ഷൈജിത്ത്. കെ
അധികം സിനിമകൾ കണ്ടിട്ടില്ലാത്ത സിനിമാപ്രാന്തൻ അല്ലാത്ത ഞാൻ സിനിമയെ കുറിച്ച് എഴുതണമല്ലോ എന്ന് ചിന്തിച്ചപ്പോൾ തന്നെ മനസ്സിലൂടെ മിന്നായംപോലെ ഓട്ടപ്രദക്ഷിണം നടത്തിയത് ഒരു കഥാപാത്രമായിരുന്നു.. വിധേയത്വം സിരകളിൽ പേറുന്ന മാട എന്ന ദളിതകർഷകൻ.
ടി.വി. ചന്ദ്രൻറെ സംവിധാന മികവിലൂടെ സി.വി ശ്രീരാമൻറെ രണ്ടു ചെറുകഥകൾ (പൊന്തൻമാടയും, ശീമതമ്പുരാനും) മമ്മൂട്ടി എന്ന അതുല്യ നടനിലൂടെ അഭ്രപാളിയിലേക്ക് എത്തിയപ്പോൾ മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്ന് പിറവിയെടുത്തു.
പത്താം തരത്തിലെ പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലങ്ങളിൽ തിയേറ്ററിൽ പോയി കണ്ട സിനിമ. ശരാശരി മലയാളിയുടെ പുരുഷ സൗന്ദര്യ സങ്കല്പത്തിൻറെ മകുടോദാഹരണമായ മമ്മൂട്ടി എന്ന മഹാനടൻറെ വേഷപകർച്ച (ശരീരഭാഷയും മാനറിസങ്ങളും)
മാത്രമായിരുന്നു അന്നെൻറെ മനസ്സിൽ തട്ടിയത്. പിന്നീട് കലാലയ ജീവിതത്തിൽ സിനിമ പ്രദർശനത്തിൻറെ ഭാഗമായി വീണ്ടുമൊരിക്കൽക്കൂടി കാണുമ്പോഴാണ് ഈ സിനിമയുടെ മഹത്വങ്ങളിലേക്ക് കാഴ്ച എത്തുന്നത്.
അടിയാളനായ മാടയും വരേണ്യനായ ഭൂവുടമയും(ശീമ തമ്പുരാൻ) തമ്മിലുള്ള ആത്മബന്ധത്തിൻറെ കഥ പറയുന്ന ചലച്ചിത്രം കേരളത്തിൻറെ സാമൂഹിക ഉച്ചനീചത്വങ്ങളും, സാംസ്കാരിക വളർച്ചയും, രാഷ്ട്രീയവും ഒക്കെ വരച്ചുകാട്ടുന്നു.
ഇംഗ്ലണ്ടിൽ നിന്നും പുറത്താക്കപ്പെടുന്ന ഐറിഷ് പട്ടാള ക്യാമ്പിൽ ഉണ്ടായിരുന്ന ശീമതമ്പുരാൻ നസറുദ്ദീൻ ഷാ എന്ന അതുല്യനടൻറെ കൈകളിൽ ഭദ്രമാണ്. സൗഹൃദത്തിലും, തുല്യതയിലും വിശ്വസിക്കുന്ന പ്രമാണിത്വം ആഘോഷിക്കാനറിയാത്ത ഇയാൾ മാടയുടെ രക്ഷകനും ദൈവവുമാണ്. “തമ്പുരാനെ നാടു കടത്തേ?” എന്ന് ശങ്കിച്ച് നിൽക്കുന്ന മാടയെ പ്രേക്ഷകന് മറക്കാനാവില്ല. തൻറെ പങ്കാളിയെ സങ്കൽപ്പിച്ച് നൃത്തമാടുകയും അവരുടെയും തൻറെയും മത വിശ്വാസങ്ങളിൽ പ്രാർത്ഥിക്കുകയും ഒരു സാങ്കല്പ്പിക ലോകം സൃഷ്ടിച്ച് അവരോട് സംവദിക്കുകയും ചെയ്യുന്ന ഇയാൾ അവരുടെ വിയോഗവാർത്ത അറിയുന്നതോടുകൂടി there is no point to wait anymore എന്ന് പറഞ്ഞു ആത്മാഹുതി ചെയ്യുന്നതോടെ പ്രണയത്തിൻറെ മറ്റൊരു വെണ്ണക്കൽ ഗോപുരം നമുക്കുമുന്നിൽ തെളിഞ്ഞുവരുന്നു.
മാടയുടെ ജീവിതത്തിലും പ്രണയം കാർത്തുവിൻറെ രൂപത്തിൽ വഴിചാലുകൾ തീർക്കുന്നുണ്ടെങ്കിലും അയാളിൽ അലിഞ്ഞു ചേർന്ന അടിയാളത്വം അതയാളിൽ നിന്നും കവർന്നെടുക്കുന്നു. പ്രണയം പ്രകടിപ്പിക്കാനോ സ്വന്തമാക്കാനോ സംരക്ഷിക്കാനോ അയാളിലെ ഭീരുത്വമോ അപകർഷതാബോധമോ അനുവദിക്കുന്നില്ല. തൻറെ പെണ്ണിനെ ലൈംഗികമായി ചൂഷണം ചെയ്തവനോട് പോലും പ്രതികരിക്കാൻ അറിയാത്ത അയാളോട് “നീയൊരു ആണാണോടാ മാടെ?” എന്നവൾക്ക് ചോദിക്കേണ്ടി വരുന്നുണ്ട്.
