തൻറെ ഇഷ്ട ചിത്രത്തെക്കുറിച്ച് ഷിറിൻ മുഹമ്മദ് ആലപ്പി എഴുതുന്നു
എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ചലച്ചിത്രമാണ് 1993ഇൽ പുറത്തിറങ്ങിയ വാത്സല്യം എന്ന മമ്മൂട്ടി ചിത്രം. പണ്ടത്തെ പല തറവാടിന്റെ ക്ഷയത്തിനും കാരണം കേസായിരുന്നു. കോടതി കയറിയിറങ്ങി വക്കീലൻമാർക്ക് കാശ് വാരിക്കോരിക്കൊടുത്ത് മുടിഞ്ഞ തറവാടുകൾ. അങ്ങനെയൊരു തറവാട്ടിലെ മൂത്ത മകനാണ് മേലേടത്ത് രാഘവൻനായർ. അമ്മ, ഭാര്യ, മക്കൾ, സഹോദരി, സഹോദരൻ. ഒരു വലിയ കുടുംബത്തെ അയാൾ തന്റെ ചിറകിൻകീഴിലൊതുക്കി സംരക്ഷിച്ചു. കുടുംബം പോറ്റാൻ തൂമ്പയെടുത്ത് മണ്ണിലേക്കിറങ്ങി രാവും പകലും അധ്വാനിച്ചു. കുടുംബത്തിനൊരു തണൽമരമായി. നേരും നെറിയും ജീവിതചര്യയാക്കി. പക്ഷേ, പഠിപ്പിച്ചുവലുതാക്കിയ അനുജൻ വക്കീലായി, കരിയർ മെച്ചപ്പെടുത്താൻ കച്ചകെട്ടിയിറങ്ങിയ അയാൾ തന്റെ സീനിയർ അഡ്വക്കേറ്റിന്റെ മകളെ കല്യാണം കഴിച്ചു. അയാളെ മോഹിച്ചുകഴിഞ്ഞ കുഞ്ഞമ്മാമയുടെ മകൾ നളിനിയും രാഘവൻനായരുടെ സങ്കടമായി. നഗരജീവിത പരിഷ്കാരങ്ങളുടെ ലോകത്തുനിന്നും അനിയന്റെ ഭാര്യയായിവന്ന പെൺകുട്ടിക്ക് ഈ കുടുംബവുമായി പൊരുത്തപ്പെടാനായില്ല. തന്റെ കാൽക്കീഴിൽനിന്നും മണ്ണ് ഒലിച്ചുപോവുന്നത് അയാൾ അറിയാൻ തുടങ്ങി. ഒടുക്കം ഭാഗംവെച്ച് പിരിയുന്ന കുടുംബത്തിൽനിന്നും അയാൾ പടിയിറങ്ങേണ്ടിയും വരുന്നു. പക്ഷേ, ആര് ചതിച്ചാലും മണ്ണ് ചതിക്കില്ലെന്ന വിശ്വാസവുമായി അയാൾ പുതിയ കൃഷിനിലത്തിലേക്ക് പൊന്നുവിളയിക്കാൻ പോവുന്നു. തന്റെ തെറ്റ് തിരിച്ചറിഞ്ഞ അനിയൻ അയാളെ തിരിച്ചുവിളിക്കാൻ വരുമ്പോൾ അതുതന്നെ തനിക്ക് സന്തോഷമായെന്ന് പറയുന്ന ഏട്ടൻ. വാത്സല്യത്തിന്റെ കഥ ഇങ്ങനെ അവസാനിക്കുന്നു.
ഈ ചിത്രത്തിൽ എനിക്ക് ഒട്ടും വിശ്വസിക്കാനാവാതെ പോയ സംഗതി എന്തെന്നാൽ, ഇത് സംവിധാനം ചെയ്തിരിക്കുന്നത്, വില്ലൻ കഥാപാത്രങ്ങളിൽനിന്നും കോമഡിയിലേക്ക് വന്ന് നമ്മെ കുടുകുടെ ചിരിപ്പിച്ചു നമ്മെ വിട്ടു പിരിഞ്ഞു പോയ നമ്മുടെ സ്വന്തം കൊച്ചിൻ ഹനീഫയാണ് എന്നതാണ് .
മേലേടത്ത് രാഘവൻനായരെ അനശ്വരനാക്കിയ മമ്മൂട്ടിയാണ് ഈ ചിത്രത്തിന്റെ നട്ടെല്ലെങ്കിലും ആ കഥാപാത്രത്തെ ഉജ്ജ്വലിപ്പിക്കുന്ന സഹകഥാപാത്രങ്ങളെല്ലാം ചേരുംപടി ചേർന്നതിന്റെയും ആ കഥയുടെ ആശയാദർശങ്ങൾ ചോർന്നുപോവാതെ അവതരിപ്പിച്ചതിന്റെയും ക്രെഡിറ്റ് കൊച്ചിൻ ഹനീഫയ്ക്കും എഴുത്തുകാരൻ ലോഹിതദാസിനുമാണ്. കഥയുടെ കൃത്യമായ മൂഡ് അറിഞ്ഞുകൊണ്ട് കൈതപ്രം രചിച്ച പാട്ടുകൾ മലയാളികൾ ഇന്നും കേൾക്കാൻ കൊതിക്കുന്നതാണ് .
ഇതുപോലെ ഒരു സുന്ദര ചിത്രം മലയാളികൾക്ക് സമ്മാനിച്ച ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി .
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു