January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഹൃദയത്തിൽ ചാർത്തിയ ‘ കയ്യൊപ്പ് ‘

മെർലിൻ ബോബി പാലമൂട്ടിൽ

അതുവരെ പിന്തുടർന്നു പോന്ന ശൈലിയിൽ നിന്നും സംവിധായകൻ രഞ്ജിത്ത് മാറി നടന്ന സിനിമയായിരുന്നു കയ്യൊപ്പ്. ഒരു മമ്മൂട്ടി ചിത്രം ആയിരുന്നിട്ടുകൂടി വലിയ പബ്ലിസിറ്റി ഒന്നും ഇല്ലാതെ പരിമിതമായ തീയറ്റർ റിലീസ് കിട്ടിയ ചിത്രം. ഡിവിഡി റിലീസ് ആയതിനു ശേഷമാണ് വീണ്ടും ചിത്രം ചർച്ചയായത് . വളരെ കുറച്ച് കഥാപാത്രങ്ങളും ശക്തമായ തിരക്കഥയും മനോഹരമായ സംഭാഷണങ്ങളും കൊണ്ട് കാലികപ്രസക്തിയുള്ള കഥയെ ലളിതമായി രഞ്ജിത്ത് അവതരിപ്പിച്ചു.
മനസ്സ് നിറയെ നന്മയും, കുറേ പുസ്തകങ്ങളും, വിരലിലെണ്ണാവുന്ന സുഹൃത്തുക്കളും മാത്രമേ ബാലചന്ദ്രൻ(മമ്മൂട്ടി) ഉള്ളൂ. പുറംലോകവുമായി അധികം ബന്ധം സൂക്ഷിക്കാത്ത അയാളുടെ ലോഡ്ജിലെ മുറി മുഴുവൻ പുസ്തകങ്ങൾ ആണ്. താൻ എഴുതിക്കൊണ്ടിരിക്കുന്ന നോവൽ റൈറ്റേഴ്സ് ബ്ലോക്ക് കാരണം (എഴുത്തുകാരന് തൻറെ രചനക്കിടയിൽ വാക്കുകളോ ആശയങ്ങളോ കിട്ടാതെ വരുന്ന അവസ്ഥയെയാണ് റൈറ്റേഴ്സ് ബ്ലോക്ക് എന്ന് പറയപ്പെടുന്നത്) ബാലചന്ദ്രനു പൂർത്തിയാക്കാൻ സാധിക്കുന്നില്ല. പുസ്തക പ്രസാധകൻ ആയ ശിവദാസൻ (മുകേഷ്) യാദൃശ്ചികമായി ഈ നോവൽ വായിക്കുന്നു. ബാലചന്ദ്രൻ റെ പൂർത്തിയാകാത്ത നോവലിൽ
ആകൃഷ്ടനായ അയാൾ ഈ നോവൽ പൂർത്തിയായാൽ അത് മലയാള സാഹിത്യത്തിൽ ഒരു നാഴികക്കല്ലായി തീരും എന്ന് വിശ്വസിക്കുകയും
എത്രയും പെട്ടെന്ന് ഇത് പൂർത്തിയാക്കി പുസ്തകമായി പ്രസിദ്ധീകരിക്കാൻ ബാലചന്ദ്രനെ നിർബന്ധിക്കുന്നു.

