകാതെ പോയത് സിനിമയുടെ സാമ്പത്തികമായ  പരാജയത്തിൻെറ മുഖ്യകാരണമായി വിലയിരുത്തേണ്ടി വരും .

ജനങ്ങളെ കരുവാക്കി, രാഷ്ട്രീയം  രാഷ്ട്രത്തെ ചൂതാട്ടകേന്ദ്രമാക്കുന്ന  കെട്ട കാലത്ത് ജീവിച്ചിരുന്ന കുറച്ചു നല്ല മനുഷ്യരുടെ നന്മക്കുമേലെ, വർഗീയത കുത്തിവെച്ച് രാഷ്ട്രീയമെന്ന തിന്മ നേടുന്ന വിജയത്തിനിടയിൽ, കൂടപ്പിറപ്പുകളെ നഷ്ട്ടപ്പെട്ട വേദനയിൽ അതേ തിന്മയുടെ പാത തിരഞ്ഞെടുക്കാൻ തീരുമാനിക്കുന്ന രഘുരാമനെന്ന നായകൻെറ ആത്മ സംഘർഷങ്ങളും , ഒടുവിൽ യാദൃച്ഛികമായി എത്തപ്പെട്ട ഒരു ആശ്രമത്തിൽ നിന്നും രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ , ശിഷ്യയുടെ നിർബന്ധപ്രകാരം ഗുരുവിന്റെ പാദങ്ങളിൽ ചുംബിച്ചു യാത്ര പറയുമ്പോൾ അബോധത്തിലാകുന്ന രഘുരാമൻ , സിനിമയുടെ രണ്ടാം പകുതിയിൽ ഉണരുന്നത് അതുവരെ പരിചിതമല്ലാത്ത  ഏതോ താഴ്‌വരയിലാണ് . ശേഷം സിനിമയും പ്രേക്ഷകരും അക്ഷരാർഥത്തിൽ രാഘു രാമനൊപ്പം വേറൊരു ലോകത്തേക്ക് സഞ്ചരിക്കുകയാണ് .

കണ്ണെന്നാൽ മുഖത്ത് ഉരുണ്ടു കളിക്കുന്ന രണ്ടു ഗോളമാണെന്നും നമ്മൾ ജീവിക്കുന്നതിനു ചുറ്റുമുള്ള പാറക്കെട്ടുകൾ മാത്രമാണ് ഈ ലോകമെന്നും വിശ്വസിക്കുന്ന, യുഗങ്ങളായി കാഴ്ച്ചയില്ലാതെ കഴിയുന്ന കുറെ   മനുഷ്യരുടെയിടയിലേക്ക് കാഴ്ചയുള്ള രഘുരാമനെ  പറഞ്ഞയക്കുകയാണ് ഗുരു .

കാഴ്ചയുടെ കള്ളക്കഥ പ്രചരിപ്പിക്കാൻ വന്ന ദുഷ്ടശക്തിയായി താഴ്‌വര രഘുരാമനെ  നിഷ്കാസിതനാക്കുമ്പോൾ, പ്രേക്ഷകന്റെ മനസ്സിൽ ഓടിയെത്തുന്നത് നമുക്ക് അറിവ് പകരാൻ ഭൂമിയിൽ വന്നു പോയ പൂർവ്വികരെ കുറിച്ചായാൽ തെറ്റില്ല .

രാജകുമാരിയെ പ്രണയിച്ച ഗോത്രവർഗ്ഗക്കാരനായ രമണകൻ എന്ന യുവാവ്  രഘുരാമനെ  വിശ്വസിക്കുന്നു . അവർ കൂട്ടുകാരാകുന്നു . രാമണകനിൽ നിന്നും  താഴ്‌വരയുടെ ആചാരങ്ങളെയും സത്യങ്ങളെയും കുറിച്ച് രഘുരാമൻ അറിയുന്നു  . അതിൽ പ്രധാനപ്പെട്ടതായിരുന്നു ഇലാമപ്പഴം .

താഴ്‌വരയുടെ സിദ്ധഔഷധമായി കാലാകാലങ്ങളായി അവർ ഇലാമാപ്പഴത്തെ ഉപയോഗിക്കുന്നു  . ജനിച്ചുവീഴുന്ന കുഞ്ഞിൻെറ നാവിലേക്ക് ഇലാമപ്പഴത്തിന്റെ ചാറ്  പകർന്നില്ലെങ്കിൽ  കുഞ്ഞു മരണപ്പെടുമെന്നു വിശ്വസിക്കുന്ന താഴ്‌വര, പക്ഷെ പഴത്തിന്റെ വിത്ത് കൊടിയ വിഷമായും  കാണുന്നു .
പുതിയ കാലത്തെ മതപരമായ ചട്ടക്കൂടുകളേയും അന്ധവിശ്വാസങ്ങളേയും ഇലാമപ്പഴം എന്ന ബിംബത്തിൽ കേന്ദ്രീകരിച്ച് പ്രേക്ഷകന് മനസിലാക്കിക്കൊടുത്തതിൽനിന്നും നല്ലൊരു തിരക്കഥ നമുക്ക് വായിച്ചെടുക്കാം.

