January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ദശരഥം – സ്മൃതിരഥം

കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് ( KDA) പ്രസിഡൻറ് ശ്രീനിഷ് ശ്രീനിവാസൻ തൻറെ ഇഷ്ട ചിത്രത്തെക്കുറിച്ച് എഴുതുന്നു

ലോക്ക്ഡൗണിന്റെയും മടിയുടെയും ആലസ്യത്തിൽ ചടഞ്ഞിരിക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി പ്രിയ സുഹൃത്ത് രാജേഷ് ഇഷ്ടപ്പെട്ട സിനിമയെപ്പറ്റി എഴുതുന്ന “ടൈംസ് ഓഫ് കുവൈറ്റിന്റെ” “മൈ ഫേവറൈറ്റ്” മൂവി എന്ന ഓൺലൈൻ പംക്തിയെപ്പറ്റി പറയുന്നത്.. ഒരു പിടിയുമില്ലാത്ത മേഖലയാണെങ്കിലും കുറച്ചു സമയംപോയിക്കിട്ടും എന്നുള്ളതുകൊണ്ട് ഒന്ന് ശ്രമിക്കാൻ തീരുമാനിച്ചു, മനസ്സിലേക്ക് ലാലേട്ടൻ അല്ലാതെ മറ്റൊരു മുഖവും വന്നില്ല എന്നുള്ളതാണ് സത്യം (വേറെ ആരുടേയും സിനിമകൾ ഇഷ്ടമല്ല എന്നല്ലകേട്ടോ, ലാലേട്ടന്റെയും തെലുങ്ക് നടൻ മഹേഷ് ബാബുവിന്റേയും എല്ലാ സിനിമകളും കാണാറുണ്ട്).

മനസിലേക്ക് ആദ്യം കടന്നുവന്നത് ലാലേട്ടന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവെന്ന് വിളിക്കാവുന്ന ദശരഥം എന്ന സൂപ്പർ ഹിറ്റ് മൂവി ആണ്.. ആദ്യമായി എപ്പോഴാണ് ഈ സിനിമകണ്ടതെന്നോർത്തെടുക്കാനുള്ള ശ്രമം കുറച്ചുനേരത്തേക്ക് കുട്ടിക്കാലത്തെത്തിച്ചു.
എല്ലാ ഞായറാഴ്ച്ചകളിലും വൈകീട്ട് നാലുമണിക്ക് ദൂരദർശനിൽ വരാറുള്ള ചലച്ചിത്രവും അതിനുവേണ്ടിയുള്ള കാത്തിരിപ്പും, അമ്മയുടെ വീട്ടിലെ “സോളിഡേർ ടീവിയുടെ ” ചെവിപിടിച്ചുതിരിച്ചു നടത്തുന്ന ട്യൂണിങ് മഹാമഹങ്ങളും, ടിവി കാണാൻ വരാറും ഞാൻ പോവാറുമുള്ള അയൽപക്കക്കാരുടെ വീടുകളും എല്ലാം ഒരു മിന്നായം പോലെ മനസ്സിലേക്ക് വന്നു നിറഞ്ഞു …

ഇനി വിഷയത്തിലേക്ക് വരാം, കാലത്തിനു മുമ്പേ സഞ്ചരിച്ച ഒരു സിനിമയാണത്, തിരക്കഥ, സംവിധാനമികവ് കൂടാതെ നടനവിസ്മയമായ ലാലേട്ടന്റെ പ്രകടനവും ദശരഥത്തെ മലയാളചരിത്രത്തിൽ ഇതുവരെ നിർമ്മിച്ച മികച്ച സിനിമകളിൽ ഒന്നാക്കിമാറ്റുന്നു. 1989 ൽ നിർമിച്ച ഈ സിനിമയുടെ പ്രമേയത്തോട് സാമ്യമുള്ള ഒരു സിനിമ പിന്നീട് കണ്ടത് വര്ഷങ്ങള്ക്കിപ്പുറമാണ്‌, അടുത്തിടെ കണ്ട ഹിന്ദി സിനിമാതാരം അക്ഷയ്കുമാറിന്റെ “ഗുഡ് ന്യൂസ്’ എന്ന സിനിമക്ക് ഇതിന്റെ ഇതിവൃത്തത്തോട് അൽപം സാമ്യമുണ്ടെങ്കിലും ഏതെങ്കിലും തരത്തിൽ താരതമ്യം ചെയ്യുന്നത് എക്കാലത്തെയും മികച്ച ഈ ക്ലാസിക്കിനോട് ചെയ്യുന്ന അനീതിയാകും (ദശരഥത്തിന്റെ ഓർമകളിലേക്ക് എന്നെ കൊണ്ടുപോയി എന്നത് സത്യം).