തമ്പുരാനെ ചതുരംഗത്തിൽ തോൽപ്പിക്കുമ്പോളും, ഭാര്യ ചൂഷണം ചെയ്യപ്പെടുമ്പോഴും എല്ലാം മനസ്സിലാക്കി എടുക്കാൻ കഴിയുന്ന മാട പൊന്തൻ(വിഡ്ഢി) ആണെന്ന് വിശ്വസിക്കാൻ തരമില്ല. അതേസമയം അതിനെതിരെ വിരൽ ചൂണ്ടാൻ പോലും പറ്റാത്തത്ര ആഴത്തിൽ അയാളിൽ അടിമത്തം കുടി കൊള്ളുന്നു. വർണ്ണ വർഗ്ഗ വിവേചനത്തിനെതിരെ കൊടി പിടിക്കുന്ന അടിയാള പോരാട്ടങ്ങൾ കൺമുന്നിൽ കണ്ടിട്ട് പോലും അയാൾ ബോധവാൻ ആകുന്നില്ല.
കാലത്തിനൊപ്പം സഞ്ചരിക്കാൻ മാടക്ക് കഴിഞ്ഞില്ല. പുരോഗമനം വന്നതോടുകൂടി കൃഷി ചെയ്യാൻ പോലും മനുഷ്യർ മടിച്ചപ്പോൾ വയലിൻറെയും ഭൂമിയുടെയും കരച്ചിൽ കേൾക്കാൻ അയാൾക്കാവുന്നുണ്ട്. മുന്നേറ്റങ്ങൾ ഉണ്ടായിട്ടും മണ്ണിലിറങ്ങി പണിയെടുത്തവന് ഒരു തുണ്ട് ഭൂമി പോലും നൽകാനാവാത്ത കപട രാഷ്ട്രീയത്തെ ചലച്ചിത്രം കാർക്കിച്ചു തുപ്പുന്നുണ്ട്.
“അപ്പൂപ്പാ” എന്ന് സംബോധന ചെയ്തുകൊണ്ട് മാടയെ വീണ്ടും മനുഷ്യനായി കണ്ടുകൊണ്ട് സംവദിക്കാൻ എത്തുന്ന രശ്മി എന്ന പെൺകുട്ടിയിലൂടെ മാടയുടെ ജീവിതം നമുക്കു മുന്നിൽ ചുരുളഴിയപെടുന്നു. ഈ പെൺകുട്ടിയെ കടൽകടന്നെത്തിയ ശീമതമ്പുരാൻറെ മകളായി കണ്ടു മാട സായൂജ്യമടയുന്നു. കാലം പുരോഗമിച്ചിട്ടും അടുക്കളയുടെ അകത്തളങ്ങളിൽ തളച്ചിടപ്പെട്ടു പോകുന്ന സ്ത്രീ സമൂഹത്തിൻറെ നേർക്കാഴ്ചയാണ് രശ്മി. പറന്നുയരാൻ കൊതിച്ചവളെ കൂട്ടിലടച്ചതിനോട് പ്രതിഷേധിച്ചതും ചിത്തഭ്രമം ചാർത്തിക്കൊടുത്തു അന്ധവിശ്വാസത്തിൻറെ കൂട്ടു പിടിക്കുന്നത് മനുഷ്യവർഗ്ഗത്തിൻറെ സാംസ്കാരിക പൊള്ളത്തരം വരച്ചുകാട്ടുന്നു.
വർണ്ണ വിധേയനായ സുഖലോലുപനായ കള്ളനാണയങ്ങളുടെ പ്രതിനിധിയായ രാജുവിൻറെ കഥാപാത്രം, സ്വന്തം ഭർത്താവിൻറെ ലൈംഗിക അഴിഞ്ഞാട്ടം കൺമുന്നിൽ നോക്കികാണേണ്ടിവരുന്ന ശയ്യാവലംബിയായ മുതലാളിയുടെ ഭാര്യ, പുരോഗമന പ്രസ്ഥാനത്തിന് വേണ്ടി വാദിച്ച് ഫലത്തിൽ ഒന്നുമില്ലാത്തവൻ ആയി മാറുന്ന ഗോപി എന്ന കഥാപാത്രം.. തുടങ്ങി നിരവധി ജീവിതഗന്ധിയായ കഥാപാത്രങ്ങളെ തിയേറ്റർ വിട്ടതിനുശേഷവും പ്രേക്ഷക മനസ്സിൽ മിഴിവോടെ തെളിയിച്ചു നിർത്തുന്നതിൽ സംവിധായകൻ വിജയിച്ചു എന്ന് സമ്മതിക്കേണ്ടി വരും.
അവകാശബോധവും പ്രതികരണശേഷിയും ചങ്കൂറ്റവും ഇല്ലാത്തവർ എന്നും സമൂഹത്തിൽ പൊന്തൻമാരായിരിക്കും എന്ന വലിയൊരു സന്ദേശം നൽകിയ ഈ ചലച്ചിത്രം മികച്ച ചിത്രം, മികച്ച നടൻ, മികച്ച സംഗീത സംവിധായകൻ എന്നീ മേഖലകളിൽ നാഷണൽ അവാർഡും, മികച്ച രണ്ടാമത്തെ ചലച്ചിത്രമായി സംസ്ഥാന അവാർഡും കരസ്ഥമാക്കി. മമ്മൂട്ടി എന്ന മഹാനടൻറെ മാട യിലേക്കുള്ള പരകായപ്രവേശം കൊണ്ടാടിയ ഈ ചലച്ചിത്രം മനസ്സിലെന്നും മികച്ചതായി തന്നെ നിൽക്കുന്നു.
ഷൈജിത്ത്. കെ
ഷൈജിത്ത്.കെ (കുട കുവൈറ്റ് കൺവീനറും, കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് മുൻ പ്രസിഡണ്ടും നിലവിലെ വൈസ് പ്രസിഡണ്ടുമാണ്).
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു