അലക്സ് തോമസ്
1996 ൽ റീലീസ് ചെയ്ത ഒരു മുഴുനീള മലയാള കോമഡി ചലച്ചിത്രം
സംവിധായകർ എന്ന നിലയിൽ റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പിറന്ന കന്നി ചലച്ചിത്രം ആയിരുന്നു ഇത്.
നിരവധി സിനിമകൾക്കു വേണ്ടി തിരക്കഥകൾ രചിച്ച ശേഷമാണ് ആണ് അവർ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാൻ ഇറങ്ങി തിരിച്ചത്.
അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കണ്മണി എന്നീ രണ്ട് ചിത്രങ്ങൾ അദ്ദേഹത്തിൻറെ മികച്ച തിരക്കഥയുടെ ഉദാഹരണങ്ങൾ ആണ്
പിന്നീട് പഞ്ചാബി ഹൗസ്, തെങ്കാശിപട്ടണം, സത്യം ശിവം സുന്ദരം എന്നീ പടങ്ങളുടെ വിജയത്തിലൂടെ അവർ മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകർ ആയി മാറിക്കഴിഞ്ഞിരുന്നു.
ഈ പടം എന്നാണ് ആദ്യമായി കണ്ടത് എന്ന് കൃത്യമായി ഞാൻ ഓർക്കുന്നില്ല.
എന്നാൽ ഈ സിനിമയോടുള്ള എൻ്റെ ഇഷ്ട്ടം തുടങ്ങിയിട്ട് കാലങ്ങൾ കുറച്ചായി.
പ്രസ്തുത സിനിമയുടെ വീഡിയോ കാസെറ്റ് കൈവശം ഉണ്ടായിരുന്നതു കൊണ്ട് ചെറുപ്പത്തിൽ എപ്പോഴും ഞാനും അനിയനും വീട്ടിൽ ഫുഡ് കഴിക്കാൻ ഇരിക്കുമ്പോൾ ഈ പടം ഇട്ടു കാണുമായിരുന്നു.
അതുകൊണ്ടുതന്നെ പടം തുടങ്ങി അവസാനിക്കുന്നവരെയുള്ള മുഴുവൻ ഡയലോഗും എനിക്ക് ഇപ്പോൾ കാണാപ്പാഠമാണ്.
എന്നാൽ യാതൊരു ആവർത്തന വിരസതയും തോന്നാതെ കഴിഞ്ഞ ആഴ്ചയും ഞാൻ ഈ പടം ആദ്യാവസാനം ചാനലിൽ കണ്ടു.
ഇത്രേം ബിൽഡ് അപ്പ് ഒക്കെ കൊടുക്കാൻ എന്താണ് ഇതിൽ ഉള്ളത് എന്ന് ആരെങ്കിലും ചോദിച്ചാൽ എനിക്ക് ഉത്തരം ഇല്ല….
എന്നാൽ എന്റേതായ ഒരു അവലോഹനം ഞാൻ ചുവടോടെ ചേർക്കുന്നു.
നാടോടിക്കാറ്റിലെ ദാസനും വിജയനും കഴിഞ്ഞാൽ…
മനസ്സിൽ ഇടംപിടിച്ച ഇഷ്ട ജോഡിയാണ് ഗാനഭൂഷണം ഗിരീഷ് കൊച്ചിനും, ഗാനഭൂഷണം സതീഷ് കൊച്ചിനും.
ഗാനഭൂഷണം പാസ്സായ, അനാഥരായ രണ്ടു ചെറുപ്പക്കാർ കഥാപ്രസംഗം ഉപജീവനമാക്കി ജീവിക്കാൻ നടത്തുന്ന പങ്കപ്പാടുകൾ ആണ് കഥയുടെ ഇതിവൃത്തം.
മറ്റു ജോലികൾക്കു പോകാൻ വൈമുഖ്യം കാട്ടിയ ഇരുവരും ഇഷ്ട്ട ജോലിയായ കഥാപ്രസംഗം നടത്തി കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ജീവിതം മുന്നോട്ടുകൊണ്ടു പോകാൻ പാടുപെടുന്ന രംഗത്തിൽ നിന്ന് കഥ തുടങ്ങുന്നു.
ഫലിതത്തിൽ ചാലിച്ച് സംവിധായകർ അവരുടെ പട്ടിണിയും പരിവട്ടവും നിറഞ്ഞ ജീവിതം നമുക്ക് കാട്ടിത്തരുന്നു.
ഒരുപാടു കലാകാരന്മാരുടെ പച്ചയായ ജീവിത നേർകാഴ്ചകളെ ഇതിലൂടെ നമുക്ക് നോക്കിക്കാണാൻ സാധിക്കും.
