November 23, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മംഗല്യപുഴയിലെ ഓർമ്മച്ചിത്രം

ഷിബിൻ നന്ദ

1988 എന്റെ ജനനവർഷം , ആ വർഷം തന്നെയാണ് പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ചിത്രം എന്ന ബോക്സ്സ്‌ ഓഫീസ് ഹിറ്റ് സിനിമയും പുറത്തിറങ്ങുന്നത് ..
അല്ലറ ചില്ലറ വെട്ടിപ്പൊക്കെയായി നടക്കുന്ന വിഷ്ണു എന്ന കഥാപാത്രത്തെ ഉൾക്കൊണ്ട് മോഹൻലാൽ പൊളിച്ചടുക്കിയ പടം ..

മംഗല്യപുഴ എന്ന ഗ്രാമത്തിൽ നടക്കുന്ന ഒരു സാങ്കൽപ്പിക കഥ .. അവിടുത്തെ ആദിവാസികൾ ഒക്കെ തങ്ങളുടെ തമ്പുരാൻ ആയി കാണുന്ന ( പൂർണം വിശ്വനാഥ് ) അമേരിക്കയിൽ സെറ്റിൽഡ് ആണ് .. ഒരു മകൾ കല്യാണി (രഞ്ജിനി ) നാട്ടിൽ ഉണ്ട് .. തമ്പുരാന്റെ സന്തത സഹചാരി ആയിരുന്ന കൈമൾ ( നെടുമുടി വേണു ) ആണ് നാട്ടിലെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് .. പിന്നെ ഉള്ള സഹോദരി സുഭദ്ര (സുകുമാരി ) അനന്തിരവൻ നമ്പ്യാർ (ശ്രീനിവാസൻ ) പിന്നെ രേവതി ആയി ലിസ്സി , പോലീസ് ഓഫീസർ (സോമൻ ) തുടങ്ങിയ എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ റോളുകൾ വളരെ നന്നായി ചെയ്തു ആ സൂപ്പർ ഹിറ്റിന്റെ ഭാഗമായി ..

അവധിക്കാലം ആഘോഷിക്കുവാൻ വരുന്ന അച്ഛനെ കാണിക്കുവാൻ വേണ്ടി മാത്രം ഒരു ഭർത്താവിനെ ആവശ്യമായിരുന്ന കല്യാണിക്ക് കൈമളിന്റെ സഹായത്തോടെ കിട്ടിയ ആളാണ് വിഷ്ണു … കാശിനു അത്യാവശ്യമുള്ള വിഷ്ണു ആ ദൗത്യം ഏറ്റെടുക്കുന്നു .. പിന്നീടങ്ങോട്ട് നടന്നത് തമാശകളുടെയും ചിരിയുടെയും സെന്റിമെന്റ്സ് ന്റെയും ആർപ്പുവിളികളുടെയും ഘോഷയാത്ര തന്നെ ആരുന്നു ..

പ്രിയദർശൻ ശെരിക്കും മോഹൻലാൽ എന്ന നടനിലെ ഹ്യൂമറും കുസൃതിയും ചിരിയും കണ്ണീരുമെല്ലാം ഭംഗിയായി ഒപ്പിയെടുത്തു പ്രേക്ഷകർക്ക് നൽകിയപ്പോൾ അവരത്‌ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചൂ .

മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപാട് ഡയലോഗുകൾ , സീനുകൾ നമ്മുക്ക് തന്നൊരു സിനിമ ആയിരുന്നു ചിത്രം .. അതൊക്കെ ഇപ്പൊ ട്രോളുകാർ എടുത്ത് ട്രെൻഡ് ആക്കി മാറ്റി ..

ശ്രീനിവാസന്റെ ” ഇതൊരു ആനയല്ല , ഇത് തേങ്ങയല്ല , ഇത് ഉലക്കയുമല്ല “
ലാലേട്ടന്റെ ” എന്ത് മനോഹരമായ ആചാരം” തുടങ്ങിയവ .
അതിൽ ഏറ്റവും കൂടുതൽ വേദന തോന്നിയ ഒരു സീൻ ആയിരുന്നു ലാലേട്ടന്റെയും സോമന്റെയും . ലാലേട്ടൻ പറയുന്നു ” സർ ജീവിക്കാൻ ഇപ്പൊ ഒരു മോഹം തോന്നുന്നു . അതുകൊണ്ടു ചോദിക്കുകയാ , എന്നെ കൊല്ലാതിരിക്കുവാൻ പറ്റുമോ “. ഹോ ആ സീനിൽ ലാലേട്ടന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ .. പ്രേക്ഷകരുടെ കണ്ണ് നിറച്ച രംഗം …

എടുത്തു പറയേണ്ട മറ്റൊരു കാര്യം ചിത്രത്തിലെ ഒന്നിനൊന്നു മെച്ചം ഉള്ള ഗാനങ്ങൾ ആണ് . കണ്ണൂർ രാജൻ – ഷിബു ചക്രവർത്തി ടീമിന്റെ കൂടെ എം ജി ശ്രീകുമാറിന്റെ ശബ്ദം കൂടി ആയപ്പോൾ പാട്ടുകൾ എക്കാലത്തെയും സൂപ്പർഹിറ്റുകളിൽ ഇടം പിടിച്ചു .

“ഈറൻ മേഘം പൂവും കൊണ്ട് “

“പാടം പൂത്തകാലം പാടാൻ വന്നു നീയും “

“ദൂരെ കിഴക്കുദിക്കും മാണിക്യ ചെമ്പഴുക്ക”

“നഗുമോ ഓ മു ഗനലെ”

തുടങ്ങിയ പാട്ടുകൾ നമ്മൾ ഇപ്പോളും ഒരു മടുപ്പും കൂടാതെ ആസ്വദിക്കുന്നു ..

തന്റെ ഭൂതകാലത്തെ കുറിച്ച് കല്യാണിയോട് തുറന്നു പറഞ്ഞു ,തന്റെ കുഞ്ഞിനെ അവളെ ഏൽപ്പിച്ചു കൊലമരത്തിലേക്കു ആ പോലീസ്ജീപ്പിൽ കയറി പോകുമ്പോൾ നമ്മളിൽ എല്ലാവരും ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ട് , സോമന്റെ മനസ്സ് മാറി ലാലേട്ടനെ എവിടെയെങ്കിലും ഇറക്കി വിട്ടിരുന്നുവെങ്കിൽ എന്ന് .

ഇത്രയും നല്ലൊരു സിനിമ മലയാളത്തിന് സമ്മാനിച്ച പ്രിയദർശനും മോഹൻലാലിനും നന്ദി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കുന്നു.

ഷിബിൻ നന്ദ

കണ്ണൂർ സ്വദേശിയായ ഷിബിൻ നന്ദ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ 2014 മുതൽ ജോലി ചെയ്യുന്നു. വായനയും ഫോട്ടോഗ്രാഫിയും ക്രിക്കറ്റും ഇഷ്ട മേഖലകൾ.

error: Content is protected !!