വിശുദ്ധമായ ഇലാമാപ്പഴത്തിൽ ആകൃഷ്ടനായ രഘുരാമൻ  ഒരിക്കലത് രുചിച്ചു നോക്കുകയും ആർത്തിയോടെ വീണ്ടും കഴിക്കുകയും ഒടുവിൽ അയാൾക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നു .

ഇലാമപ്പഴമാണ്‌ ഈ താഴ്‌വരയിലെ അന്ധതയുടെ കാരണമെന്നു അയാൾ വേദനയോടെ തിരിച്ചറിയുകയും അത് ലോകത്തോട് വിളിച്ചു പറയുകയും ചെയ്തപ്പോഴേക്കും ആയാളിലും  പൂർണ്ണമായും  അന്ധത വ്യാപിച്ചിരുന്നു.
അന്ധവിശ്വാസങ്ങൾ മനുഷ്യനെ അന്ധനാക്കുന്നുവെന്ന് ഗുരു പറയുന്നു..

ഒടുവിൽ രഘുരാമൻ പിടിക്കപ്പെടുകയും കൊടിയ വിഷമായ ഇലാമപ്പഴത്തിന്റെ കായകൊടുത്ത് കൊല്ലാൻ  രാജാവ് ഉത്തരവിടുന്നു  .

വിഷംകുടിച്ച് അവശനായ രഘുരാമന് ബോധം തെളിയുമ്പോൾ അയാൾ മറ്റൊരു സത്യം കൂടി അനുഭവത്തിലൂടെ തിരിച്ചറിയുകയായിരുന്നു . യുഗാന്തരങ്ങളോളം കൊടിയ വിഷമെന്നു കരുതി ആ ജനത അകറ്റി നിർത്തിയ ഇലാമപ്പഴത്തിന്റെ വിത്ത് വിഷമല്ലെന്നും അവരുടെ അന്ധത അകറ്റാനുള്ള  സിദ്ധഔഷധമാണെന്നും കാഴ്ച തിരിച്ചു കിട്ടിയ രഘു രാമൻ വിളിച്ചു പറഞ്ഞു .

തന്നെ വിശ്വസിച്ച ഒരു ജനതയെ അയാൾ വെളിച്ചത്തിലേക്ക് കൊണ്ടുവരുകയും അവർ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മതിൽ കെട്ടുകൾ തകർക്കുകയും ചെയ്യുമ്പോൾ ; ഗുരു പറഞ്ഞു തരുന്നത്: നമ്മുടെ വിശ്വാസങ്ങളിൽ തെറ്റുണ്ടെന്നും അത് തിരുത്തണമെന്നുമാണ്.

മതവിദ്വേഷം വളർത്തി, ജാതിയും മതവും പറഞ്ഞ് ജനങ്ങളെ തമ്മിൽത്തല്ലിച്ച് വോട്ട് ഉറപ്പിക്കുന്ന നെറികെട്ട രാഷ്ട്രീയം കൊടികുത്തി വാഴുന്ന ഭൂമിയിൽ’ഗുരു’ എന്ന ചലച്ചിത്രം കാലത്തിന് മുന്നേ സഞ്ചരിച്ച സൃഷ്ടിയാണ്.

മേക്കിങ്, ലൊക്കേഷൻ, ക്യാമറ, ഗാനങ്ങൾ, പശ്ചാത്തലസംഗീതം, അഭിനേതാക്കൾ അങ്ങനെ ഒരുപാടുണ്ട് സിനിമയെക്കുറിച്ച് പറയാൻ. അത് പിന്നീടൊരിക്കലാകാമെന്ന് കരുതുന്നു.

സ്നേഹപൂർവ്വം
അനിൽ കിഴക്കടത്ത്

കൊല്ലം ശാസ്താംകോട്ട സ്വദേശിയായ അനിൽ കിഴക്കേടത്ത് എഴുത്തുകാരൻ എന്ന നിലയിലും ഹ്രസ്വചിത്ര സംവിധായകൻ എന്ന നിലയിലും ശ്രദ്ധേയനാണ്. അടുത്തിടെ പുറത്തിറങ്ങിയ ‘ വെടക്ക് യന്ത്രം ‘ അവതരണ മികവിനാൽ ഏറെ നിരൂപകപ്രശംസ നേടി.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!