ഇവരുടെ ജീവിതത്തിലെ വഴിത്തിരിവിന് ഇടയായ ഒരു കൂട്ടം പെൺകുട്ടികൾ ആണ് സിനിമയുടെ ബാക്കി സീനുകൾ മുന്നോട്ടു കൊണ്ട് പോകുന്നത്.
ഇവർ കൊച്ചിയിൽ പഠിക്കാൻ എത്തിയവരാണ്.
പണക്കാരികൾ ആയ ആ പെൺകുട്ടികളുടെ ആഡംബര ജീവിതം ഈ ചെറുപ്പക്കാരെ വല്ലാതെ ചൊടിപ്പിക്കുകയും, കൊതിപ്പിക്കുകയും ചെയ്തു.
പട്ടിണി ആണെങ്കിലും ഇവരെ വായിനോക്കുന്ന കാര്യത്തിൽ ഈ ചെറുപ്പക്കാർ നല്ല ആവേശം കാട്ടിയിരുന്നു. അതിനായി അവർ മുറിയിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കി.
ഇതു മനസിലാക്കിയ പെൺകുട്ടികൾ, ഇവരെ ഒരു പാഠം പഠിപ്പിക്കുന്നതിനായി, കൂട്ടുകാരിയായ ഗീതുവിന്റെ (ആനി ) പേരിൽ ചെറിയ ഒരു പ്രേമ നാടകം പ്ലാൻ ചെയ്യുന്നു.
അതിൽ നിഷ്കളങ്കരായ ഈ ചെറുപ്പക്കാർ കാലിടറി വീഴുന്ന രംഗം സംവിധായകൻ വളരെ സരസ്സമായി അവതരിപ്പിച്ചിട്ടുണ്ട്.
പ്രേമനാടകത്തിൽ വീണ ചെറുപ്പക്കാരെ പറ്റിക്കാൻ വളരെ എളുപ്പം ആണെന്ന് മനസിലാക്കിയ പെൺകുട്ടികൾ….
അവർക്കുള്ള അടുത്ത പണിയെന്നോണം സംഘർഷ ഭൂമിയായ പുതുക്കോട്ട ഗ്രാമത്തിൽ (ഗീതുവിന്റെ ഗ്രാമത്തിൽ ) ഉത്സവത്തിന് ഒരു കലാ പ്രകടനം നടത്തുന്നതിനായി അവരെ ക്ഷണിക്കുന്നു.
ഗീതുവുമായുള്ള പ്രണയസാഭല്യം മനസ്സിൽ സ്വപ്നം കണ്ട കഥാ നായകൻ ഗിരീഷ്, മറ്റൊന്നും ആലോചിക്കാതെ അവരുടെ ക്ഷണം സ്വീകരിച്ചു.
തുടർന്ന് മനോഹരമായ ഒരു പാട്ടിന്റെ അകമ്പടിയോടെ കായൽ കാഴ്ചകൾ നിറഞ്ഞുനിന്ന പുതുക്കോട്ടയിലേക്കുള്ള അവരുടെ ബോട്ട് യാത്ര പ്രേക്ഷകന് ഒരു വ്യത്യസ്ത അനുഭൂതി പകരുന്നു.
പുതുക്കോട്ട ഗ്രാമത്തിലെത്തുമ്പോൾ, യുദ്ധസമാനമായ അന്തരീക്ഷത്തിൽ ഗീതുവിനേയും കൂട്ടുകാരെയും സ്വീകരിക്കാൻ കാത്തു നിൽക്കുന്ന ഗീതുവിന്റെ മാതാപിതാക്കളുടെ കുടുംബങ്ങൾ – മാടശ്ശേരിയും, പാലത്തറയും, പിന്നെ അവരുടെ ഗുണ്ടാ സേനകളും, കൂടെ കുറേ നാട്ടുകാരും…..
പ്രേക്ഷകനെ ത്രസിപ്പിക്കുന്ന രംഗങ്ങൾ തന്നെ.
പച്ചയായ ഗ്രാമാന്തരീക്ഷത്തിലേക്ക് കഥ വഴുതി വീഴുന്നു…..
കൂടെ നമ്മളും അതിൽ ലയിച്ചു ചേരുന്നു.
പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനായി വെച്ചുകെട്ടിയ യാതൊരുവിധ തമാശ രംഗങ്ങളും ഈ സിനിമയിൽ സംവിധായകൻ കൂട്ടിച്ചേർത്തിട്ടില്ല.
എല്ലാം പാകത്തിന് മാത്രം…..
നായകനും ഉപനായകനും ഗ്രാമത്തിൽ കാലെടുത്തു വെക്കുന്ന നിമിഷം മുതൽ കഥ മറ്റൊരു തലത്തിലേക്ക് പുരോഗമിച്ചു.
പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള എഴുത്തുകാരൻറെ മിടുക്ക് സിനിമയിൽ ഉടനീളം നമുക്ക് കാണാൻ സാധിക്കും.
ഗ്രാമാന്തരീക്ഷത്തിൽ പുരോഗമിക്കുന്ന കഥയിൽ…..ഗീതുവിന്റെ കൂടെ എത്തിയ ചെറുപ്പക്കാരിലേക്കു ഗ്രാമത്തിന്റെ ശ്രദ്ധ തിരിയുന്നു.
അതുവരെ ആ ഗ്രാമം കാണാത്ത ധൈര്യശാലികൾ ആയ ചെറുപ്പക്കാർ ….
ഇരുകുടുംബങ്ങളും നാട്ടുകാരും അവരുടെ വരവിന്റെ ഉദ്ദേശം അറിയാൻ ശ്രമിക്കുന്ന രംഗങ്ങൾ രസകരമായ ഒരു ദൃശ്യ ആവിഷ്കാരം തന്നെ ആണ്.
ഗ്രാമത്തിന്റെ തനിമ നഷ്ടപ്പെടാത്ത സംഭാഷണ രീതികളും, വേഷവിധാനങ്ങളും സിനിമയെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്.
അതിൽ മാള കൈകാര്യം ചെയ്ത വർക്കിചേട്ടൻ എന്ന വേഷം വളരെ വ്യത്യസ്തമായിരുന്നു.
സദാസമയം കൈയിൽ ഒരു ചെണ്ടയും തൂക്കിനടക്കുന്ന ഒരു രസികൻ….കൂടെ കുറെ നാട്ടുകാരും.
കഥയ്ക്ക് മുന്നോട്ടു പോകാൻ ഈ കൂട്ടരേ സംവിധായകൻ ഇടയ്ക്കു പല സന്ദർഭങ്ങളിലും ഉപയോഗിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.
സ്‌ക്രീനിൽ തെളിഞ്ഞ എല്ലാ കഥാപാത്രങ്ങളും കഥയുടെ പുരോഗതിക്കു ഏറ്റവും അവശ്യ ഘടകങ്ങൾ ആണെന്ന് നമുക്ക് തോന്നുംവിധത്തിൽ ആണ് കഥയുടെ പുരോഗതി.
ഒറ്റവാക്കിൽ പറഞ്ഞാൽ പ്രേക്ഷകന് ഒരു ലാഗ് ഫീൽ കൊടുക്കാതെ ആണ് കഥ മുന്നോട്ടു പോകുന്നത്.
സിനിമയുടെ മുഴുവൻ കഥ വിവരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല……
ഗീതുവിനോടൊപ്പം വന്ന ചെറുപ്പക്കാർ കഥാപ്രസംഗക്കാരാണെന്നു മനസിലാക്കിയ ഇരു കുടുംബങ്ങളും….. തങ്ങളെ ചതിച്ച കഥ പറയാൻ അവരെ നിർബന്ധിക്കുന്നു.
തങ്ങൾ കുരുക്കിൽപ്പെട്ടു എന്ന് മനസ്സിലാക്കിയ ഗിരീഷും, സതീഷും ഒടുവിൽ ആ നാട്ടിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്നു, എന്നാൽ അവരെ വർക്കി ചേട്ടനും, നാട്ടുകാരും പിടികൂടി തിരിച്ചു ഗീതുവിന്റെ വീട്ടിൽ എത്തിച്ചു മുറിക്കുള്ളിൽ ആക്കി അവരോടു മാടശ്ശേരിത്തമ്പിയുടെ കഥ എഴുതാൻ പറയുന്നു.
തമ്പിയെ ചതിച്ചതാര്.… നാട്ടുകാരുടെ മുന്നിൽ ചോദ്യം ബാക്കി…
ആ കഥ കേൾക്കാനായി ഉറക്കമൊഴിച്ചു ഇവർക്ക് കാവൽ നിൽക്കുന്ന നാട്ടുകാരിൽ നിന്നും ഇവരെ രക്ഷിക്കാൻ കാര്യസ്ഥൻ പിള്ളയും, കുഞ്ഞുകൃഷ്ണനും, പെൺകുട്ടികളും ചേർന്ന് നടത്തുന്ന അതി സാഹസികമായ രംഗങ്ങൾ പ്രേക്ഷകനെ വേണ്ടുവോളം ചിരിപ്പിക്കാൻ ഉതകുന്നതായിരുന്നു.
സിനിമയുടെ സുപ്രധാന ഘട്ടങ്ങളിലേക്കാണ് പിന്നീട് നമ്മൾ പോകുന്നത്.
ബോട്ടിൽ കയറി രക്ഷപ്പെടുന്ന ഇവർ മാടശ്ശേരിത്തമ്പിയുടെ മുന്നിൽ എത്തിപ്പെടുന്നു.