രക്ഷിതാക്കൾ ഇല്ലാത്ത താന്തോന്നിയും തികഞ്ഞ മദ്യപാനിയും ധാരാളിയും ഒരു ജീവിതലക്ഷ്യങ്ങളുമില്ലാത്ത ഒരു ധനികന്റെ അസാധാരണമായ വേഷം മോഹൻലാൽ അവതരിപ്പിക്കുന്നു. തന്റെ ഭാര്യയായി അഭിനയിക്കുന്ന രേഖയ്‌ക്കൊപ്പം മുരളി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കരമന ജനാർദ്ദനൻ നായരും സുകുമാരനും പ്രശംസ അർഹിക്കുന്നു. ഒരു കുസൃതി നിറഞ്ഞ തരികിടക്കാരനായ ചെറുപ്പക്കാരൻ എന്ന സിനിമയുടെ ആദ്യപകുതിലെ രാജീവ് മേനോൻ എന്ന കഥാപാത്രത്തെ ലാലേട്ടൻ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു, ഒരു കുടിയന്റെ മാനറിസം ഇത്ര ഭംഗിയായി അവതരിപ്പിക്കാൻ കഴിവുള്ള മറ്റൊരുനടൻ ഇല്ല എന്നുതന്നെ പറയാം, സിനിമയിലെ ലാലേട്ടന്റെ ഇൻട്രോ സീൻ ആർക്കും മറക്കാനാകില്ല.. ഒരു കമ്പനിക്കായി ബാറിൽ അലയുന്ന രാജീവിന്റെ ജീവിത ശൈലി ഒരൊറ്റ സീനിൽ സംവിധായകൻ അവതരിപ്പിക്കുന്നു, ജീവിതത്തിൽ എന്തെങ്കിലും ഉത്തരവാദിത്തം ആവശ്യമാണെന്ന തോന്നൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ഗൗരവമുള്ള ഒരു വേഷപ്പകർച്ച നൽകുന്നു. വെക്കേഷൻ ചെലവഴിക്കാൻ ഊട്ടിയിലെത്തുന്ന തന്റെ സുഹൃത്തായ സ്‌കറിയയുടെ മകനുമായുള്ള ആത്മബന്ധം രാജീവിനെ ഒരു കുഞ്ഞുവേണമെന്നുള്ള ആഗ്രഹത്തിലെത്തിക്കുന്നു എന്നാൽ വിവാഹം കഴിക്കാൻ താല്പര്യമില്ലാത്ത അദ്ദേഹത്തിന്റെ, സ്വന്തം ചോരയിൽ ഒരു കുഞ്ഞുവേണമെന്നുള്ള ആഗ്രഹം ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ എന്ന ആശയത്തിലേക്കെത്തിക്കുന്നു, രാജീവിന്റെ ഭാഷയിൽ “വെറുതെ പറഞ്ഞു വിളിക്കുകയല്ല അവകാശമുണ്ടായിട്ടാണ് അവൻ എന്നെ അച്ഛാ എന്ന് വിളിക്കാൻ പോകുന്നത്”. മനുഷ്യനിൽ കൃത്രിമ ബീജസങ്കലനം എന്ന ഒരു രീതി കേട്ടുകേൾവിപോലുമില്ലാത്ത ഒരു കാലഘട്ടത്തിൽ (33 വർഷങ്ങൾക്ക് മുൻപ്) അത് അതിന്റെ എല്ലാ ഗൗരവത്തോടെയും തികച്ചും സരളമായും ജന്മനസുകളിലേക്കെത്തിച്ചത് ലാലേട്ടന്റെ അസാമാന്യ അഭിനയമികവ് മാത്രമായിരുന്ന. ഇങ്ങനെയൊരു കഥക്ക് ജീവൻനൽകാൻ നിർമാതാക്കൾ തയ്യാറായത് ലാലേട്ടനിലും സിബിമലയിൽ എന്നെ സംവിധായകനിലുമുള്ള വിശ്വാസം കൊണ്ടായിരിക്കണം. തികഞ്ഞ മദ്യപാനിയായ യുവാവിന്റെ “ഒരു കുട്ടി വേണം“എന്ന ചിന്ത എങ്ങിനെ അയാളുടെ ജീവിതത്തെ മാറ്റിമറിക്കുകയും നല്ലനടപ്പുകാരനാക്കി മാറ്റുകയും ചെയ്യും എന്നുള്ള സാമൂഹിക വിഷയമാണ് കഥാകൃത്ത് ഇവിടെ മോഹൻലാലിലൂടെ അവതരിപ്പിക്കുന്നത്.

