January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

‘ക്യാൻവാസിൽ വരച്ച ഒരു ചലച്ചിത്രകാവ്യം’

സുനിൽ കുളനട

ഒരു ചിത്രകാരൻ തന്റെ ഭാവനാ സങ്കല്പത്തെ വരച്ചുണ്ടാക്കുക അതിന് അഭ്രപാളിയിൽ കൂടി ജീവൻ പകരുക അതൊരു ചെറിയ കാര്യമായിരുന്നില്ല അക്കാലത്ത്, അതുവരെ ഉണ്ടായിരുന്ന സിനിമാ സങ്കൽപ്പങ്ങളെ മാറ്റിമറിച്ച ചലചിത്രങ്ങളിലൊന്നായിരുന്നു യശശരീരനായ ഭരതൻ സംവിധാനം ചെയ്ത ‘വൈശാലി’.

ഞാൻ കണ്ടിട്ടുള്ള ഇഷ്ട സിനിമയെക്കുറിച്ച് എഴുതുവാൻ C n x n.t v യിൽ നിന്നും സുഹൃത്തുകൂടിആയ സാജു സ്റ്റീഫൻ വിളിച്ചപ്പോൾ, ഒരു ചിത്രകാരനെന്ന നിലയിൽ ഞാൻ കണ്ടിട്ടുള്ള ഇഷ്ട സിനിമകളിൽ ആദ്യം മനസ്സിൽ ഓടിവന്ന ചിത്രം ഭരതൻ സംവിധാനം ചെയ്ത ‘വൈശാലി ‘ആണ്.

ഈ ചിത്രം റിലീസ് ചെയ്ത സമയത്തുതന്നെഎന്റെ നാടായ കുളനടയിൽ അന്ന് ഉണ്ടായിരുന്ന സ്വാഗത് തീയേറ്ററിൽ പോയാണ് ആദ്യമായി കണ്ടത്.

അന്നൊന്നും ചിത്രത്തിന്റെ കലാ മേന്മയെക്കുറിച്ച് അത്ര ചിന്തിച്ചിരുന്നില്ല. പിന്നീട് ആ ചിത്രത്തെ കുറിച്ച് കൂടുതൽ വായിച്ചറിയുവാൻ അന്ന് കഴിഞ്ഞു.

ഒരു സംവിധായകൻ എന്ന നിലയിൽ തന്റെ ഭാവനയിലുള്ള കഥാപാത്രങ്ങൾക്കുവേണ്ടി ഏതറ്റംവരെ പോകുവാനും തന്റെ സിനിമയ്ക്ക് പറ്റിയ നടീനടന്മാരെ കണ്ടെത്തുന്നതിനും ഭരതനെപോലെ ചുരുക്കം ചില സിനിമാ പ്രവർത്തകരെ മലയാളസിനിമയിൽ ഉണ്ടായിട്ടുള്ളൂ.

ഈ ചിത്രത്തിലെ ഓരോ രംഗങ്ങളും ഒരു ക്യാൻവാസിൽ വരച്ച ചിത്രങ്ങൾ ആക്കുവാൻ ആ ചിത്രകാരൻ, താൻ വരച്ച ചിത്രങ്ങളുമായി എം. ടി. വാസുദേവൻനായരുടെ വീട്ടിലെത്തിചിത്രങ്ങൾ കൈമാറി അദ്ദേഹം സന്തോഷത്തോടെ തിരക്കഥ ഉണ്ടാക്കുവാൻ സമ്മതിക്കുകയായിരുന്നു.
മഹാഭാരതത്തിൽ (പരാമർശിക്കപ്പെടുന്ന കഥ )നിന്നും അടർത്തി എടുത്ത മനോഹരമായ ഈ നിറക്കൂട്ട് നയന മനോഹരമായി വാരിവിതറുവാൻ മധു അമ്പാട്ട് എന്ന മാന്ത്രിക കണ്ണുകൾക്ക്‌ സാധിച്ചു എന്നത് എടുത്തുപറയേണ്ട കാര്യമാണ്.

എം.ടി. വാസുദേവൻനായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി 1988-ൽ പുറത്തിറങ്ങിയ ഈ ചിത്രം ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറിൽ അറ്റ്‌ലസ് രാമചന്ദ്രനാണ്  നിർമ്മിച്ചിരിക്കുന്നത്. വശ്യതയാർന്ന ഗാനങ്ങൾ, ഒരു തലമുറയുടെ ഹൃദയതാളമായ… ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളും…. എന്നു തുടങ്ങുന്ന മനോഹരഗാനം നമുക്കറിയാം കെ. എസ്. ചിത്രയ്ക്ക് ദേശീയ പുരസ്‌കാരം നേടികൊടുത്തതോടൊപ്പം വൈശാലിയിലെ ഈ പാട്ട് മലയാളിയുടെ ഹൃദയത്തിൽ ഒരു അനുരാഗ തരംഗമാക്കി മാറ്റിയ ഒ. എൻ. വി. കുറുപ്പിന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരവും.വൈശാലി എന്ന ഈ ചിത്രം നേടിക്കൊടുത്തു.

തിരക്കഥ പുരോഗമിക്കുന്നതിനിടയിൽ ഭരതൻ തന്റെ ചിത്രത്തിലെ നായികാ നായകന്മാരെ തേടിയുള്ള യാത്രയിലായിരുന്നു. ഡൽഹിയിലുള്ള തന്റെ സുഹൃത്തിനെ താൻ വരച്ച വൈശാലി എന്ന കഥാപാത്രത്തിന്റെ ചിത്രം കാണിച്ചു ഈ ചിത്രത്തിൽ കാണുന്നപോലൊരു നായികയെ ആണ് തനിക്കു വേണ്ടതെന്നു പറയുകയും . അക്കാലത്തു പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു വന്ന സുപർണയെ അവരുടെ ഡൽഹിയിലെ വസതിയിൽ പോയി കാണുകയും ചിത്രത്തിൽ അഭിനയിക്കുവാൻ ക്ഷണിക്കുകയുമായിരുന്നു.

നായകനായി മുംബയിൽ അക്കാലത്തു മോഡലിംഗ് രംഗത്തു പ്രവർത്തിച്ചു വന്നിരുന്ന സഞ്ജയ് മിത്രയെ ആ സമയത്തു ‘ലൈഫ്ബോയ്’ സോപ്പിന്റെ പരസ്യത്തിൽ ഉണ്ടെങ്കിലും അധികമാരും അറിയില്ലായിരുന്നു. ബാബു ആന്റണിയുടെ സഹായത്തോടെ നായകനെയും കണ്ടെത്തി. ആയോധന ആരോഗ്യമുള്ള ആളാവണം രാജാവ്. അതിനു ബാബു ആന്റണി യുടെ ബോഡി ലാംഗ്വേജ് പറ്റിയതാണെന്ന് മനസിലാക്കിയ ഭരതൻ, രാജഗുരുവായി നെടുമുടി വേണുവിനെയും മനസ്സിൽ കണ്ടു.
പിന്നീട് സെറ്റ് ഇടുവാനുള്ള സ്ഥലം അന്വേഷണമായി.
അണക്കെട്ട് നിര്‍മിക്കുന്നതിന് വേണ്ടി പദ്ധതി പ്രദേശത്തേക്ക് എത്തിച്ചേരുന്നതിനായി തുരന്ന് നിര്‍മിച്ച ഗുഹ പിന്നീട് വൈശാലി ഗുഹ ആയി മാറിയതിനു പിന്നിലുള്ള കഥ മറ്റൊന്നുമല്ല,
ഈ ഗുഹയും മലകളും പുഴയുമൊക്കെ ആദ്യം സെറ്റിട്ട് ചെയ്യാനായിരുന്നു ഭരതന്റെ പദ്ധതി. പക്ഷെ ഇടുക്കിയിലെത്തി ഈ ഗുഹയും പരിസരവും കണ്ടതോടെ ഭരതന്റെ മനസ്സ് മാറി.ഇവിടെ തന്നെ മതി ലൊക്കേഷൻ എന്ന് തീരുമാനിക്കുകയായിരുന്നു. കുറവൻ മാലയും കുറത്തി മലയും അതിന്റെ ഇടയിൽ ഡാമിന് വേണ്ടി പണി കഴിപ്പിച്ച ടണൽ പിന്നീട് ഗുഹയാക്കി മാറ്റി.
പ്രകൃതിസൗന്ദര്യവും മനുഷ്യന്റെ ശരീരസൗന്ദര്യവും. കഥോചിതമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു കലാസൃഷ്ടി അവിടെ തുടങ്ങുകയായിരുന്നു.