മാടശ്ശേരി തമ്പിയുടെ കഥ പുതുക്കോട്ടയിൽ പറയും എന്ന് പറഞ്ഞു നടന്ന ഇവരെ വെച്ചുതന്നെ, ആ ചതിയുടെ കഥ പറയാൻ മാടശ്ശേരിതമ്പി തീരുമാനിക്കുന്നു.
ഉത്സവ ദിവസം കഥ പറയാൻ എത്തുന്ന കാഥികരേയും കാത്തു നാട്ടുകാർ വള്ളക്കടവിൽ നിൽക്കുന്നു.
ഒരു ക്ലൈമാക്സ് രംഗം തുടങ്ങാൻ വേണ്ട എല്ലാ ചേരുവകളും ആ രംഗത്തിനു സംവിധായകർ കൊടുത്തിരുന്നു.
നാട്ടുകാരുടെ ആവേശോജ്ജ്വലമായ സ്വീകരണം ഏറ്റുവാങ്ങി കാഥികർ കഥാപ്രസംഗവേദിയിലേക്ക്.
കഥാപ്രസംഗം അധികം ഞാൻ കേട്ടിട്ടില്ല,
എന്നാൽ ഈ സിനിമയിലെ ഇവരുടെ കഥാപ്രസംഗരംഗം ആരെയും പിടിച്ചു ഇരുത്താൻ പോന്ന ഒന്നായിരുന്നു……
രസകരമായ രീതിയിൽ പതം വന്ന ഒരു കാഥികന്റെ എല്ലാ ചേഷ്ടകളും ജയറാമും, പ്രേംകുമാറും ആ വേദിയിൽ കാഴ്ചവെച്ചത് എടുത്തു പറയേണ്ട ഒന്നാണ്.
ഒരു കഥാ പ്രസംഗത്തിലൂടെ ഒരു കുറ്റം തെളിയിക്കൽ സാധ്യമാകുന്നു.
തുടർന്ന് നായകനും നായികയും ഒന്നിക്കുന്ന ഒരു ക്ലീഷെ രംഗത്തോടെ
പടം ശുഭമായി പര്യവസാനിക്കുന്നു.
കണ്ടിരിക്കുന്ന ഏതൊരു പ്രേക്ഷകനും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപിടി നല്ല മുഹൂർത്തങ്ങളും, ഗാനങ്ങളും ഈ സിനിമയിൽ നമുക്ക് കാണാൻ സാധിക്കും.
റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പിറന്ന നിലവാരമുള്ള ഒരു മുഴുനീള കോമഡി ചലച്ചിത്രം എന്ന് വേണമെങ്കിൽ നമുക്ക് ഇതിനെ പറയാം.
റിലീസ് സമയത്തു വലിയ വിജയം കണ്ടെത്താൻ കഴിയാതെ പോയ പടങ്ങളിൽ ഒന്നാണ് ഇത്.
എന്നാൽ ഇപ്പോൾ മലയാളികൾ നെഞ്ചിലേറ്റിയ ഒരു പ്രിയ ചിത്രമായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു.
സിനിമയുടെ രണ്ടാംഭാഗം എടുക്കാൻ സംവിധായകർ ആലോചിച്ചിരുന്നെങ്കിലും, പിന്നീട് ആ തീരുമാനം ഉപേക്ഷിച്ചു എന്ന് വായിച്ചറിഞ്ഞു.
ഈ ലോക്ക് ഡൌൺ കാലത്തു ഇങ്ങനെ ഉള്ള നല്ല രസകരമായ സിനിമകൾ കാണുന്നതിലൂടെ മനസ്സിലെ ഭാരങ്ങളും, പ്രയാസങ്ങളും മറന്നു കുറച്ചുനേരം നമുക്ക് ചിരിയുടെ ലോകത്തു വിഹരിക്കാൻ സാധിക്കും.
എല്ലാവര്ക്കും നന്മകൾ നേരുന്നു
അലക്സ് തോമസ്.
സിനിമയെയും, എഴുത്തിനേയും ഒരുപോലെ സ്നേഹിക്കുന്ന അലക്സ് കഴിഞ്ഞ പത്തു വർഷം ആയി ദുബായിൽ ജോലി ചെയുന്നു.
യൂട്യൂബ് ചാനൽ ആയ Dallas Junction ന്റെ ബാനറിൽ ഷോർട്ട് ഫിലിം സ്ക്രിപ്റ്റുകളും ബ്ലോഗുകളും (കഥകൾ വില്പനക്ക് ….) ചെയ്തു സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയനായ ഒരു എഴുത്തുകാരൻ കൂടി ആണ്.
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു