January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അഭിനയത്തിൽ ദൈവത്തിൻറെ കൈയ്യൊപ്പുള്ള അവതാരം – മോഹൻലാൽ

ജേക്കബ് തമ്പി

മയില്പീലിത്തുണ്ടുകൾ ഒളിപ്പിച്ച ബാല്യത്തിലെ ഓർമച്ചെപ്പിൽ ദീപ്‌തമായി നിൽക്കുന്ന ഒന്നുണ്ട് , ആദ്യമായി സിനിമ എന്ന അത്ഭുതം കൺകുളിർക്കെ കണ്ട ദിവസം . ഒരു പ്രേംനസീർ പടം ആയിരുന്നു എന്നാണ് ഓർമ . പിന്നെ സ്കൂൾ കാലഘട്ടത്തിൽ നടന്ന ചലച്ചിത്ര പ്രദർശനങ്ങൾ ഒക്കെയും വിസ്മയാഴ്ചകളായി മനസ്സിൽ നിറഞ്ഞു .ഋതുഭേദങ്ങളുടെ നിലക്കാത്ത ചക്രം ഉരുളുന്നതിനിടെ താരങ്ങൾ മാറിമറിഞ്ഞു . പുരുഷത്തിന്റെ പ്രതീകമായ ജയൻ , റൊമാന്റിക് നായകസങ്കല്പങ്ങൾക്കു അനുരൂപനായ ശങ്കർ ഒക്കെ കുഞ്ഞു മനസ്സിൽ ചേക്കേറി . ഒരു ക്രിസ്മസ് കാലത്തു റിലീസ് ആയ ഒരു ചിത്രം , ശങ്കർ അഭിനയിക്കുന്ന ചിത്രം, കാണാൻ ഇടയായി . അതിലെ വില്ലൻ കഥാപാത്രം .. ഒരു പുതിയ നടൻ .. സിനിമ കണ്ടിരുന്നപ്പോൾ ആ പുതിയ നടനോട് സ്വതവേ കുഞ്ഞു മനസ്സിൽ വില്ലൻ മാരോട് ഉള്ള ഒരു മമത ഇല്ലായ്മ ആയിരുന്നു .”മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ” ആയിരുന്നു ആ ചിത്രം . സിനിമയേക്കാൾ അതിലെ പാട്ടുകൾ ആയിരുന്നു മനസ്സിൽ തങ്ങി നിന്നത്.

വീണ്ടും ആ നടനെ പുതിയ ചിത്രങ്ങളിൽ കണ്ടു . വ്യത്യസ്ത ഭാവഭേദങ്ങളോടെ തിരശീലയിൽ നിന്നും ആ നടൻ പതുക്കെ എന്റെ കുഞ്ഞു മനസ്സിൽ ചേക്കേറി . അവിടുന്നങ്ങോട്ട് വിസ്മയിപ്പിക്കുന്ന ഭാവപ്പകർച്ചകളുമായി “മോഹൻലാൽ ” എന്ന ആ നടൻ എന്നെ മാത്രമല്ല മലയാളക്കരയാകെ പ്രായഭേദമെന്യേ മനസ്സുകൾ കീഴടക്കി.

ക്ലാസ്സിലെ ഒഴിവുള്ള പീരിയഡ് കളിൽ ഉള്ള ഫാൻ ഫൈറ്റ് കളും ഒക്കെ ഒരു ഹരമായി കൊണ്ടുനടന്ന കാലം . ഇന്ന് അറുപതാം പിറന്നാൾ ആഘോഷിക്കുന്ന ലാലേട്ടന്റെ ‘ career graph ‘ ഒന്ന് പിന്തിരിഞ്ഞു നോക്കുമ്പോൾ , ഉയർച്ച താഴ്ചകൾ ഒക്കെ കണ്ടേക്കാം . പക്ഷെ 40 വർഷങ്ങളേറെയായി ആടി തിമിർത്ത വേഷങ്ങൾക്കിപ്പുറം , മലയാള സിനിമയിൽ തലയെടുപ്പോടെ നിൽക്കുന്ന , ഇന്നും സിനിമ വിട്ടു വേറെ ഒരു മേഖലയെ കുറിച്ച് ചിന്തിക്കാത്ത ഒരേയൊരു നടൻ , മഹാമേരു പോലെ നമ്മുടെ ലാലേട്ടൻ .

പത്മരാജനെ പോലെയുള്ള പ്രതിഭാധനന്മാർ വിരാജിച്ചിരുന്ന 80 കളിൽ തുടങ്ങി 90 കളുടെ ഒടുക്കം വരെ മോഹൻലാൽ എന്ന നടന്റെ നടന ജീവിതത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു എന്ന് പറയാം . ജന്മസിദ്ധമായ അഭിനയ മികവ് , കഥാപാത്രങ്ങളിൽ നിന്ന് കഥാപാത്രങ്ങളിലേക്കുള്ള പരകായപ്രവേശങ്ങൾക്കിടെ ഊതി കാച്ചിയ പൊന്നാകുന്നതും നമ്മൾ കണ്ടു . ഒരു നിയോഗം പോലെ മലയാള സിനിമ ഈ മഹാനടനെ ഏറ്റെടുക്കയായിരുന്നു . ഒരു ആരാധകൻ എന്ന നിലയിൽ എനിക്ക് ഇഷ്ടപ്പെട്ട കുറെ ലാലേട്ടൻ ചിത്രങ്ങളുണ്ട് . പക്ഷെ ഞാൻ ഇന്നും കൗതുകത്തോടെ കാണുന്ന ചിത്രമാണ് “ഇരുവർ “.

അന്തരിച്ച MGR നെ സ്‌ക്രീനിൽ ലാലേട്ടൻ അവതരിപ്പിച്ചപ്പോൾ ഒരു ക്യാരിക്കേച്ചർ അവതരണം അല്ല എനിക്ക് അനുഭവപ്പെട്ടത് . ഒരു ലാൽ കൈയൊപ്പുള്ള MGR . അങ്ങനെയാണ് എനിക്ക് തോന്നിയത് .

എന്തുകൊണ്ട് ലാലേട്ടനെ ഇത്രകണ്ട് ഇഷ്ടപ്പെടുന്നു എന്ന ചോദ്യത്തിന് രണ്ടു ഉത്തരമാണ് ഉള്ളത് . ഒന്ന് ഒരു അഭിനേതാവ് മാത്രമല്ല ഒരു തികഞ്ഞ കലാകാരനാണ് ലാലേട്ടൻ . അദ്ദേഹത്തിന് വഴങ്ങാത്തതായി മലയാളത്തിന്റെ മണ്ണിൽ കലാരൂപങ്ങൾ തുലോം കുറവാണ് . കഥകളി , പാട്ടു , നൃത്തം എന്തും അയത്നലളിതമായി , സ്വതസിദ്ധമായ ആ കരങ്ങളിൽ ഭദ്രമാണ് . രണ്ടാമത്തെ കാര്യം ” മോഹൻലാൽ ” എന്ന മനുഷ്യസ്നേഹിയെ ആണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത് . ഫാൻസ്‌ അസോസിയേഷൻ മൂലവും അല്ലാതെയും ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങൾ ആണ് അദ്ദേഹം നടത്തുന്നത് . ഞാൻ കൂടി ഭാഗമായ ലാൽ കെയെർസ് , വിശ്വശാന്തി ഫൌണ്ടേഷൻ തുടങ്ങിയ ഒരു പിടി സംഘടനകൾ ഇതിനു വേണ്ടി പ്രവർത്തിക്കുന്നു .മലയാള സിനിമയ്ക്കു അകത്തും പുറത്തും അനേകം ആളുകൾ ആ നന്മയുടെ കരസ്പർശം അറിഞ്ഞിട്ടുണ്ട്.

അഭിനയിക്കുന്ന ഓരോ വേഷത്തിലും തന്റേതായ കൈയൊപ്പ് ചാർത്തുന്ന , സ്വാഭാവിക അഭിനയത്തിന്റെ ഒരു തലം തന്നെ തീർത്ത മലയാളത്തിന്റെ പ്രിയ അഭിനേതാവ് . ഷഷ്ഠി പൂർത്തി ആഘോഷിക്കുന്ന വേളയിൽ , കോവിഡ് മഹാമാരി മറ്റു ഏതു മേഖലയെയും പോലെ സിനിമ വ്യവസായത്തെയും പിടിച്ചു കുലുക്കിയ സമയത്തു , തന്റെ കൂട്ടുകാർക്കു സഹപ്രവർത്തകർക്ക് ഒക്കെ സ്നേഹാന്വേഷണങ്ങളുമായി കരുതലിന്റെ സ്നേഹസ്പർശം നീട്ടുന്ന പ്രിയ ലാലേട്ടന് ആയുരാരോഗ്യസൗഖ്യം നേരുന്നു . ഇനി ഒത്തിരി ഒത്തിരി വർഷങ്ങൾ ഞങ്ങളുടെ ഏട്ടനായി , മലയാള സിനിമയ്ക്കു നായകനായി നില്ക്കാൻ സർവേശ്വരൻ അനുഗ്രഹം ചൊരിയട്ടെ എന്ന് ഹൃദയം തൊട്ടു പ്രാർത്ഥിക്കുന്നു .

ജേക്കബ് തമ്പി
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ,
ലാൽ കേയേഴ്സ് കുവൈറ്റ്

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!