January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ആശങ്ക ഒഴിയാതെ 2020

2019 –ന്റെ് അവസാനം ചൈനയിലെ വുഹാനിൽ നിന്നു് പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 എന്ന കുഞ്ഞൻ വൈറസിനെ തുരത്താൻ ലോകജനത ഒറ്റക്കെട്ടായി പോരാടുകയാണു്. ഈ മഹാവ്യാധിയുടെ പ്രത്യാഘാതങ്ങൾ നമ്മൾ ഓരോരുത്തരുടെയും ജീവിതത്തെ പലരീതിയിൽ സാരമായി ബാധിച്ചുയെന്നു പറയാതെ വയ്യ.

കുടുംബത്തിന്റെ് നെടുംതൂണായിരുന്നവർ,ഒരു സുപ്രഭാതത്തിൽ പെട്ടെന്നൊരുനാൾ ഇല്ലാതെയാകുമ്പോൾ അവിടെ ഉയർന്നുവരുന്ന സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകാൻ മനോധൈര്യമില്ലാതെയും,മറ്റുചിലർ സമൂഹം ഭ്രഷ്ട് കല്പിക്കുമോയെന്നു് ഭയന്നു്, ഹതാശരായി ആത്മഹൂതിയിൽ
അഭയം തേടുന്നു. ഇങ്ങനെ ആത്മഹത്യാ നിരക്കുകൾ ക്രമാതീതമായി വർദ്ധിക്കുന്നുയെന്ന വാർത്തകൾ ഞെട്ടലുളവാക്കുന്നു.

പല പ്രവാസി കുടുംബങ്ങളുടേയും സ്ഥിതി വ്യത്യസ്തമല്ല,മഹാവ്യാധി തങ്ങളുടെ സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തി, ജീവൻകവർന്നെടുത്തു കടന്നു പോയപ്പോൾ അനാഥമാക്കപ്പെട്ട അവരുടെ പ്രിയപ്പെട്ടവരുടെ തീരാവ്യഥക്കൊപ്പം മറ്റൊരു വശത്ത് തൊഴിൽ നഷ്ടമായവരും.

ഇനി മുൻപോട്ട് എങ്ങനെയെന്നു് പകച്ചു നിൽക്കുന്ന ഇവരുടെയെല്ലാം അവസ്ഥ തീർത്തും ദൗർഭാഗ്യകരമാണു്.

ഓൺലൈൻ ക്ലാസുകളിൽ കുട്ടികളെ തനിച്ചാക്കി,ജോലിക്കു പോകുന്ന മാതാപിതാക്കളുടെ മാനസികസംഘർഷവും ചെറുതല്ല.

മാസ്ക് ശരിയായ രീതിയിൽ ധരിക്കേണ്ടതിന്റെയും,സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും പ്രസക്തി നാൾക്കുനാൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ,അശ്രദ്ധ അപകടം ക്ഷണിച്ചു വരുത്തും എന്നറിഞ്ഞിട്ടും ,രോഗവ്യാപന നിരക്ക് ഇത്രയേറെ കൂടിയിട്ടും, ഇതൊന്നും തങ്ങൾക്കു ബാധകമല്ലന്ന മട്ടിൽ ചുരുക്കം ചിലരെങ്കിലും
ഇതെല്ലാം പാടെ അവഗണിക്കുന്നു എന്നതും ദുഃഖകരമായ വസ്തുതയാണ്

ഉറക്കമില്ലായ്‌മ,നേരിയതോതിൽ രക്തസമ്മർദ്ദ വർദ്ധന,അമിതക്ഷീണം,തലവേദന ഇവയൊക്കെ മാസങ്ങൾക്കു ശേഷവും അലട്ടുന്നുണ്ടന്നു രോഗവിമുക്തി നേടിയ അടുത്ത ചില സുഹൃത്തുക്കൾ സ്വകാര്യസംഭാഷണത്തിനിടെ തെല്ലുഭീതിയോടെ പങ്കുവെച്ച കാര്യങ്ങളാണ്

ഇത്തരമൊരു സങ്കീർണതക്ക് ശാസ്ത്രീയടിസ്ഥാനത്തിൽ
തെളിവുണ്ടോ എന്നറിയാത്ത ടത്തോളം,ഗവേഷകർ ഇവയെല്ലാം പഠനവിധേയമാക്കുന്നുണ്ട് എന്നു് അനുമാനിക്കാം.

‘ഇവയ്ക്കെല്ലാം ശാശ്വതപരിഹാരം എന്ത്?’ എന്ന ചോദ്യം ആശങ്കയുണർത്തി നമുക്കു മുന്നിൽ നിൽക്കുമ്പോൾ,
പ്രതിരോധമരുന്നിന്റെ പരീക്ഷണം ദ്രുതഗതിയിൽ പുരോഗമിക്കുന്നുയെന്നു പുറത്തുവരുന്ന വാർത്തകൾ ഏറെ ആശാവഹവും, ആശ്വാസവുമാണെന്നു് നിസ്സംശയം പറയാം.

റീന സാറ

എറണാകുളം ജില്ലയിലെ പിറവം സ്വദേശിനിയായ റീന സാറാ വർഗീസ് ‘ ആത്മാവിൻറെ താളുകൾ ‘ എന്ന ബ്ലോഗിലും ഫേസ്ബുക്കിലും എഴുതുന്നു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!