വൈശാലിയും ഋഷ്യശൃംഗനും ഒന്നിച്ചു ആടിപ്പാടി ആ മനോഹരമായ ഗുഹയിലും താഴ്‌വരയിലും നടന്നു. അവരുടെ പ്രണയം ആ ഗുഹാചിത്രങ്ങൾ പറഞ്ഞു, വൈശാലി എന്ന ചിത്രത്തിലെ ഈ ഗാനത്തിലെ ഗുഹ ഒരുപക്ഷെ ശ്രദ്ധിക്കാൻ സാധ്യത കൂടുതലാണ്. ഗാനം തുടങ്ങുമ്പോൾ തന്നെ നിറങ്ങളാൽ ചാലിച്ച ചിത്രങ്ങൾക്ക് മിഴിവ് കൂട്ടുന്ന കല്ലുകൾ കൊണ്ട് തീർത്ത ഒരു പ്രാചീന ഗോത്ര മുഖം എന്നപോൽ ഉള്ള ഗുഹ കാണാം.

യഥാർത്ഥത്തിൽ ഈ കഥ രാമായണത്തിൽ ഉള്ളതാണ് ശ്രീരാമജനനവുമായി ബന്ധപ്പെട്ടുകിടക്കുന്ന കഥയാണ്. മഹാഭാരതത്തിന് മുൻപേ രാമായണമുണ്ടായി എന്ന് എല്ലാവർക്കും അറിവുള്ളതാണ്.
മഹാഭാരതത്തിലും ഇതിനു വാഖ്യാനമുണ്ട്. എം. ടി. അതിനെ തന്റേതായ ശൈലിയിൽ ആക്കി ക്ലൈമാക്സിൽ എത്തിക്കുകയായിരുന്നു.
രാമായണത്തിൽ ദശരഥ മഹാരാജാവും അംഗ രാജാവായ ലോമപാതനും കണ്ടുമുട്ടുമ്പോൾ
പരസ്പരം ദുഃഖം പങ്കുവച്ചു. ലോമപാതന് ബ്രാഹ്മണ കോപം കാരണം നാട്ടിൽ മഴയില്ല.ഇന്ദ്രനെ പ്രീതിപ്പെടുത്തേണ്ടത് ആവശ്യമായി വന്നു. ദശരഥന് കൗസല്യ , സുമിത്ര, കൈകേകി, മൂന്നു ഭാര്യമാരുണ്ടായിട്ടും ആദ്യ ഭാര്യയിൽ ഉള്ള ‘ശാന്ത’ മാത്രമായിരുന്നു മക്കളായിട്ട്. പുത്രന്മാരുണ്ടാകാത്തതിൽ വളരെ വിഷമിച്ചു.

വിഭാണ്ഡകൻ എന്ന സന്യാസിയുടെ മകൻ ഋഷ്യശൃംഗനെ കൊണ്ടുവന്നു യാഗം നടത്തിയാൽ നാട്ടിൽ മഴയും ആവും അതോടൊപ്പം ദശരഥന് പുത്രേശ്ച മുനിയെ അറിയിക്കുകയും ചെയ്യാമെന്ന് കരുതി പരസ്പരധാരണയിൽ ദശരഥന്റെ മകളെ ഇതിനായി ലോമപാതൻ ദെത്തെടുക്കുകയും,
ശാന്തയുടെ സാന്നിധ്യം ഋഷ്യശൃംഗനെ നാട്ടിൽ എത്തിക്കുകയും യാഗം നടത്തി മഴ പെയ്തു, യാഗത്തിന് നിവേദിച്ച വപുസ് ഋഷ്യശൃംഗൻ ദശരഥന് നൽകുകയും അതു മൂന്ന് ഭാര്യമാർക്കും വീതിച്ചുനൽകി അങ്ങനെ ദശരഥന് പുത്രഭാഗ്യമുണ്ടായി ശ്രീരാമൻ ജനിച്ചു. എന്നുമാണ് രാമായണം പറയുന്നത്. പലയിടത്തും ഇത് മഹാഭാരതത്തിലെ കഥ എന്ന് എഴുതി കാണുകയുണ്ടായി. എം. ടി. ഈ കഥാതന്തുവിനെ നോവിക്കാതെ സിനിമയ്ക്കുവേണ്ടി വേണ്ട മാറ്റങ്ങൾ വരുത്തിയതാണ് വൈശാലി എന്നചിത്രം.