സ്വഭാവഗുണമുള്ള സുന്ദരിയും തറവാടിയുമായ, തന്റെ കുഞ്ഞിന്റെ അമ്മയാവാൻ അനുയോജ്യയായ ഒരു ഗർഭപാത്രത്തിന്റെ അന്വേഷണത്തിലൂടെ, ഒരുകാലത്ത് പ്രശസ്തനായ ഫുടബോൾ കളിക്കാരനായ തന്റെ ഭർത്താവിന്റെ (മുരളി) വൃക്കമാറ്റിവെക്കുന്നതിനായി കുറച്ച് പണം ആവശ്യമുള്ള കഥാപാത്രമായി ആനി (രേഖ) ചിത്രത്തിലേക്ക് കടന്നു വരുന്നു, തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാനും അദ്ദേഹത്തെ തിരിച്ചു കളിക്കളത്തിലെത്തിക്കാനും വേണ്ടി, വികാരഭരിതമായ രംഗങ്ങൾക്കൊടുവിൽ രാജീവിന്റെ കുട്ടിയെ പ്രസവിക്കാൻ ആനി തയ്യാറാകുന്നു . അച്ഛനാകാനുള്ള രാജീവിന്റെ തയാറെടുപ്പും അദ്ദേഹത്തിന്റെ ആകാംഷയും നമ്മളെ അതിശയിപ്പിക്കും, ആനി ഗർഭിണിയാകുന്നതും ആൺ കുട്ടിയായിരിക്കും എന്ന് ആനി പറയുമ്പോളുള്ള രാജീവിന്റെ വികാരപ്രകടനങ്ങളും, സന്തോഷവും നമ്മളിൽ നമ്മളറിയാത്ത ഒരു കുളിർമ പകരുന്നു. ഈ ചിത്രത്തിൽ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത ജോൺസൺ മാസ്റ്ററുടെ സംഗീതം ആണ്, ഹൃദയസ്പർശിയായ സന്ദർഭോജിതമായ ഗാനങ്ങൾ ആസ്വാദകനെ മറ്റൊരുലോകത്തെത്തിക്കും എന്ന് നിസ്സംശയം പറയാം.. “മനോജ് നല്ല പേരല്ലേ, മനു എന്ന് വിളിക്കാം” ഈ ഒരു സന്ദർഭവും തുടർന്ന് വരുന്ന “മന്ദാരചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ” എന്ന ഗാനവുമാണ് ഈ ചിത്രത്തിന്റെ എന്റെ പ്രിയപ്പെട്ട നിമിഷങ്ങൾ..

തുടർന്ന് ആനിയുടെ ഗർഭകാലവും രാജീവിന്റെ സന്തോഷവും ചന്ദ്രദാസിന്റെ സംഘർഷവുമെല്ലാം ഒരു മനോഹരമായ ക്യാൻവാസിലെന്നവണ്ണം സിബിമലയിലും ലോഹിതദാസും ചേർന്ന് നമ്മുടെ മനസ്സിൽ വരച്ചിടുന്നു. പ്രസവശേഷം കവിയൂർപൊന്നമ്മ കുഞ്ഞിനെ ഉമ്മവച്ചു നടന്നുപോകുന്ന സീൻ തികച്ചും ഹൃദയസ്പർശിയാണ്, പ്രസവശേഷം ആനിയുടെ ഭാവമാറ്റങ്ങളാണ് പിന്നീട് സിനിമയെ മുന്നോട്ട് നയിക്കുന്നത് മകനെ രാജീവിന് വിട്ടുനൽകാൻ തയ്യാറാകാത്ത ആനി സിനിമയെ അതിന്റെ ക്‌ളൈമാക്സിലേക്ക് നയിക്കുന്നു.. ആശുപത്രിയിൽനിന്നും ഡിസ്ചാർജ്ജ് ആയി രാജീവിന്റ വീട്ടിലെത്തിയ മുരളിയോടുള്ള സംഭാഷണശേഷം കരമനയോട് “അവനിട്ട് അടികൊടുക്കട്ടെ” എന്ന ചോദ്യം ഇത്ര മനോഹരമായി അവതരിപ്പിക്കാൻ മറ്റാർക്കെങ്കിലും സാധിക്കുമോ? രാജീവിന്റെ വീട്ടിൽ നിന്നും കുഞ്ഞുമായി ആനി സ്വന്തം വീട്ടിലേക്ക് ആരും അറിയാതെ രക്ഷപ്പെടുന്നു, ആനിയെ ചന്ദ്രദാസ് അനുനയിപ്പിക്കാനും കുട്ടിയെ തിരിച്ചു രാജീവിനെ ഏല്പിക്കാനും ആവശ്യപ്പെടുന്നു, സ്വന്തം ഭാര്യ മറ്റൊരാളുടെ ഗർഭം ധരിക്കുമ്പോൾ അയാൾക്കുണ്ടാവുന്ന മാനസികാവസ്ഥ “ഇത് നിന്റെ കുഞ്ഞാണ് നമ്മുടെയല്ല” എന്നൊറ്റ വാചകത്തിലൂടെ മുരളി പ്രേക്ഷകരെ ധരിപ്പിക്കുന്നു, ചന്ദ്രദാസിനെ ഉപേക്ഷിക്കേണ്ടിവന്നാലും കുട്ടിയെ ആനി ഉപേക്ഷിക്കില്ലെന്ന തിരിച്ചറിവ് അയാളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളയുന്നു, കുട്ടിയെ വീണ്ടെടുക്കാൻ രാജീവ് നിയമനടപടികൾക്ക് നീങ്ങുന്നു അവിടെ അദ്ദേഹം പരാജയപ്പെടുന്നു.

ഇവിടെ ഒരു കാര്യം ഞാൻ പറയാൻ ആഗ്രഹിക്കുന്നു, വൈകാരികമായി രാജീവ് ജയിക്കുമെന്ന് നമുക്ക് തോന്നുമെങ്കിലും “ഒരു രാജ്യത്തും ആ രാജ്യത്തിന്റെ നിയമസംഹിതക്ക് നിരക്കാത്ത ഒരു കോൺട്രാക്റ്റും നിലനിൽക്കില്ലെന്ന” ഒരു അറിയിപ്പ് സംവിധായകൻ നൽകാൻ ശ്രമിക്കുന്നുണ്ട്, ആ ഒരു വിഷയത്തിൽ പലപ്പോഴും നമ്മൾ ചതിക്കുഴിയിൽ വീഴാറുണ്ട്, കുവൈറ്റിലും ഇത്തരം നിരവധി വിഷയങ്ങൾ എന്റെ ശ്രദ്ധയിൽപ്പെടാറുണ്ട്.. ശ്രദ്ധിക്കുക!! ജോലിക്ക് ചേരുമ്പോൾ 2-3 വർഷം ആ കമ്പനിയിൽ ജോലിചെയ്യണം എന്നുള്ളതും, പ്രൊമോഷൻ കിട്ടാൻ 2 വർഷത്തെ കോൺട്രാക്ട് ഒപ്പിടണമെന്നുള്ള കമ്പനിയുടെ ആവശ്യവുമൊക്കെ ഈ ഗണത്തിപ്പെടുന്നവയാണ്, നമ്മുടെ പാസ്പോർട്ട് പണയം വച്ച് പണം നൽകുന്നതും വാങ്ങുന്നതും നമുക്കും പണം തരുന്നവനും ജയിലിൽ പോകാനുള്ള ഒരു എളുപ്പ മാർഗ്ഗമാണ്, നിയമത്തിലുള്ള അജ്ഞതയാണ് ഇവിടെ പലരും മുതലെടുക്കുന്നതും കുഴിയിൽ ചാടിക്കുന്നതും.

കുട്ടിയെവിട്ട് തരുമോ എന്നറിയാൻ ആനിയുടെ വീട്ടിലെത്തിയ രാജീവിന്റെ ഭാവാഭിനയം ഏതൊരു പ്രേക്ഷകന്റെയും കണ്ണിൽ ഈറനണിയിക്കും. രാജീവിന്റെ സ്നേഹം മനസിലാക്കി ആനി കുട്ടിയെ അദ്ദേഹത്തിന് വിട്ടുനൽകാൻ തയ്യാറായി രാജീവിന്റെ വീട്ടിലെത്തുന്നു പക്ഷേ അവൾക്ക് അതിനു സാധിക്കുന്നില്ല, എന്നെ വേണമോ അതോ കുഞ്ഞിനെ വേണമോയെന്ന് ചന്ദ്രദാസ് ആനിയോട് ആവശ്യപ്പെടുന്നു, തികച്ചും വൈകാരികമായ രംഗങ്ങളിലൂടെ സംവിധായകനും കഥാകൃത്തും നമ്മെ കൊണ്ടുപോകുന്നു. മാതൃത്വത്തിന് തന്റെ സമ്പന്നതയെക്കാളും ചന്ദ്രദാസിന്റെ ആനിയോടും തിരിച്ചുമുള്ള സ്നേഹത്തേക്കാളും വിലയുണ്ടെന്ന് മനസിലാക്കിയ രാജീവ് മകനെ ആനിയെ തിരിച്ചേൽപ്പിച്ചു അവരെ യാത്രയാക്കുന്നു. മാഗ്ഗിയോട് (സുകുമാരി) ആനി തന്റെ കുഞ്ഞിനെ സ്നേഹിക്കുന്നപോലെ മാഗിക്ക് എന്നെയും സ്നേഹിക്കാമോ എന്ന രാജീവിന്റെ ചോദ്യം ഒരല്പം സ്നേഹത്തിനായി തുടിക്കുന്ന രാജീവിന്റെ തേങ്ങലായി മാറുന്നു, ആരുടേയും മനസിലേക്ക് ഒരായിരം ശരങ്ങൾ വർഷിക്കുന്ന ആ ചോദ്യത്തോടെ സിനിമ അവസാനിക്കുന്നു.

ഒരു മേലോ-ഡ്രാമ ആയി അവസാനിച്ചേക്കാവുന്ന ഒരു കഥയെ സിബിമലയിലും ലാലേട്ടനും രേഖയും മുരളിയും ചേർന്ന് ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നു, മലയാള സിനിമയിലെ സുവർണ ലിപികളിൽ എഴുതിച്ചേർത്ത ഒരദ്ധ്യായമായി ഈ സിനിമ എന്നും നിലകൊള്ളും.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!