January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഉരുകും വേനൽ പാടത്തിലെ മിഴിനീർ കുടം ഉടഞ്ഞൊഴുകിയ – മായാമയൂരം

ജിനു വൈക്കത്ത്

ഇഷ്ടപ്പെട്ട ഒരു സിനിമയെ പറ്റി അവലോകനം എന്ന് പറഞ്ഞപ്പോൾ മനസ്സിലൂടെ അനേകം ചിത്രങ്ങൾ കടന്നുപോയി പോയി . പലതിലും ചെന്ന് മനസ്സ് ഉടക്കിനിന്നു. പിന്നെ തീരുമാനിച്ചു അത് മായാമയൂരം തന്നെയാവട്ടെ എന്ന്…..
1993 ൽ സിബി മലയിൽ സംവിധാനം ചെയ്ത് , രഞ്ജിത്ത് തിരക്കഥയെഴുതിയ ലാൽ ചിത്രം. എൻറെ പ്ലസ് വൺ കാലഘട്ടം. ഇറങ്ങിയ ഉടനെ ഒന്നും ചിത്രം കണ്ടിട്ടില്ല. പിന്നെ എപ്പോഴോ വീഡിയോ കാസറ്റ് ഇട്ടു കണ്ടതാണ്. ലാലേട്ടൻ ഡബിൾ റോളിൽ ആണ് ഈ ചിത്രത്തിൽ. ആദ്യപകുതിയിലെ പരിഷ്കാരിയായ, ഊർജ്ജസ്വലനായ നരേന്ദ്രനും രണ്ടാംപകുതിയിലെ ഉൾവലിഞ്ഞ ,ഗ്രാമീണനായ ഉണ്ണിയും ലാലേട്ടൻറെ കയ്യിൽ ഭദ്രം…എങ്കിലും എനിക്ക് കൂടുതലിഷ്ടം നരേന്ദ്രനോട് ആണ്.പ്രണയം അത് ഇത്ര തീവ്രവും ഹൃദയസ്പർശിയും ആണെന്ന് ഒരു 16 വയസ്സുകാരൻ മനസ്സിലാക്കിയത് ഈ ചിത്രത്തിലൂടെയാണ്.ആദ്യപകുതിയിൽ തൻറെ നന്ദനയെ സ്വന്തമാക്കാൻ ഏതറ്റം വരെയും പോകുന്ന നരേന്ദ്രനെ നമ്മൾ കാണുമ്പോൾ രണ്ടാംപകുതിയിലെ ഉണ്ണിയുടെയും ഭദ്രയുടെയും പ്രണയം നിശബ്ദവും ഉള്ളിലൊതുക്കിയതുമാണ്. രണ്ടും മനോഹരം.നരേന്ദ്രനെ നന്ദയ്ക്ക് നഷ്ടപ്പെടുമ്പോൾ നമ്മളും കരയുന്നുണ്ട് മനസ്സിൽ….. ഭദ്ര യോടും ഉണ്ണി യോടും നമുക്ക് അലിവ് ആണ് തോന്നുക….ആരും സമ്മതിക്കില്ല എന്നറിഞ്ഞിട്ടും പ്രണയം മനസ്സിൽ കൊണ്ടു നടക്കുന്നവരാണ് അവർ …. നന്ദയായും ഭദ്ര യായും രേവതിയും ശോഭനയും ശരിക്കും തിളങ്ങി. എപ്പോഴോ ചുറ്റുമുള്ളവരുടെ സമ്മർദ്ദങ്ങൾ ഉണ്ണിയേയും നന്ദയെയും
ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു, എന്നാൽ നന്ദയ്ക്ക് നരേന്ദ്രനിൽ മാത്രമേ അലിയാൻ പറ്റുള്ളൂ എന്ന നിമിഷത്തിൽ ചിത്രം അവസാനിക്കുന്നു…. വാക്കിലോ നോക്കിലോ ഒന്നും അല്ല പ്രണയം ഇല്ലാതെ ആവുമ്പോൾ , കാണാതെ ആകുമ്പോൾ, മിണ്ടാതെ ആവുമ്പോൾ വിതുമ്പുന്ന മനസ്സാണ് പ്രണയം …… അതാണ് മായാമയൂരം ….

ഇതിലെ ഒരോ ചെറിയ കഥാപാത്രവും , തിലകൻ റെ
അമ്മാവൻ , ആറന്മുള പൊന്നമ്മയുടെ മുത്തശ്ശി, കവിയൂർ പൊന്നമ്മയുടെ അമ്മ, എല്ലാവരും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നു. ഗിരീഷ് പുത്തഞ്ചേരി രചിച്ച് ജോൺസൺ മാസ്റ്റർ സംഗീതം പകർന്ന പാട്ടുകൾ മനോഹരം…ഇന്നും മനസ്സിനെ ഉണർത്തുന്ന പാട്ടാണ് “കൈകുടന്ന നിറയെ”…. ദൃശ്യാവിഷ്കാരവും മറക്കാൻ പറ്റില്ല. അന്നത്തെ ഒരു ബോക്സ് ഓഫീസ് വിജയം ഒന്നും ആയിരുന്നില്ല ഈ സിനിമ,എന്നാൽ മനുഷ്യ മനസ്സിനെ സ്പർശിക്കുന്ന ഒന്നാവണം സിനിമ എങ്കിൽ എൻറെ കാഴ്ചപ്പാടിൽ മായമയൂരത്തിന് അത് സാധിക്കുന്നുണ്ട് .

ജിനു വൈക്കത്ത്

ബൂബിയൻ ബാങ്കിൽ ഐടി ഡിപാർട്മെന്റിൽ ജോലി ചെയ്യുന്നു . അഭിനയത്തോടും സിനിമകളോടും താല്പര്യം. കുവൈറ്റ് കല മൈക്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവൽ, സത്യജിത്ത് റായ് ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ നല്ല നടനുള്ള ഉള്ള അവാർഡ് ലഭിച്ചു .

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!