ജീവിതത്തിൽ അന്നേ വരെ സ്ത്രീകളെ കണ്ടിട്ടില്ലാത്ത ഋഷ്യശൃംഗൻ എന്ന മുനികുമാരന്റെയും അദ്ദേഹത്തെ തേടി എത്തുന്ന വൈശാലി എന്ന ദേവദാസി പെണ്ണിന്റെയും കഥയാണ് വൈശാലി. അംഗ രാജ്യത്തിൽ കൊടും വേനലാണ് അതിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ  കാമശാസ്ത്രം പഠിച്ച വൈശാലി പുറപ്പെടുകയാണ്. ഋഷ്യശൃംഗൻ, സ്ത്രീകളെ അറിഞ്ഞിട്ടില്ലാത്ത മുനികുമാരൻ. അദ്ദേഹം വന്നു യാഗം ചെയ്‌താൽ മാറുന്ന വരൾച്ചയ്ക്ക് വേണ്ടി അദ്ദേഹത്തെ വശീകരിക്കുകയാണ് വൈശാലിയുടെ ലക്‌ഷ്യം. അവളെ കാണുന്ന ഋഷ്യശൃംഗൻ അവളിൽ അനുരക്തനാവുകയും അവളുമായി ആടിപ്പാടുകയും ചെയ്യുന്നു. ഒടുവിൽ അദ്ദേഹത്തെ തന്റെ അംഗ രാജ്യത്തേക്ക് വൈശാലി കൂട്ടിക്കൊണ്ടു പോവുകയും . യാഗം നടത്തി മഴപെയ്യിക്കുകയും ചെയ്യുന്നു, ഋഷ്യശൃംഗനെ ലോമപാതൻ മകൾക്കു വരാനായി തീരുമാനിക്കുന്നതിൽ മനംനൊന്ത വൈശാലി നദിയായി ഒഴുകുന്നു.

ചിത്രീകരണത്തിന്റെ അവസാനഭാഗത്ത്, യാഗാവസാനം മഴ പെയ്യുന്നതിനുള്ള സെറ്റ് ഇട്ടിരുന്നു എങ്കിലും ആ സമയത്തു യഥാർത്ഥ മഴ പെയ്തു എന്ന് ഭരതന്റെ ഭാര്യ കെ. പി. എ. സി. ലളിതയും നടൻ ബാബുആന്റണയും പറഞ്ഞിട്ടുണ്ട്.ക്ലൈമാക്സ്‌ രംഗത്തു ചിത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി രണ്ടായിരത്തോളം വരുന്ന ആളുകൾ പങ്കെടുത്തിരുന്നു.

തൊണ്ണൂറുകളിലെ നായികാ നായക സങ്കല്പം ക്ലാസിക് എന്ന അക്ഷരം തെറ്റാതെ വിളിക്കാവുന്ന ഒരു നല്ല ചിത്രമായിരുന്നു വൈശാലി.എന്ന്എനിക്ക് അസന്നിഗ്ധമായി പറയാൻ കഴിയും.

ഒരു ചിത്രകാരനായ ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ
ഭരതൻ തന്റെ വൈശാലി എന്ന ചലച്ചിത്രം മലയാളികളുടെ മനസ്സിന്റെ ക്യാൻവാസിൽ ഒരിക്കലും മായ്ക്കാൻ കഴിയാത്ത വിധത്തിൽ വരച്ചു വെക്കുകയായിരുന്നു.

കുവൈറ്റിലെ അറിയപ്പെടുന്ന ചിത്രകല അദ്ധ്യാപകനും കവിതകളെ ചിത്ര രൂപത്തിൽ ആക്കി കാവ്യ ചിത്രകാരൻ എന്ന ഖ്യാതി നേടിയ ഇദ്ദേഹം നിരവധി ചിത്രകലാ പ്രദർശനങ്ങൾ നടത്തുകയും, കുവൈറ്റിലെ പ്രധാന ചിത്രകലാ മൽസരങ്ങളുടെ വിധികർത്താവും ആയി പ്രവർത്തിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ കുളനട സ്വദേശിയാണ്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!