ശിവദാസനും ബാലചന്ദ്രനും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ യാണ് സിനിമ വികസിക്കുന്നത്. വായിച്ച പുസ്തകങ്ങളും, പ്രിയ എഴുത്തുകാരും, ഫിലോസഫിയും പ്രണയവും, കവിതയും എല്ലാം ചേർന്ന് ആ സംഭാഷണങ്ങൾ ഒരു ചെറു കഥ വായിക്കുന്ന ഫീലാണ് പ്രേക്ഷകനിൽ ഉണ്ടാക്കുക.ബാലചന്ദ്രൻ റെ ജീവിതത്തിലേക്ക് കൂടുതൽ അടുക്കുന്ന ശിവദാസൻ ബാലചന്ദ്രൻ സഹായിക്കുന്ന രോഗിയായ ഫാത്തിമ എന്ന പെൺകുട്ടിയെ പറ്റി അറിയുന്നു. ബാലചന്ദ്രനും ഫാത്തിമയും നേരിൽ കണ്ടിട്ടില്ല എന്നിരുന്നാലും സ്വന്തം അനിയത്തിയെ പോലെയാണ് ബാലചന്ദ്രൻ അവളെ കാണുന്നത്. അപ്രതീക്ഷിതമായി വരുന്ന ഒരു ഫോൺ കോളിലൂടെ ബാലചന്ദ്രൻ റെ മുൻകാമുകി പത്മ (ഖുശ്ബു) ബാലചന്ദ്രൻ റെ ജീവിതത്തിലേക്ക് വീണ്ടും കടന്നുവരുന്നു. പ്രണയം എന്ന വികാരത്തെ കാണിക്കാൻ സാധാരണ സിനിമകളിൽ
കണ്ടുവരുന്ന ഗാനരംഗങ്ങൾഓ സ്നേഹപ്രകടനങ്ങൾ ഓ ഒന്നും തന്നെ ഇവിടെ ഇല്ല എങ്കിലും രണ്ടുപേരും ചേർന്നുള്ള ഫോൺ സംഭാഷണങ്ങൾ അത്രമേൽ മധുരമായി രഞ്ജിത്ത് അവതരിപ്പിക്കുന്നു. പത്മയുടെ കടന്നുവരവോടെ കൂടി ബാലചന്ദ്രൻ റെ ജീവിതത്തിന് ഒരു പുതു ജീവൻ വയ്ക്കുന്നു.
അതുവരെ പൂർത്തിയാക്കാൻ പറ്റാതെ പോയ തൻറെ നോവൽ അയാൾ പൂർത്തിയാക്കുന്നു.

ഒത്തിരി പ്രതീക്ഷയോടെ ബാലചന്ദ്രൻ സ്വന്തം നാടായ കോഴിക്കോടേക്ക് ഒരു യാത്ര പോകുന്നു. മൂന്നു ലക്ഷ്യങ്ങളുള്ള ഒരു യാത്ര.
എഴുതി തീർന്ന നോവൽ പ്രസിദ്ധീകരിക്കുവാൻ ശിവദാസനെ ഏൽപ്പിക്കണം, സ്വന്തം സ്ഥലം വിറ്റുകിട്ടിയ പണം കൊണ്ട് ഫാത്തിമയുടെ ഓപ്പറേഷൻ നടത്തണം,
ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് കരുതിയ തൻറെ പ്രണയിനി പദ്മയുടെ കൂടെയുള്ള ജീവിതം. ഒരു ഫീൽ ഗുഡ് മൂവി ആയി പോയിരുന്ന സിനിമയിൽ ഒട്ടും പ്രതീക്ഷിക്കാതെ എന്നിലെ പ്രേക്ഷകനെ ഞെട്ടിച്ചുകൊണ്ട് ഒരു ബോംബ് സ്ഫോടനത്തിൽ ബാലചന്ദ്രൻ കൊല്ലപ്പെടുന്നു.
ബാലചന്ദ്രന് വേണ്ടിയുള്ള ശിവദാസൻ റെയും, ഫാത്തിമയുടെയും, പത്മയുടെ കാത്തിരിപ്പിൽ ഒരു വിങ്ങലായി സിനിമ അവസാനിക്കുന്നു.
ഇഷ്ടസംവിധായകൻ രഞ്ജിത്ത് ഇൻറെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് കയ്യൊപ്പ്. അംബികാസുതൻ മാങ്ങാആടിൻറെ ആണ് തിരക്കഥ. ഒരു കവിതപോലെ അല്ലെങ്കിൽ ഒരു ചെറുകഥ പോലെ
മനോഹരമായ ഈ കൊച്ചു ചിത്രവും, മമ്മൂട്ടി അവിസ്മരണീയമാക്കിയ ബാലചന്ദ്രൻ എന്ന കഥാപാത്രവും ഇനിയുംവേണ്ടത്ര പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ട്.

മെർലിൻ ബോബി പാലമൂട്ടിൽ

തൃശൂർ സ്വദേശിനിയായ മെർലിൻ ബോബി പാലമൂട്ടിൽ കുവൈറ്റിലെ ഇബ്‌ൻ സിന ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നു. സ്കൂൾ പഠനകാലത്ത് മാള ഉപജില്ലയിലും തൃശ്ശൂർ ജില്ലാ തലത്തിലും സാഹിത്യ മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യവും വിജയിയുമായിരുന്നു. നീണ്ട പതിനഞ്ച് വർഷങ്ങൾക്ക് ശേഷം എഴുത്തിലേക്ക് ഉള്ള മെർലിന്റെ തിരിച്ചുവരവാണ് ഈ രചന.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!