നാടകകൃത്തും ഹ്രസ്വചിത്ര സംവിധായകനുമായ സുനിൽ കെ ചെറിയാൻ തൻറെ ഇഷ്ട ചിത്രത്തെക്കുറിച്ച് എഴുതുന്നു.
ഗോൾഡൻ ഗ്ലോബ് മികച്ച സിനിമ, മികച്ച സംവിധായകൻ അവാർഡുകൾ നേടിയ 1917, യുക്തമായൊരു ദൗത്യത്തെ പിന്തുടരുന്ന സഫല ശ്രമമാണ്.
ഒന്നാംലോകയുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളക്കാരുടെ തുറന്ന ക്യാംപിൽ ഇരുന്ന് ഉറങ്ങുന്ന രണ്ട് യുവ യോദ്ധാക്കളിൽ ‘1917’ തുടങ്ങുന്നു. അവിടെ നിന്നുള്ള ഒറ്റ ഷോട്ടിൽ, പട്ടാളക്കാർ നിർമ്മിക്കുന്ന കിടങ്ങിലൂടെ യുവാക്കളുടെ പിന്നി ലൂടെയും, മുന്നിലൂടെയും, വശത്തു കൂടിയും നീങ്ങുന്ന കാമറ. ഭൂമിക്കടി യിൽ സജ്ജമാക്കിയിരിക്കുന്ന ആസ്ഥാനത്തു നിന്ന് അവർക്ക് ഓർഡർ കിട്ടുന്നു: ജർമ്മൻ സേനയെ ആക്രമിക്കാനുള്ള മറ്റൊരു ബ്രിട്ടീഷ് ബറ്റാലിയൻ പദ്ധതി ഉപേക്ഷിക്കണമെന്ന സന്ദേശം, കിലോമീറ്ററുകൾക്ക് ദൂരെ, നടന്ന് പോയി കൈമാറണം. എന്ത് കൊണ്ട് ബ്രിട്ടീഷ് സേന പിന്മാറുന്നു? അതൊരു ജർമ്മൻ കെണിയാണ്. 1600 ബ്രിട്ടീഷ് പട്ടാളക്കാരെ ഇല്ലാതാക്കാൻ പോന്ന കെണി. ആ കെണിയിൽ വീഴരുത്. ഇതാണ് സന്ദേശം. സംഗീതം മുറുകുന്നു. സന്ദേശവാഹകരെ കാമറ പിന്നെയും തുടരുന്നു.
‘സേഫ് സോൺ’ വിട്ട്, വിജന പ്രദേശത്ത് കൂടി ആ ബ്രിട്ടീഷ് യുവ പട്ടാള ക്കാർ, നടക്കുന്നതിനിടയ്ക്ക് കാണാം യോദ്ധാക്കളുടെയും കുതിരകളുടെയും ചെളിയിലാഴ്ന്ന മൃതശരീരങ്ങൾ. കാമറയ്ക്ക് അത്തരം സൈഡ് ദൃശ്യങ്ങളിൽ ഫോക്കസ് ചെയ്യാൻ സമയമില്ല. ആ രണ്ട് പട്ടാളക്കാരെ പിൻതുടരണം. ഇപ്പോഴും എഡിറ്ററുടെ കത്രിക വീണിട്ടില്ല. അഥവാ യുവാക്കൾക്കൊപ്പം ഒരു വശത്ത് കൂടി നീങ്ങുന്ന ദൃശ്യങ്ങളിൽ, അവർക്കും കാമറയ്ക്കും ഇടയിൽ വരുന്ന, അവരെ മറയ്ക്കാൻ പോന്ന മണൽച്ചാക്കുകളുടെയോ, കമ്പിവേലി കളുടെയോ ഇടയ്ക്ക് ‘കട്ട്’ വീണിരിക്കാം. ഇരുട്ട് നിലവറ സീനുകളിലും കട്ടിന് സാദ്ധ്യതകൾ ഉണ്ട്. ദീർഘ ഷോട്ടുകൾ സന്നിവേശിപ്പിച്ചത് അതിവിദഗ്ദ്ധമായതിനാൽ ഒറ്റ ഷോട്ട് സിനിമാനുഭവമാണ് ‘1917’ നമുക്ക് സമ്മാനി ക്കുക.
ഉപേക്ഷിക്കപ്പെട്ട ഒരു ജർമ്മൻ വീട്ടിൽ അവർ പരിശോധിക്കുന്നതിനിടയ്ക്ക് അവരുടെയടുത്തേയ്ക്ക് നിപതിച്ച ഒരു ജർമ്മൻ പോർവിമാനം. അതിലെ പൈലറ്റുമായി അവരുടെ കശപിശ. പൈലറ്റ് ബ്ളെയ്ക്കിനെ കത്തിക്ക് കുത്തി. പൈലറ്റിനോട് സ്‌കോഫീൽഡ് തോക്ക് കൊണ്ട് മറുപടി പറഞ്ഞെ ങ്കിലും കുത്തേറ്റ ബ്ളെയ്ക്ക് ചോര വാർന്ന് മരിക്കുന്നു. ഇരുവരിൽ ശേഷിച്ചവൻ യാത്ര തുടരുന്നു. സന്ദേശം എത്തിക്കാനുണ്ട്. 1600 പേരുടെ ജീവന്റെ കാര്യമാണ്.
തകർന്ന പാലം, നിലം പൊത്തിയ കെട്ടിടങ്ങൾ, അസ്ഥികൂട നഗരം കടന്ന് സന്ദേശവാഹകൻ യാത്ര തുടരുകയാണ്. യാത്രയ്ക്കിടയിൽ ഏറ്റുമുട്ടലു കളുണ്ട്. ബ്രിട്ടീഷ് സൈന്യത്തിലെ പഞ്ചാബിയെ കാണുന്നുണ്ട്. രാത്രിയിൽ അവിചാരിതമായി ഒരു ഫ്രഞ്ച് വനിതയെ അവരുടെ പാവപ്പെട്ട വീട്ടിൽ വച്ച് കണ്ടുമുട്ടുന്നുണ്ട്. എല്ലാറ്റിനെയും പിന്നിലാക്കി അയാൾ യാത്ര തുട രുന്നു.
ബ്രിട്ടീഷ് സൈന്യം ആക്രമണത്തിന് പുറപ്പെട്ട നിർണ്ണായക നിമിഷത്തിൽ അയാൾക്ക് സന്ദേശമെത്തിക്കാൻ കഴിഞ്ഞു. യുദ്ധമൊഴിവാക്കുന്നതിനുള്ള സന്ദേശം. യുദ്ധക്കൊതിയന്മാർക്ക് പിടിക്കാത്ത സന്ദേശം. പക്ഷെ അതൊരു ഓർഡർ ആണ്! അയാൾക്ക് ഇനിയൊരു മിഷൻ കൂടിയുണ്ട്. യാത്രയിൽ മരണപ്പെട്ട കൂട്ടുകാരന്റെ സഹോദരൻ ലഫ്റ്റനന്റ് ബ്ളെയ്ക്ക് ക്യാംപി ലുണ്ട്. അദ്ദേഹത്തെ കാണണം. സഹോദരന്റെ കാര്യം പറയണം.
ഏറ്റുമുട്ടലുകൾക്കും, വെടിവയ്‌പുകൾക്കും, കറുത്ത പുകയ്ക്കും മേലെ സംവിധായകൻ ഒരു യാത്രയുടെ അനിശ്ചിതാവസ്ഥയും അനിവാര്യതയും കാണിക്കുന്നു. യുദ്ധമൊഴിവാക്കുവാനുള്ള സന്ദേശമെത്തിക്കുക എന്നത് നമ്മൾ കാണികളുടെ കൂടി ആവശ്യമാക്കി മാറ്റിയിരിക്കുന്ന സംവിധാന മികവ് സിനിമയിൽ കാണാം.
വരണ്ട, ജനവാസമില്ലാത്ത പ്രദേശത്ത് നിന്നുള്ള സന്ദേശവാഹകന്റെ യാത്ര കൂടുതൽ പച്ചപ്പുകളിലേയ്ക്കും മനുഷ്യരിലേയ്ക്കുമാണ് എന്നതും ശ്രദ്ധിക്കാ തിരിക്കാനാവില്ല. പുഴ കടക്കുന്ന സീനിൽ മൃതദേഹങ്ങളെ ചവിട്ടി കരയ്ക്കണയേണ്ടി വന്ന നായകന്റെ നിശ്വാസത്തിനൊപ്പമാണ് നമ്മൾ. വീർത്ത് പൊങ്ങിക്കിടക്കുന്ന മൃതദേഹ ഭീകരതയെക്കാൾ പ്രധാനമാണ് ശേഷം വന്നേക്കാവുന്ന പച്ചപ്പ് എന്ന് സിനിമ കാട്ടിത്തരുന്നു.
യുദ്ധത്തിൽ സഹോദരൻ മരിച്ചാൽ, പിന്നെ ജീവിച്ചിരിക്കുന്നവരാണ് സഹോദരങ്ങൾ.
-സുനിൽ കെ ചെറിയാൻ
അങ്കമാലി സ്വദേശിയായ സുനിൽ കെ ചെറിയാൻ കുവൈറ്റിൽ ലൈബ്രേറിയനായി ജോലി ചെയ്യുന്നു. മൂന്നുതവണ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടക രചയിതാവിനുള്ള പുരസ്കാരം കരസ്ഥമാക്കി. ഈ നാടകങ്ങളുടെ സമാഹാരം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒപ്പം ശ്രദ്ധേയമായ പല ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു