തൻറെ പ്രിയ ചിത്രത്തെക്കുറിച്ച് ക്യാമറാമാനും സഹസംവിധായകനും ആയ അജ്മൽ സമദ് ഏഴുതുന്നു
സിനിമാ സംവിധായകന്റെ തന്നെ കഥ പറയുന്ന ഇറ്റാലിയൻ ചിത്രമായ Cinema Paradiso എന്നും എന്റെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്,രണ്ടാം ലോക മഹായുദ്ധാനന്തര കാഴ്ചകളെ മനോഹരമായി ദൃശ്യവത്കരിച്ച ഈ ചിത്രം ചരിത്രത്തോടുള്ള താത്പര്യം കൊണ്ട് കൂടിയാണ് എന്റെ ഇഷ്ടചിത്രമായത്.
1988 ൽ വിഖ്യാതനായ ഇറ്റാലിയൻ സംവിധായകൻ ജുസപ്പോ ടോർട്ടൊറെ സംവിധാനം ചെയ്ത ഈ ചിത്രം വാരിക്കൂട്ടിയത് മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്ക്കാർ അടക്കം നിരവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങളാണ്.
ഇറ്റലിയിലെ ചെറുപട്ടണമായ ഗിയാൻ കോൾഡോയിലെ സിനിമാ തീയറ്ററാണ് സിനിമാ പാരഡൈസോ, അവിടുത്തെ ഫിലിം ഓപ്പറേറ്ററായ ആൽഫ്രഡോയും ആ പട്ടണത്തിലെ തന്നെ സാൽവത്തോർ എന്ന ബാലനുമായുള്ള ആത്മബന്ധമാണ് സിനിമയിൽ പ്രധാനമായി ആവിഷ്കരിച്ചിരിക്കുന്നതെങ്കിലും,സാൽവത്തോറിന്റെ ബാല്യവും കൗമാരവും പ്രണയവും,കുടുംബവും, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഇറ്റലിയുടെ രാഷ്ട്രീയ പശ്ചാത്തലവും എന്തിനേറെ പാരഡൈസോയിലെ കാണികളുടെ മാനസിക സംഘർഷങ്ങൾ വരെ കൈയ്യടക്കത്തോടെ സംവിധായകൻ സിനിമയ്ക്ക് പ്രമേയമാക്കിയിരിക്കുന്നു.
കഥാനായകനായ സാൽവത്തോർ ആൽഫ്രഡോയ്ക്ക് ടോട്ടോയാണ്, സിനിമ ഇഷ്ടമായ ടോട്ടോ ആൽഫ്രഡോയുമായി സുഹൃത്ത ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നു. കുഞ്ഞുടോട്ടോയുടെ കുരുത്തക്കേടുകളും കൂടാതെ അവന്റെ അമ്മയുടെ എതിർപ്പും കൂടിയാകുമോൾ ആൽഫ്രഡോ ടോട്ടോയോട് അകലം പാലിക്കുന്നുണ്ടെങ്കിലും രണ്ടാംലോകമഹായുദ്ധത്തിൽ അച്ഛനെ നഷ്ടപ്പെട്ട ടോട്ടോയുടെ നിഷ്കളങ്കമായ സ്നേഹത്തിന് മുന്നിൽ ആൽഫ്രഡോയ്ക്ക് പിടിച്ച് നിൽക്കാനാവുന്നില്ല,
അച്ഛന്റെ കരുതലും സുഹൃത്തിന്റെ സ്നേഹവുമായി ആൽഫ്രഡോ പിന്നെ ടോട്ടോയക്ക് വഴികാട്ടിയാവുകയാണ്, എന്നാൽ അപ്രതീക്ഷിതമായി പാരഡൈസോയിൽ ഉണ്ടായ തീപിടുത്തം ആൽഫ്രഡോയുടെ കാഴ്ച ശക്തി നഷ്ടമാക്കുന്നു. തുടർന്ന് ടോട്ടോയ്ക്ക് ആൽഫ്രഡോയുടെ ചുമതല ഏറ്റെടുക്കേണ്ടി വരുന്നു.ടോട്ടോയിലെ കഴിവുകൾ മനസ്സിലാക്കിയിരുന്ന ടോട്ടോയെ നിർബന്ധപൂർവ്വം റോമിലേക്ക് അയക്കുന്നു.
മുപ്പത് വർഷമായി തന്റെ നാടുമായി യാതൊരു ബന്ധമില്ലാതിരുന്ന സാൽവത്തോറിനെ ഗിയാൻകോൾഡോയിലെ ഓർമ്മകളിലേക്ക് തിരിച്ച് വിളിക്കുന്നത് ആൽഫ്രഡോയുടെ മരണവാർത്ത അറിയിച്ച കൊണ്ടുള്ള അമ്മയുടെ ഫോൺ കോളാണ്, തിരിച്ചുള്ള നായകന്റെ യാത്രയിൽ സിനിമയും സഞ്ചരിക്കുന്നു.തന്റെ ജന്മനാട്ടിലെത്തി ആൽഫ്രഡോയുടെ ശവസംസ്ക്കാരത്തിൽ പങ്കെടുക്കുന്ന സാൽവത്തോറിന് സാക്ഷിയാകേണ്ടി വരുന്നത് പല അപ്രതീക്ഷിത സംഭവങ്ങൾക്കുമാണ്…
സിനിമാ ക്ലാസിക്കുകളിൽ അടയാളപ്പെടുത്തിയ “സിനിമാ പാരഡൈസോ” എല്ലാത്തരം സിനിമാപ്രേമികളും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽപ്പെട്ടതാണ്.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ എമർജൻസി ട്രെയിനിങ് വിഭാഗത്തിൽ അധ്യാപകനായി ജോലി ചെയ്യുന്ന അജ്മൽ സമദ് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ (AHA) ട്രെയിനർ ആണ്.സഹസംവിധായകനായി പ്രവർത്തിക്കുന്നതിനൊപ്പം ക്യാമറയും ഇഷ്ട മേഖലയാണ്.
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു